2 കൊരിന്ത്യർ 12:7-11

2 കൊരിന്ത്യർ 12:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നെ. അത് എന്നെ വിട്ടു നീങ്ങേണ്ടതിനു ഞാൻ മൂന്നു വട്ടം കർത്താവിനോട് അപേക്ഷിച്ചു. അവൻ എന്നോട്: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു. ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.

2 കൊരിന്ത്യർ 12:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ കണ്ട അദ്ഭുതകരമായ അനേകം ദർശനങ്ങളുടെ പേരിൽ അതിരുകടന്ന ആത്മാഭിമാനംകൊണ്ട് നിഗളിച്ചുപോകാതിരിക്കുന്നതിന് ശാരീരികമായ ഒരു നിശിതരോഗം എനിക്കു നല്‌കപ്പെട്ടിരിക്കുന്നു. എന്നെ ദണ്ഡിപ്പിക്കുന്നതിന് സാത്താന്റെ ദൂതനായിട്ടത്രേ അതു വർത്തിക്കുന്നത്. ഞാൻ മതിമറന്ന് അഹങ്കരിക്കുന്നതിൽനിന്ന് അത് എന്നെ രക്ഷിക്കുകയും ചെയ്യുന്നു. ഇത് എന്നിൽനിന്നു നീങ്ങേണ്ടതിന് ഞാൻ മൂന്നുവട്ടം കർത്താവിനോട് അപേക്ഷിച്ചു. എന്നാൽ “എന്റെ കൃപ നിനക്കു മതി; എന്തെന്നാൽ നീ ബലഹീനനായിരിക്കുമ്പോഴാണ് എന്റെ ശക്തി തികവുറ്റതായിത്തീരുന്നത്” എന്നായിരുന്നു എനിക്കു ലഭിച്ച മറുപടി. ക്രിസ്തുവിന്റെ ശക്തി എന്നെ സംരക്ഷിക്കുന്നു എന്നുള്ളത് അനുഭവിച്ചറിയുന്നതിനു കാരണമാക്കുന്ന എന്റെ ബലഹീനതയെക്കുറിച്ച് ഞാൻ ആഹ്ലാദപൂർവം പ്രശംസിക്കും. ക്രിസ്തുവിനെപ്രതി ബലഹീനതകളും ആക്ഷേപങ്ങളും കഷ്ടതകളും പീഡനങ്ങളും പ്രയാസങ്ങളും സഹിക്കുന്നതിൽ ഞാൻ സംതൃപ്തനാണ്. എന്തുകൊണ്ടെന്നാൽ ഞാൻ ബലഹീനനായിരിക്കുമ്പോഴാണല്ലോ ശക്തനായിരിക്കുന്നത്. ഞാൻ ഒരു ഭോഷനായിത്തീർന്നു! പക്ഷേ നിങ്ങൾ അതിന് എന്നെ നിർബന്ധിച്ചു. നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു. ഞാൻ ഏതുമല്ലാത്തവനാണെങ്കിലും, നിങ്ങളുടെ അപ്പോസ്തോലശ്രേഷ്ഠന്മാരെക്കാൾ ഒരു വിധത്തിലും കുറഞ്ഞവനല്ല.

2 കൊരിന്ത്യർ 12:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

വെളിപ്പാടുകളുടെ ആധിക്യം നിമിത്തം ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കുവാൻ എനിക്ക് ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ എന്നെത്തന്നെ അതിയായി ഉയർത്താതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്‍റെ ദൂതനെ തന്നെ. അത് എന്നെവിട്ടു നീങ്ങേണ്ടതിന് ഞാൻ മൂന്നുപ്രാവശ്യം കർത്താവിനോട് അപേക്ഷിച്ചു. അവൻ എന്നോട്: എന്‍റെ കൃപ നിനക്കു മതി; എന്‍റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നുവല്ലോ എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേൽ ആവസിക്കേണ്ടതിന് ഞാൻ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, അപമാനം, ദുരിതം, ഉപദ്രവം, ബുദ്ധിമുട്ട് എന്നിവ സഹിക്കുന്നതിൽ ഞാൻ സംതൃപ്തിയുള്ളവനായിരിക്കുന്നു; എന്തെന്നാൽ, ബലഹീനനായിരിക്കുമ്പോൾ തന്നെ ഞാൻ ശക്തനാകുന്നു. ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ പ്രശംസിക്കേണ്ടതായിരുന്നു; എന്തെന്നാൽ, ഞാൻ ഒന്നുമല്ല എങ്കിലും, അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.

2 കൊരിന്ത്യർ 12:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചുപോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നേ. അതു എന്നെ വിട്ടു നീങ്ങേണ്ടതിന്നു ഞാൻ മൂന്നു വട്ടം കർത്താവിനോടു അപേക്ഷിച്ചു. അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു. ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബ്ബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല.

2 കൊരിന്ത്യർ 12:7-11 സമകാലിക മലയാളവിവർത്തനം (MCV)

അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ. അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു. എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും. അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്. ഇങ്ങനെ ആത്മപ്രശംസ നടത്തി എന്നെത്തന്നെയൊരു ഭോഷനാക്കാൻ നിങ്ങളാണ് എന്നെ പ്രേരിപ്പിച്ചത്. നിങ്ങളാണ് എന്നെ പുകഴ്ത്തേണ്ടിയിരുന്നത്; കാരണം, ഞാൻ നിസ്സാരനെങ്കിലും “അതിശ്രേഷ്ഠരായ” അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല.