2 KORINTH 7

7
1പ്രിയപ്പെട്ട സ്നേഹിതരേ, ഈ വാഗ്ദാനങ്ങളെല്ലാം നമുക്കുള്ളതാകുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തെയോ ആത്മാവിനെയോ അശുദ്ധമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാം; ദൈവഭയമുള്ളവരായി ജീവിച്ച് നമ്മുടെ വിശുദ്ധി പൂർണമാക്കുകയും ചെയ്യാം.
പൗലൊസിന്റെ സന്തോഷം
2നിങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾക്ക് ഇടം തരിക. ഞങ്ങൾ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല; ആരെയും ഞങ്ങൾ നശിപ്പിച്ചിട്ടില്ല; ആരെയും ചൂഷണം ചെയ്തിട്ടുമില്ല. 3നിങ്ങളെ കുറ്റം വിധിക്കുവാനല്ല ഞാനിതു പറയുന്നത്. ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതുപോലെ, ഞങ്ങൾ ജീവിച്ചാലും മരിച്ചാലും ഞങ്ങൾക്ക് ഏറ്റവും പ്രിയങ്കരരാണു നിങ്ങൾ. നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളിൽ ഉണ്ടായിരിക്കും. 4നിങ്ങളിൽ എനിക്കു സുദൃഢമായ വിശ്വാസമുണ്ട്; നിങ്ങളിൽ ഞാൻ അത്യധികം അഭിമാനംകൊള്ളുകയും ചെയ്യുന്നു. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും ഞാൻ തികച്ചും ധൈര്യമുള്ളവനായിരിക്കുന്നു; എന്റെ ആനന്ദം നിറഞ്ഞു കവിയുകയും ചെയ്യുന്നു.
5ഞങ്ങൾ മാസിഡോണിയയിൽ എത്തിയിട്ടും ഒരു വിശ്രമവുമില്ലായിരുന്നു. എങ്ങോട്ടു തിരിഞ്ഞാലും ഉപദ്രവങ്ങൾ; പുറത്ത് ശണ്ഠകൾ, അകത്ത് ആശങ്ക. 6എന്നാൽ മനസ്സിടിഞ്ഞവരെ ആശ്വസിപ്പിക്കുന്നവനായ ദൈവം, തീത്തോസിന്റെ ആഗമനം മൂലം എന്നെ ആശ്വസിപ്പിച്ചു. 7തീത്തോസിന്റെ വരവുമാത്രമല്ല, നിങ്ങൾ അയാളെ എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്ന് അയാൾ ഞങ്ങളോടു പറഞ്ഞതും ഞങ്ങൾക്ക് ആശ്വാസം നല്‌കി. എന്നെ കാണാൻ നിങ്ങൾ എത്രമാത്രം അഭിവാഞ്ഛിക്കുന്നു എന്നും, നിങ്ങൾ എത്രമാത്രം ദുഃഖിതരാണെന്നും, എന്റെ കാര്യത്തിൽ നിങ്ങൾക്ക് എത്ര തീവ്രമായ താത്പര്യമുണ്ടെന്നും തീത്തോസ് ഞങ്ങളോടു പറഞ്ഞു. അതുകൊണ്ട് എനിക്ക് ഇപ്പോൾ അത്യധികമായ സന്തോഷമുണ്ട്.
8ഞാൻ അയച്ച കത്ത് നിങ്ങളെ ദുഃഖിപ്പിച്ചെങ്കിൽത്തന്നെയും എനിക്കതിൽ സങ്കടമില്ല. അല്പകാലത്തേക്കാണെങ്കിൽപോലും ആ കത്ത് നിങ്ങൾക്കു ദുഃഖത്തിനു കാരണമായി എന്നു കണ്ടപ്പോൾ ആദ്യം ഞാൻ വ്യസനിച്ചു. എന്നാൽ ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. 9നിങ്ങളെ ഞാൻ ദുഃഖിപ്പിച്ചതുകൊണ്ടല്ല, പിന്നെയോ നിങ്ങൾ അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുവാൻ നിങ്ങളുടെ ദുഃഖം കാരണമായിത്തീർന്നതുകൊണ്ടുതന്നെ. ആ ദുഃഖത്തെ ദൈവം ഉപയോഗിച്ചു. അതുകൊണ്ട് ഞങ്ങൾ നിമിത്തം നിങ്ങൾക്ക് ഒരു ദോഷവും ഉണ്ടായില്ല. 10എന്തുകൊണ്ടെന്നാൽ ദൈവം ഉപയോഗിച്ച ദുഃഖം രക്ഷയിലേക്കു നയിക്കുന്ന അനുതാപഹൃദയം ഉളവാക്കി. അതിൽ സങ്കടപ്പെടാൻ എന്തിരിക്കുന്നു? എന്നാൽ കേവലം ലൗകികദുഃഖം മരണത്തിന് കാരണമായി ഭവിക്കുന്നു. 11നിങ്ങളുടെ ഈ ദുഃഖംകൊണ്ട് ദൈവം നിങ്ങളെ എത്ര ഉത്സാഹമുള്ളവരാക്കി! നിങ്ങൾ നിർദോഷികൾ എന്നു തെളിയിക്കുവാൻ എത്രമാത്രം ഔത്സുക്യം ഉളവാക്കി! അതുപോലെതന്നെ എത്ര ധാർമികരോഷവും എത്ര അമ്പരപ്പും എത്ര അത്യാകാംക്ഷയും എത്ര ശുഷ്കാന്തിയും ദുഷ്പ്രവൃത്തിക്കു ശിക്ഷ നല്‌കാനുള്ള സന്നദ്ധതയും നിങ്ങളിൽ ജനിപ്പിച്ചു! എല്ലാ കാര്യത്തിലും കുറ്റമറ്റവരാണെന്നു നിങ്ങൾ തന്നെ തെളിയിച്ചിരിക്കുന്നു.
12അതുകൊണ്ട് ആ കത്തു ഞാൻ എഴുതിയത് അന്യായം ചെയ്തവനെ ഉദ്ദേശിച്ചോ, അന്യായത്തിനു വിധേയനായവനെ ഉദ്ദേശിച്ചോ അല്ല; മറിച്ച്, ഞങ്ങളോടുള്ള നിങ്ങളുടെ കൂറും വിശ്വസ്തതയും യഥാർഥത്തിൽ എത്ര ആഴമേറിയതാണെന്നു ദൈവമുമ്പാകെ വ്യക്തമാക്കുന്നതിനാണ്. 13അതുകൊണ്ട് ഞങ്ങൾക്കു പ്രോത്സാഹനം ലഭിക്കുകയും ചെയ്തു.
അതിനു പുറമേ നിങ്ങളുടെ എല്ലാവരുടെയും സഹായത്താൽ തന്റെ യാത്രയിൽ തീത്തോസിനുണ്ടായ സന്തോഷം ഞങ്ങൾക്ക് ആനന്ദം ഉളവാക്കുകയും ചെയ്തു. 14ഞാൻ അയാളോടു നിങ്ങളെപ്പറ്റി പ്രശംസിച്ചു. അതിൽ എനിക്കു ലജ്ജിക്കേണ്ടി വന്നില്ല. എല്ലായ്പോഴും ഞങ്ങൾ നിങ്ങളോടു സത്യമാണു സംസാരിച്ചിട്ടുള്ളത്. അതുപോലെതന്നെ തീത്തോസിനോടു നിങ്ങളെപ്പറ്റി ശ്ലാഘിച്ചു സംസാരിച്ചതും സത്യമാണെന്നു തെളിഞ്ഞിരിക്കുന്നു. 15നിങ്ങൾ എല്ലാവരും അയാളുടെ ഉപദേശം ഭയത്തോടും വിറയലോടും അനുസരിച്ചു എന്നുള്ളതും എങ്ങനെ അയാളെ സ്വീകരിച്ചു എന്നുള്ളതും ഓർക്കുമ്പോൾ അയാൾക്കു നിങ്ങളോടുള്ള സ്നേഹം അത്യന്തം വർധിക്കുന്നു. 16നിങ്ങളെ എനിക്കു പൂർണമായി വിശ്വസിക്കുവാൻ കഴിയും എന്നുള്ളതിനാൽ ഞാൻ എത്രമാത്രം സന്തുഷ്ടനായിരിക്കുന്നു!

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 KORINTH 7: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക