2 കൊരിന്ത്യർ 6:4-10

2 കൊരിന്ത്യർ 6:4-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ട്, സങ്കടം, തല്ല്, തടവ്, കലഹം, അധ്വാനം, ഉറക്കിളപ്പ്, പട്ടിണി, നിർമ്മലത, പരിജ്ഞാനം, ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവ്, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ട് മാനാപമാനങ്ങളും ദുഷ്കീർത്തിസല്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നെ.

2 കൊരിന്ത്യർ 6:4-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പീഡനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ക്ഷമയോടുകൂടി സഹിച്ചുകൊണ്ട് ഞങ്ങൾ എല്ലാറ്റിലും ദൈവത്തിന്റെ ദാസന്മാർ എന്നു തെളിയിക്കുന്നു. ഞങ്ങൾ അടികൊണ്ടു, തടവിലാക്കപ്പെട്ടു, ലഹളകളിലകപ്പെട്ടു; കഠിനമായി അധ്വാനിച്ചു, ഉറക്കമിളച്ചു, പട്ടിണി കിടന്നു. ഞങ്ങൾ നിർമ്മലതയും, ജ്ഞാനവും, ക്ഷമയും, ദയയുംകൊണ്ട് ദൈവത്തിന്റെ ദാസന്മാർ എന്നു തെളിയിക്കുന്നു- പരിശുദ്ധാത്മാവുകൊണ്ടും, യഥാർഥമായ സ്നേഹംകൊണ്ടും ഞങ്ങൾ അറിയിക്കുന്ന സത്യത്തിന്റെ സന്ദേശംകൊണ്ടും, ദൈവത്തിന്റെ ശക്തികൊണ്ടും തന്നെ. ഇടത്തുകൈയിലും വലത്തുകൈയിലും നീതി എന്ന ആയുധം ഞങ്ങൾ വഹിക്കുന്നു. ഞങ്ങൾ ബഹുമാനിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു; അതുപോലെ ദുഷിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നു. വ്യാജം പറയുന്നവരോടെന്നവണ്ണം ഞങ്ങളോടു പെരുമാറുന്നെങ്കിലും ഞങ്ങൾ സത്യം പ്രസ്താവിക്കുന്നു; അപരിചിതരെപ്പോലെയാണെങ്കിലും ഞങ്ങളെ എല്ലാവരും അറിയുന്നു; ഞങ്ങൾ മരിച്ചവരെപ്പോലെ ആയിത്തീർന്നിട്ടും ഞങ്ങൾ ജീവിക്കുന്നു; ഞങ്ങൾ ശിക്ഷിക്കപ്പെട്ടു, പക്ഷേ വധിക്കപ്പെട്ടില്ല. ദുഃഖിതരാണെങ്കിലും ഞങ്ങൾ എപ്പോഴും സന്തോഷിക്കുന്നു; ദരിദ്രരാണെങ്കിലും ഞങ്ങൾ അനേകമാളുകളെ സമ്പന്നരാക്കുന്നു; അന്യരുടെ ദൃഷ്‍ടിയിൽ ഒന്നുമില്ലെന്നു തോന്നിയാലും ഞങ്ങൾക്ക് എല്ലാമുണ്ട്.

2 കൊരിന്ത്യർ 6:4-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരായി ഏൽപ്പിക്കുന്നു; ബഹുസഹിഷ്ണുതയിലും, കഷ്ടതയിലും, ബുദ്ധിമുട്ടിലും, സങ്കടത്തിലും, തല്ലിലും, തടവിലും, കലഹത്തിലും, അദ്ധ്വാനത്തിലും, ഉറക്കിളപ്പിലും, പട്ടിണിയിലും, നിർമ്മലതയാലും, പരിജ്ഞാനത്താലും, ദീർഘക്ഷമയാലും, ദയയാലും, പരിശുദ്ധാത്മാവിനാലും, നിർവ്യാജസ്നേഹത്താലും, സത്യവചനത്താലും, ദൈവശക്തിയാലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങളാലും, മാനാപമാനങ്ങളാലും ദുഷ്കീർത്തിസൽക്കീർത്തികളാലും സത്യവാന്മാർ എങ്കിലും ചതിയന്മാരായി, എല്ലാവരും നല്ലവണ്ണം അറിയുന്നവർ എങ്കിലും ആരും അറിയാത്തവരായി, ഇതാ, ഞങ്ങൾ ജീവിക്കുന്നവരെങ്കിലും മരിക്കുന്നവരായി, കൊല്ലപ്പെടാത്തവർ എങ്കിലും ശിക്ഷിക്കപ്പെട്ടവരായി, സന്തോഷിക്കുന്നവർ എങ്കിലും ദുഃഖിതരായി, പലരെയും സമ്പന്നർ ആക്കുന്നവർ എങ്കിലും ദരിദ്രരായി, എല്ലാം കൈവശമുള്ളവരെങ്കിലും ഒന്നും ഇല്ലാത്തവർ ആയിത്തന്നെ.

2 കൊരിന്ത്യർ 6:4-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം, ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.

2 കൊരിന്ത്യർ 6:4-10 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങൾ ചെയ്യുന്ന സകലത്തിലൂടെയും ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകരാണ് ഞങ്ങൾ എന്നു തെളിയിക്കുന്നു. കഷ്ടതകളും ഞെരുക്കങ്ങളും എല്ലാവിധത്തിലുമുള്ള വിപത്തുകളും ഞങ്ങൾ ക്ഷമയോടെ സഹിച്ചു, ഞങ്ങൾ അടിയേറ്റു; കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു; ക്രുദ്ധജനത്തിന്റെ ലഹളയെ അഭിമുഖീകരിച്ചു; അധ്വാനത്താൽ പരിക്ഷീണിതരായി; ഉറക്കമില്ലാതെ രാത്രികൾ ചെലവഴിച്ചു; പട്ടിണിയിലായി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ആത്മാർഥസ്നേഹത്തിലൂടെയും ഞങ്ങളുടെ നിർമല ജീവിതത്തിലൂടെയും വിവേകത്തോടെയുള്ള പെരുമാറ്റത്തിലൂടെയും ക്ഷമാശീലത്തിലൂടെയും ദയയിലൂടെയും ഞങ്ങൾ ആരാണെന്നു തെളിയിച്ചു. സത്യസന്ധമായ സംഭാഷണത്തിലും ദൈവത്തിന്റെ ശക്തിയിലും നിലകൊണ്ട്, ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ വഹിച്ചുകൊണ്ട്, ആദരവിലൂടെയും അനാദരവിലൂടെയും ദുഷ്കീർത്തിയിലൂടെയും സൽകീർത്തിയിലൂടെയും ഞങ്ങൾ കടന്നുപോകുന്നു; പരമാർഥികളെങ്കിലും വഞ്ചകരായും പ്രസിദ്ധരെങ്കിലും അപ്രസിദ്ധരെപ്പോലെയും കരുതപ്പെടുന്നു. ഞങ്ങൾ മരിക്കുന്നെങ്കിലും ജീവിക്കുന്നു. അടികൊള്ളുന്നെങ്കിലും കൊല്ലപ്പെടുന്നില്ല. ദുഃഖിതരെങ്കിലും എപ്പോഴും ആനന്ദിക്കുന്നു. ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം ഉള്ളവർതന്നെ.