2 കൊരിന്ത്യർ 12

12
1പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു. 2ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്‍സരം മുമ്പേ മൂന്നാം സ്വർഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു. 3ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു. 4മനുഷ്യന് ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവൻ കേട്ടു എന്ന് ഞാൻ അറിയുന്നു. 5അവനെക്കുറിച്ചു ഞാൻ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്റെ ബലഹീനതകളിൽ അല്ലാതെ ഞാൻ പ്രശംസിക്കയില്ല. 6ഞാൻ പ്രശംസിപ്പാൻ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നത്; എങ്കിലും എന്നെ കാണുന്നതിനും എന്റെ വായിൽനിന്നു കേൾക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുത് എന്നുവച്ചു ഞാൻ അടങ്ങുന്നു. 7വെളിപ്പാടുകളുടെ ആധിക്യത്താൽ ഞാൻ അതിയായി നിഗളിച്ചു പോകാതിരിപ്പാൻ എനിക്കു ജഡത്തിൽ ഒരു ശൂലം തന്നിരിക്കുന്നു; ഞാൻ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാൻ സാത്താന്റെ ദൂതനെ തന്നെ. 8അത് എന്നെ വിട്ടു നീങ്ങേണ്ടതിനു ഞാൻ മൂന്നു വട്ടം കർത്താവിനോട് അപേക്ഷിച്ചു. 9അവൻ എന്നോട്: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിനു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും. 10അതുകൊണ്ട് ഞാൻ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾതന്നെ ഞാൻ ശക്തനാകുന്നു.
11ഞാൻ മൂഢനായിപ്പോയി; നിങ്ങൾ എന്നെ നിർബന്ധിച്ചു; നിങ്ങൾ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാൻ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരിൽ ഒട്ടും കുറഞ്ഞവനല്ല. 12അപ്പൊസ്തലന്റെ ലക്ഷണങ്ങൾ പൂർണസഹിഷ്ണുതയിലും അടയാളങ്ങളാലും അദ്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയിൽ വെളിപ്പെട്ടുവന്നുവല്ലോ. 13ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാൾ നിങ്ങൾക്ക് ഏതൊന്നിൽ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊൾവിൻ.
14ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കൽ വരുവാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു; നിങ്ങൾക്ക് ഭാരമായിത്തീരുകയുമില്ല; നിങ്ങൾക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാൻ അന്വേഷിക്കുന്നു. മക്കൾ അമ്മയപ്പന്മാർക്കല്ല അമ്മയപ്പന്മാർ മക്കൾക്കായിട്ടല്ലോ ചരതിക്കേണ്ടത്. 15ഞാൻ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാൻ നിങ്ങളെ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അല്പമായി സ്നേഹിക്കുന്നുവോ? 16ഞാൻ നിങ്ങൾക്കു ഭാരമായിത്തീർന്നില്ല എങ്കിലും ഉപായിയാകയാൽ കൗശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങൾ പറയുമായിരിക്കും. 17ഞാൻ നിങ്ങളുടെ അടുക്കൽ അയച്ചവരിൽ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? 18ഞാൻ തീത്തൊസിനെ പ്രബോധിപ്പിച്ച്, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങൾ നടന്നത് അതേ ആത്മാവിൽ അല്ലയോ? അതേ കാൽച്ചുവടുകളിൽ അല്ലയോ?
19ഇത്രനേരം ഞങ്ങൾ നിങ്ങളോടു പ്രതിവാദിക്കുന്നു എന്ന് നിങ്ങൾക്കു തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവിൽ ആകുന്നു ഞങ്ങൾ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവർധനയ്ക്കായിട്ടത്രേ. 20ഞാൻ വരുമ്പോൾ ഞാൻ ഇച്ഛിക്കാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾ ഇച്ഛിക്കാത്തവിധത്തിൽ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈർഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പ്, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും 21ഞാൻ വീണ്ടും വരുമ്പോൾ എന്റെ ദൈവം എന്നെ നിങ്ങളുടെ ഇടയിൽ താഴ്ത്തുവാനും പാപം ചെയ്തിട്ടു തങ്ങൾ പ്രവർത്തിച്ച അശുദ്ധി, ദുർന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാൻ ഭയപ്പെടുന്നു.

നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:

2 കൊരിന്ത്യർ 12: MALOVBSI

ഹൈലൈറ്റ് ചെയ്യുക

പങ്ക് വെക്കു

പകർത്തുക

None

നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക