2 KORINTH 6

6
1നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ദൈവകൃപ അവഗണിച്ചു കളയരുതെന്നു ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. 2ദൈവം അരുൾചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുക:
നിന്നോടു സംപ്രീതി കാട്ടേണ്ട സമയം വന്നപ്പോൾ ഞാൻ നിങ്കലേക്ക് എന്റെ ശ്രദ്ധ തിരിച്ചു;
നിന്നെ രക്ഷിക്കേണ്ട ആ ദിവസം ഞാൻ നിന്നെ സഹായിക്കുകയും ചെയ്തു.
കൃപയുടെ സമയം ഇതാണ്; രക്ഷിക്കപ്പെടുവാനുള്ള ദിവസം ഇതുതന്നെ!
3ഞങ്ങൾ ആർക്കും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. ആരും ഞങ്ങളുടെ ശുശ്രൂഷയിൽ ഒരു കുറവും ചൂണ്ടിക്കാണിക്കരുതല്ലോ. 4പീഡനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ക്ഷമയോടുകൂടി സഹിച്ചുകൊണ്ട് ഞങ്ങൾ എല്ലാറ്റിലും ദൈവത്തിന്റെ ദാസന്മാർ എന്നു തെളിയിക്കുന്നു. 5ഞങ്ങൾ അടികൊണ്ടു, തടവിലാക്കപ്പെട്ടു, ലഹളകളിലകപ്പെട്ടു; കഠിനമായി അധ്വാനിച്ചു, ഉറക്കമിളച്ചു, പട്ടിണി കിടന്നു. 6ഞങ്ങൾ നിർമ്മലതയും, ജ്ഞാനവും, ക്ഷമയും, ദയയുംകൊണ്ട് ദൈവത്തിന്റെ ദാസന്മാർ എന്നു തെളിയിക്കുന്നു- 7പരിശുദ്ധാത്മാവുകൊണ്ടും, യഥാർഥമായ സ്നേഹംകൊണ്ടും ഞങ്ങൾ അറിയിക്കുന്ന സത്യത്തിന്റെ സന്ദേശംകൊണ്ടും, ദൈവത്തിന്റെ ശക്തികൊണ്ടും തന്നെ. ഇടത്തുകൈയിലും വലത്തുകൈയിലും നീതി എന്ന ആയുധം ഞങ്ങൾ വഹിക്കുന്നു. 8ഞങ്ങൾ ബഹുമാനിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു; അതുപോലെ ദുഷിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നു. വ്യാജം പറയുന്നവരോടെന്നവണ്ണം ഞങ്ങളോടു പെരുമാറുന്നെങ്കിലും ഞങ്ങൾ സത്യം പ്രസ്താവിക്കുന്നു; 9അപരിചിതരെപ്പോലെയാണെങ്കിലും ഞങ്ങളെ എല്ലാവരും അറിയുന്നു; ഞങ്ങൾ മരിച്ചവരെപ്പോലെ ആയിത്തീർന്നിട്ടും ഞങ്ങൾ ജീവിക്കുന്നു; ഞങ്ങൾ ശിക്ഷിക്കപ്പെട്ടു, പക്ഷേ വധിക്കപ്പെട്ടില്ല. 10ദുഃഖിതരാണെങ്കിലും ഞങ്ങൾ എപ്പോഴും സന്തോഷിക്കുന്നു; ദരിദ്രരാണെങ്കിലും ഞങ്ങൾ അനേകമാളുകളെ സമ്പന്നരാക്കുന്നു; അന്യരുടെ ദൃഷ്‍ടിയിൽ ഒന്നുമില്ലെന്നു തോന്നിയാലും ഞങ്ങൾക്ക് എല്ലാമുണ്ട്.
11കൊരിന്തിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളോടു ഞങ്ങൾ തുറന്നു സംസാരിച്ചിരിക്കുന്നു; ഞങ്ങളുടെ ഹൃദയം തുറന്നു കാട്ടുകയും ചെയ്തു. 12ഞങ്ങളല്ല നിങ്ങളുടെ നേരേ ഹൃദയം കൊട്ടിയടച്ചത്; നിങ്ങൾതന്നെ നിങ്ങളുടെ ഹൃദയം ഞങ്ങളുടെ നേരേ അടച്ചുകളഞ്ഞു. 13മക്കളോടെന്നവണ്ണം ഞങ്ങൾ ഇപ്പോൾ നിങ്ങളോടു പറയുന്നു: ഞങ്ങൾക്കു നിങ്ങളോടുള്ള അതേ മമത നിങ്ങൾ ഞങ്ങളോടും കാണിക്കും; നിങ്ങളുടെ ഹൃദയത്തിന്റെ കവാടം വിശാലമായി തുറക്കുക!
ജീവിക്കുന്ന ദൈവത്തിന്റെ മന്ദിരം
14തുല്യനിലയിലുള്ളവരെന്നു കരുതി അവിശ്വാസികളോടു കൂട്ടുചേരരുത്; ധർമവും അധർമവും തമ്മിൽ എന്താണു ബന്ധം? ഇരുളും വെളിച്ചവും എങ്ങനെ ഒരുമിച്ചു വസിക്കും? 15ക്രിസ്തുവിന്റെയും പിശാചിന്റെയും മനസ്സ് എങ്ങനെ യോജിക്കും? വിശ്വാസിക്കും അവിശ്വാസിക്കും പൊതുവായി എന്താണുള്ളത്? 16ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണു നാം. ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്:
എന്റെ ജനത്തോടൊന്നിച്ചു ഞാൻ വസിക്കും;
അവരുടെ ഇടയിൽ ഞാൻ സഞ്ചരിക്കും;
ഞാൻ അവരുടെ ദൈവമായിരിക്കും;
അവർ എന്റെ ജനവും.
17അതുകൊണ്ടു കർത്താവു പറയുന്നു:
നിങ്ങൾ അവരെ വിട്ടുപിരിഞ്ഞ്
അവരിൽനിന്ന് അകന്നിരിക്കണം;
അശുദ്ധമായതിനോടു നിങ്ങൾക്കൊരു കാര്യവുമില്ല;
എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.
18ഞാൻ നിങ്ങളുടെ പിതാവും
നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും
ആയിരിക്കുകയും ചെയ്യും
എന്നു സർവശക്തനായ കർത്താവ് അരുൾചെയ്യുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 KORINTH 6: malclBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക