2 കൊരിന്ത്യർ 6:1-18

2 കൊരിന്ത്യർ 6:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചത് വ്യർഥമായിത്തീരരുത് എന്ന് ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. “പ്രസാദകാലത്തു ഞാൻ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്ന് അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം. ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിനു ഞങ്ങൾ ഒന്നിലും ഇടർച്ചയ്ക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ട്, സങ്കടം, തല്ല്, തടവ്, കലഹം, അധ്വാനം, ഉറക്കിളപ്പ്, പട്ടിണി, നിർമ്മലത, പരിജ്ഞാനം, ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവ്, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ട് മാനാപമാനങ്ങളും ദുഷ്കീർത്തിസല്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നെ. അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായ് നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്ക് ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളത്. ഇതിനു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്ന് ഞാൻ മക്കളോട് എന്നപോലെ നിങ്ങളോടു പറയുന്നു. നിങ്ങൾ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്; നീതിക്കും അധർമത്തിനും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന് ഇരുളോട് എന്തോരു കൂട്ടായ്മ? ക്രിസ്തുവിനും ബെലീയാലിനും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? ദൈവാലയത്തിനു വിഗ്രഹങ്ങളോട് എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ട് “അവരുടെ നടുവിൽനിന്നു പുറപ്പെട്ടു വേർപെട്ടിരിപ്പിൻ എന്ന് കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.

2 കൊരിന്ത്യർ 6:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ദൈവകൃപ അവഗണിച്ചു കളയരുതെന്നു ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. ദൈവം അരുൾചെയ്യുന്നത് എന്താണെന്നു ശ്രദ്ധിക്കുക: നിന്നോടു സംപ്രീതി കാട്ടേണ്ട സമയം വന്നപ്പോൾ ഞാൻ നിങ്കലേക്ക് എന്റെ ശ്രദ്ധ തിരിച്ചു; നിന്നെ രക്ഷിക്കേണ്ട ആ ദിവസം ഞാൻ നിന്നെ സഹായിക്കുകയും ചെയ്തു. കൃപയുടെ സമയം ഇതാണ്; രക്ഷിക്കപ്പെടുവാനുള്ള ദിവസം ഇതുതന്നെ! ഞങ്ങൾ ആർക്കും പ്രതിബന്ധം ഉണ്ടാക്കുന്നില്ല. ആരും ഞങ്ങളുടെ ശുശ്രൂഷയിൽ ഒരു കുറവും ചൂണ്ടിക്കാണിക്കരുതല്ലോ. പീഡനങ്ങളും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ക്ഷമയോടുകൂടി സഹിച്ചുകൊണ്ട് ഞങ്ങൾ എല്ലാറ്റിലും ദൈവത്തിന്റെ ദാസന്മാർ എന്നു തെളിയിക്കുന്നു. ഞങ്ങൾ അടികൊണ്ടു, തടവിലാക്കപ്പെട്ടു, ലഹളകളിലകപ്പെട്ടു; കഠിനമായി അധ്വാനിച്ചു, ഉറക്കമിളച്ചു, പട്ടിണി കിടന്നു. ഞങ്ങൾ നിർമ്മലതയും, ജ്ഞാനവും, ക്ഷമയും, ദയയുംകൊണ്ട് ദൈവത്തിന്റെ ദാസന്മാർ എന്നു തെളിയിക്കുന്നു- പരിശുദ്ധാത്മാവുകൊണ്ടും, യഥാർഥമായ സ്നേഹംകൊണ്ടും ഞങ്ങൾ അറിയിക്കുന്ന സത്യത്തിന്റെ സന്ദേശംകൊണ്ടും, ദൈവത്തിന്റെ ശക്തികൊണ്ടും തന്നെ. ഇടത്തുകൈയിലും വലത്തുകൈയിലും നീതി എന്ന ആയുധം ഞങ്ങൾ വഹിക്കുന്നു. ഞങ്ങൾ ബഹുമാനിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു; അതുപോലെ ദുഷിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്യുന്നു. വ്യാജം പറയുന്നവരോടെന്നവണ്ണം ഞങ്ങളോടു പെരുമാറുന്നെങ്കിലും ഞങ്ങൾ സത്യം പ്രസ്താവിക്കുന്നു; അപരിചിതരെപ്പോലെയാണെങ്കിലും ഞങ്ങളെ എല്ലാവരും അറിയുന്നു; ഞങ്ങൾ മരിച്ചവരെപ്പോലെ ആയിത്തീർന്നിട്ടും ഞങ്ങൾ ജീവിക്കുന്നു; ഞങ്ങൾ ശിക്ഷിക്കപ്പെട്ടു, പക്ഷേ വധിക്കപ്പെട്ടില്ല. ദുഃഖിതരാണെങ്കിലും ഞങ്ങൾ എപ്പോഴും സന്തോഷിക്കുന്നു; ദരിദ്രരാണെങ്കിലും ഞങ്ങൾ അനേകമാളുകളെ സമ്പന്നരാക്കുന്നു; അന്യരുടെ ദൃഷ്‍ടിയിൽ ഒന്നുമില്ലെന്നു തോന്നിയാലും ഞങ്ങൾക്ക് എല്ലാമുണ്ട്. കൊരിന്തിലുള്ള പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങളോടു ഞങ്ങൾ തുറന്നു സംസാരിച്ചിരിക്കുന്നു; ഞങ്ങളുടെ ഹൃദയം തുറന്നു കാട്ടുകയും ചെയ്തു. ഞങ്ങളല്ല നിങ്ങളുടെ നേരേ ഹൃദയം കൊട്ടിയടച്ചത്; നിങ്ങൾതന്നെ നിങ്ങളുടെ ഹൃദയം ഞങ്ങളുടെ നേരേ അടച്ചുകളഞ്ഞു. മക്കളോടെന്നവണ്ണം ഞങ്ങൾ ഇപ്പോൾ നിങ്ങളോടു പറയുന്നു: ഞങ്ങൾക്കു നിങ്ങളോടുള്ള അതേ മമത നിങ്ങൾ ഞങ്ങളോടും കാണിക്കും; നിങ്ങളുടെ ഹൃദയത്തിന്റെ കവാടം വിശാലമായി തുറക്കുക! തുല്യനിലയിലുള്ളവരെന്നു കരുതി അവിശ്വാസികളോടു കൂട്ടുചേരരുത്; ധർമവും അധർമവും തമ്മിൽ എന്താണു ബന്ധം? ഇരുളും വെളിച്ചവും എങ്ങനെ ഒരുമിച്ചു വസിക്കും? ക്രിസ്തുവിന്റെയും പിശാചിന്റെയും മനസ്സ് എങ്ങനെ യോജിക്കും? വിശ്വാസിക്കും അവിശ്വാസിക്കും പൊതുവായി എന്താണുള്ളത്? ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണു നാം. ദൈവം തന്നെ പറയുന്നത് ഇങ്ങനെയാണ്: എന്റെ ജനത്തോടൊന്നിച്ചു ഞാൻ വസിക്കും; അവരുടെ ഇടയിൽ ഞാൻ സഞ്ചരിക്കും; ഞാൻ അവരുടെ ദൈവമായിരിക്കും; അവർ എന്റെ ജനവും. അതുകൊണ്ടു കർത്താവു പറയുന്നു: നിങ്ങൾ അവരെ വിട്ടുപിരിഞ്ഞ് അവരിൽനിന്ന് അകന്നിരിക്കണം; അശുദ്ധമായതിനോടു നിങ്ങൾക്കൊരു കാര്യവുമില്ല; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും. ഞാൻ നിങ്ങളുടെ പിതാവും നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആയിരിക്കുകയും ചെയ്യും എന്നു സർവശക്തനായ കർത്താവ് അരുൾചെയ്യുന്നു.

2 കൊരിന്ത്യർ 6:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അതുകൊണ്ട് സഹപ്രവർത്തകരായ ഞങ്ങൾ നിങ്ങൾക്ക് ദൈവത്തിന്‍റെ കൃപ ലഭിച്ചത് വ്യർത്ഥമായിത്തീരരുത് എന്നു അപേക്ഷിക്കുന്നു. “പ്രസാദകാലത്ത് ഞാൻ നിങ്ങളെ കേട്ടു; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു പ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം. ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് ഞങ്ങൾ ഒന്നിലും ഇടർച്ചയ്ക്കു കാരണം ആകാതെ, സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരായി ഏൽപ്പിക്കുന്നു; ബഹുസഹിഷ്ണുതയിലും, കഷ്ടതയിലും, ബുദ്ധിമുട്ടിലും, സങ്കടത്തിലും, തല്ലിലും, തടവിലും, കലഹത്തിലും, അദ്ധ്വാനത്തിലും, ഉറക്കിളപ്പിലും, പട്ടിണിയിലും, നിർമ്മലതയാലും, പരിജ്ഞാനത്താലും, ദീർഘക്ഷമയാലും, ദയയാലും, പരിശുദ്ധാത്മാവിനാലും, നിർവ്യാജസ്നേഹത്താലും, സത്യവചനത്താലും, ദൈവശക്തിയാലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങളാലും, മാനാപമാനങ്ങളാലും ദുഷ്കീർത്തിസൽക്കീർത്തികളാലും സത്യവാന്മാർ എങ്കിലും ചതിയന്മാരായി, എല്ലാവരും നല്ലവണ്ണം അറിയുന്നവർ എങ്കിലും ആരും അറിയാത്തവരായി, ഇതാ, ഞങ്ങൾ ജീവിക്കുന്നവരെങ്കിലും മരിക്കുന്നവരായി, കൊല്ലപ്പെടാത്തവർ എങ്കിലും ശിക്ഷിക്കപ്പെട്ടവരായി, സന്തോഷിക്കുന്നവർ എങ്കിലും ദുഃഖിതരായി, പലരെയും സമ്പന്നർ ആക്കുന്നവർ എങ്കിലും ദരിദ്രരായി, എല്ലാം കൈവശമുള്ളവരെങ്കിലും ഒന്നും ഇല്ലാത്തവർ ആയിത്തന്നെ. അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായ് നിങ്ങളോട് തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളാൽ നിങ്ങൾ വിലക്കപ്പെട്ടിട്ടില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ നിങ്ങൾ വിലക്കപ്പെട്ടിരിക്കുന്നു. ഇതിന് യോഗ്യമായ പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിക്കുവിൻ എന്നു ഞാൻ മക്കളോട് എന്നപോലെ നിങ്ങളോട് പറയുന്നു. നിങ്ങൾ അവിശ്വാസികളുമായി ചേർച്ചയില്ലാത്തവിധം കൂടിയോജിക്കരുത്; എന്തെന്നാൽ, നീതിക്കും അധർമ്മത്തിനും തമ്മിൽ എന്ത് പങ്കാളിത്തം ആണുള്ളത്? അല്ല, വെളിച്ചത്തിന് ഇരുളിനോട് എന്ത് കൂട്ടായ്മയാണുള്ളത്? ക്രിസ്തുവിന് ബെലീയാലിനോട് എന്ത് യോജിപ്പ്? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി? ദൈവാലയത്തിന് വിഗ്രഹങ്ങളോട് എന്ത് ഉടമ്പടി? നാം ജീവനുള്ള ദൈവത്തിന്‍റെ ആലയമല്ലോ, “ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും; ഞാൻ അവർക്ക് ദൈവവും അവർ എന്‍റെ ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ട്, “അവരുടെ നടുവിൽനിന്ന് പുറപ്പെട്ടു വേർപെട്ടിരിക്കുവിൻ എന്നു കർത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ട് നിങ്ങൾക്ക് പിതാവും നിങ്ങൾ എനിക്ക് പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.

2 കൊരിന്ത്യർ 6:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങൾക്കു ദൈവത്തിന്റെ കൃപ ലഭിച്ചതു വ്യർത്ഥമായിത്തീരരുതു എന്നു ഞങ്ങൾ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു. “പ്രസാദകാലത്തു ഞാൻ നിനക്കു ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു” എന്നു അവൻ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോൾ ആകുന്നു സുപ്രസാദകാലം; ഇപ്പോൾ ആകുന്നു രക്ഷാദിവസം. ശുശ്രൂഷെക്കു ആക്ഷേപം വരാതിരിക്കേണ്ടതിന്നു ഞങ്ങൾ ഒന്നിലും ഇടർച്ചെക്കു ഹേതു കൊടുക്കാതെ സകലത്തിലും ഞങ്ങളെത്തന്നേ ദൈവത്തിന്റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണത, കഷ്ടം, ബുദ്ധിമുട്ടു, സങ്കടം, തല്ലു, തടവു, കലഹം, അദ്ധ്വാനം, ഉറക്കിളെപ്പു, പട്ടിണി, നിർമ്മലത, പരിജ്ഞാനം, ദീർഘക്ഷമ, ദയ, പരിശുദ്ധാത്മാവു, നിർവ്യാജസ്നേഹം, സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ ധരിച്ചുകൊണ്ടു മാനാപമാനങ്ങളും ദുഷ്കീർത്തിസൽക്കീർത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാർ, ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവർ, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങൾ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവർ; ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവർ; ദരിദ്രരെങ്കിലും പലരെയും സമ്പന്നർ ആക്കുന്നവർ; ഒന്നും ഇല്ലാത്തവർ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ. അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു. ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു. നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.

2 കൊരിന്ത്യർ 6:1-18 സമകാലിക മലയാളവിവർത്തനം (MCV)

നിങ്ങൾ പ്രാപിച്ച ദൈവകൃപ വ്യർഥമാക്കരുതെന്ന്, ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു. “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു: രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,” എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം. ഞങ്ങളുടെ ശുശ്രൂഷയ്ക്ക് അപവാദം വരാതിരിക്കേണ്ടതിന് ഞങ്ങൾ ആരുടെയും പാതയിൽ തടസ്സം ഉണ്ടാക്കുന്നില്ല. ഞങ്ങൾ ചെയ്യുന്ന സകലത്തിലൂടെയും ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകരാണ് ഞങ്ങൾ എന്നു തെളിയിക്കുന്നു. കഷ്ടതകളും ഞെരുക്കങ്ങളും എല്ലാവിധത്തിലുമുള്ള വിപത്തുകളും ഞങ്ങൾ ക്ഷമയോടെ സഹിച്ചു, ഞങ്ങൾ അടിയേറ്റു; കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു; ക്രുദ്ധജനത്തിന്റെ ലഹളയെ അഭിമുഖീകരിച്ചു; അധ്വാനത്താൽ പരിക്ഷീണിതരായി; ഉറക്കമില്ലാതെ രാത്രികൾ ചെലവഴിച്ചു; പട്ടിണിയിലായി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ആത്മാർഥസ്നേഹത്തിലൂടെയും ഞങ്ങളുടെ നിർമല ജീവിതത്തിലൂടെയും വിവേകത്തോടെയുള്ള പെരുമാറ്റത്തിലൂടെയും ക്ഷമാശീലത്തിലൂടെയും ദയയിലൂടെയും ഞങ്ങൾ ആരാണെന്നു തെളിയിച്ചു. സത്യസന്ധമായ സംഭാഷണത്തിലും ദൈവത്തിന്റെ ശക്തിയിലും നിലകൊണ്ട്, ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ വഹിച്ചുകൊണ്ട്, ആദരവിലൂടെയും അനാദരവിലൂടെയും ദുഷ്കീർത്തിയിലൂടെയും സൽകീർത്തിയിലൂടെയും ഞങ്ങൾ കടന്നുപോകുന്നു; പരമാർഥികളെങ്കിലും വഞ്ചകരായും പ്രസിദ്ധരെങ്കിലും അപ്രസിദ്ധരെപ്പോലെയും കരുതപ്പെടുന്നു. ഞങ്ങൾ മരിക്കുന്നെങ്കിലും ജീവിക്കുന്നു. അടികൊള്ളുന്നെങ്കിലും കൊല്ലപ്പെടുന്നില്ല. ദുഃഖിതരെങ്കിലും എപ്പോഴും ആനന്ദിക്കുന്നു. ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം ഉള്ളവർതന്നെ. കൊരിന്ത്യരേ, ഞങ്ങൾ നിങ്ങളോടു തുറന്നു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയം വിശാലമാക്കിയിരിക്കുന്നു. നിങ്ങളോടുള്ള സ്നേഹം ഞങ്ങൾ നൽകാതിരുന്നിട്ടില്ലെങ്കിലും, നിങ്ങളത് ഞങ്ങൾക്കു നൽകുന്നില്ല. നിങ്ങൾ ഞങ്ങൾക്ക് മക്കളെപ്പോലെ ആണ്. അതുകൊണ്ട് നിങ്ങളും ഞങ്ങളെപ്പോലെതന്നെ ഹൃദയവിശാലത ഉള്ളവരായിരിക്കുന്നത് ന്യായമാണല്ലോ. അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനുംതമ്മിൽ എന്തു കൂട്ടായ്മ? ക്രിസ്തുവിനും ബെലിയാലിനുംതമ്മിൽ ഐക്യമോ? വിശ്വാസിക്ക് അവിശ്വാസിയുമായി പൊതുവായിട്ട് എന്താണുള്ളത്? ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളുംതമ്മിൽ എന്തു ബന്ധം? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ: “ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും; ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ, “അവരിൽനിന്ന് പുറത്തുവരികയും വേർപിരിയുകയുംചെയ്യുക, എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും സ്പർശിക്കരുത്; എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.” “ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും, എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”