2 കൊരിന്ത്യർ 7:1-4
2 കൊരിന്ത്യർ 7:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക. നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്ക് ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തിയിട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. കുറ്റം വിധിക്കുവാനല്ല ഞാൻ ഇതു പറയുന്നത്; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്ന് ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളോട് എനിക്കുള്ള പ്രാഗല്ഭ്യം വലിയത്; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയത്; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
2 കൊരിന്ത്യർ 7:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയപ്പെട്ട സ്നേഹിതരേ, ഈ വാഗ്ദാനങ്ങളെല്ലാം നമുക്കുള്ളതാകുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തെയോ ആത്മാവിനെയോ അശുദ്ധമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാം; ദൈവഭയമുള്ളവരായി ജീവിച്ച് നമ്മുടെ വിശുദ്ധി പൂർണമാക്കുകയും ചെയ്യാം. നിങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾക്ക് ഇടം തരിക. ഞങ്ങൾ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല; ആരെയും ഞങ്ങൾ നശിപ്പിച്ചിട്ടില്ല; ആരെയും ചൂഷണം ചെയ്തിട്ടുമില്ല. നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഞാനിതു പറയുന്നത്. ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, ഞങ്ങൾ ജീവിച്ചാലും മരിച്ചാലും ഞങ്ങൾക്ക് ഏറ്റവും പ്രിയങ്കരരാണു നിങ്ങൾ. നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടായിരിക്കും. നിങ്ങളിൽ എനിക്കു സുദൃഢമായ വിശ്വാസമുണ്ട്; നിങ്ങളിൽ ഞാൻ അത്യധികം അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും ഞാൻ തികച്ചും ധൈര്യമുള്ളവനായിരിക്കുന്നു; എന്റെ ആനന്ദം നിറഞ്ഞു കവിയുകയും ചെയ്യുന്നു.
2 കൊരിന്ത്യർ 7:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കുള്ളതുകൊണ്ട് ജഡത്തിലേയും ആത്മാവിലെയും സകല അശുദ്ധിയിൽ നിന്നും നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ പൂർണ്ണമാക്കുക. ഞങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിൽ ഇടം തരുവിൻ; ഞങ്ങൾ ആരോടെങ്കിലും അന്യായം ചെയ്യുകയോ, ആരെ എങ്കിലും വഴിതെറ്റിക്കുകയോ, ആരോടും ഒന്നും വഞ്ചിച്ചെടുക്കുകയോ ചെയ്തിട്ടില്ല. കുറ്റം വിധിക്കുവാനല്ല ഞാൻ ഇത് പറയുന്നത്; ഒരുമിച്ച് മരിക്കുവാനും ഒരുമിച്ച് ജീവിക്കുവാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളിൽ എനിക്കുള്ള ആത്മവിശ്വാസം മഹത്തരം; നിങ്ങളെക്കുറിച്ച് എന്‍റെ പ്രശംസ വലിയത്. ഞാൻ ആശ്വാസത്താൽ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എന്നിൽ കവിഞ്ഞിരിക്കുന്നു.
2 കൊരിന്ത്യർ 7:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക. നിങ്ങളുടെ ഉള്ളിൽ ഞങ്ങൾക്കു ഇടം തരുവിൻ; ഞങ്ങൾ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തീട്ടില്ല, ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല. കുറ്റം വിധിപ്പാനല്ല ഞാൻ ഇതു പറയുന്നതു; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഇരിക്കുന്നു എന്നു ഞാൻ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ. നിങ്ങളോടു എനിക്കുള്ള പ്രാഗത്ഭ്യം വലിയതു; നിങ്ങളെക്കുറിച്ചുള്ള എന്റെ പ്രശംസ വലിയതു; ഞാൻ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.
2 കൊരിന്ത്യർ 7:1-4 സമകാലിക മലയാളവിവർത്തനം (MCV)
പ്രിയസ്നേഹിതരേ, ഈ വാഗ്ദാനങ്ങൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂർണതയിലെത്തിച്ചേരാം. നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല. നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. എനിക്കു നിങ്ങളിൽ പരിപൂർണവിശ്വാസമുണ്ട്. നിങ്ങളെ സംബന്ധിച്ച് ഞാൻ അത്യന്തം അഭിമാനിക്കുന്നു. ഞാൻ വളരെ പ്രോത്സാഹിതനായിരിക്കുന്നു. ഞങ്ങളുടെ കഷ്ടതകളിലെല്ലാം നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് അളവറ്റ ആനന്ദം ഉണ്ട്.