2 ദിനവൃത്താന്തം 30:1-12

2 ദിനവൃത്താന്തം 30:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലാ യിസ്രായേലിന്റെയും യെഹൂദായുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിനും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കേണമെന്നു രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവസഭയും നിർണയിച്ചിരുന്നു. പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ട് സമയത്ത് അത് ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. ആ കാര്യം രാജാവിനും സർവസഭയ്ക്കും സമ്മതമായി. ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിനു ബേർ-ശേബമുതൽ ദാൻവരെ എല്ലാ യിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ട് അതു വിധിപോലെ ആചരിച്ചിരുന്നില്ല. അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലാ യിസ്രായേലിന്റെയും യെഹൂദായുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കൈയിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിനു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ. ആകയാൽ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയ്ക്ക് നിങ്ങളെത്തന്നെ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വിശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ. നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടുപോയവരോടു കരുണ ലഭിച്ച് ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല. അങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്കു വന്നു. യെഹൂദായിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന് അവർക്ക് ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.

2 ദിനവൃത്താന്തം 30:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു പെസഹ ആചരിക്കാൻ യെരൂശലേമിൽ സർവേശ്വരാലയത്തിലേക്കു വരുന്നതിന് ഇസ്രായേലിലും യെഹൂദ്യയിലുമുള്ള എല്ലാവരുടെയും അടുക്കൽ ഹിസ്കീയാ ആളയയ്‍ക്കുകയും എഫ്രയീമിലേക്കും മനശ്ശെയിലേക്കും കത്തുകൾ എഴുതുകയും ചെയ്തു. ഒന്നാം മാസത്തിലായിരുന്നു പെസഹ ആചരിക്കേണ്ടിയിരുന്നത്. എന്നാൽ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാർ വേണ്ടത്ര ഇല്ലാതിരുന്നതുകൊണ്ടും ജനം യെരൂശലേമിൽ ഒന്നിച്ചുകൂടാതിരുന്നതുകൊണ്ടും യഥാസമയം ആചരിക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ടു രണ്ടാം മാസത്തിൽ പെസഹ ആചരിക്കാൻ രാജാവും പ്രഭുക്കന്മാരും യെരൂശലേംനിവാസികളും ആലോചിച്ചു. അത് രാജാവിനും ജനത്തിനും സ്വീകാര്യമായിരുന്നു. ജനം ഇസ്രായേലിന്റെ ദൈവമായ സർവേശ്വരനു പെസഹ ആചരിക്കാൻ യെരൂശലേമിൽ വന്നുകൂടുന്നതിനു ബേർ-ശേബമുതൽ ദാൻവരെ ഇസ്രായേലിലെല്ലാം വിളംബരം ചെയ്യണമെന്ന് അവർ കല്പന നല്‌കി. അതുവരെ വിധിപ്രകാരം അധികം പേർ പെസഹ ആചരിച്ചിരുന്നില്ല. രാജാവും പ്രഭുക്കന്മാരും ചേർന്നു തയ്യാറാക്കിയ കത്തുകളുമായി സന്ദേശവാഹകർ ഇസ്രായേലിലും യെഹൂദ്യയിലും സഞ്ചരിച്ചു. രാജാവ് ഇപ്രകാരം കല്പിച്ചിരുന്നു: “ഇസ്രായേൽജനമേ, അസ്സീറിയാരാജാക്കന്മാരുടെ കൈയിൽനിന്നു രക്ഷപെട്ട നിങ്ങൾ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരനിലേക്കു തിരിയുക. എന്നാൽ അവിടുത്തെ കൃപാകടാക്ഷം നിങ്ങൾക്കുണ്ടാകും. നിങ്ങളുടെ പിതാക്കന്മാരെയും സഹോദരരെയുംപോലെ നിങ്ങൾ ആകരുത്; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനോട് അവിശ്വസ്തരായി; അതുകൊണ്ട് നിങ്ങൾക്ക് അറിയാവുന്നതുപോലെ അവിടുന്ന് അവരെ നശിപ്പിച്ചു. നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യക്കാർ ആകരുത്. സർവേശ്വരനു നിങ്ങളെത്തന്നെ സമർപ്പിക്കുവിൻ. അവിടുന്ന് എന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന അവിടുത്തെ വിശുദ്ധമന്ദിരത്തിൽ വന്ന് നിങ്ങളുടെ ദൈവമായ സർവേശ്വരനെ ആരാധിക്കുവിൻ. അങ്ങനെ അവിടുത്തെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറട്ടെ. നിങ്ങൾ സർവേശ്വരനിലേക്കു തിരിയുന്നുവെങ്കിൽ നിങ്ങളുടെ സഹോദരരും മക്കളും അവരെ തടവുകാരാക്കിക്കൊണ്ടുപോയവരുടെ മുമ്പിൽ കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ സർവേശ്വരൻ കൃപയും കരുണയുമുള്ളവൻ. നിങ്ങൾ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞാൽ നിങ്ങളിൽനിന്ന് അവിടുന്നു മുഖം തിരിച്ചുകളയുകയില്ല.” ദൂതന്മാർ എഫ്രയീമ്യരുടെയും മനശ്ശ്യെരുടെയും ഗോത്രങ്ങൾക്ക് അവകാശപ്പെട്ട സകല പട്ടണങ്ങളിലും സെബൂലൂൻഗോത്രക്കാരുടെ അടുക്കൽവരെയും സഞ്ചരിച്ചു. അവിടെയുള്ള ജനങ്ങളാകട്ടെ അവരെ പുച്ഛിച്ചു പരിഹസിച്ചു. എന്നാൽ ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിലുള്ള ചിലർ തങ്ങളെത്തന്നെ വിനയപ്പെടുത്തി യെരൂശലേമിലേക്കു വന്നു. സർവേശ്വരന്റെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നല്‌കിയ കല്പന യെഹൂദ്യയിലെ ജനം ഏകമനസ്സോടെ അനുസരിക്കുന്നതിന് ഇടയാകുംവിധം ദൈവം പ്രവർത്തിച്ചു.

2 ദിനവൃത്താന്തം 30:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ യിസ്രായേലിലെയും യെഹൂദയിലെയും ജനത്തിന്‍റെ അടുക്കൽ ആളയച്ച്; എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങൾക്ക് എഴുത്ത് എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്ന് രാജാവും അവന്‍റെ പ്രഭുക്കന്മാരും യെരൂശലേമിലെ ജനങ്ങളും തീരുമാനിച്ചിരുന്നു. എന്നാൽ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാർ വേണ്ടത്ര ഇല്ലാതിരുന്നതിനാലും, ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെ ഇരുന്നതുകൊണ്ടും നിശ്ചിത സമയങ്ങളിൽ പെസഹ ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. ആ തീരുമാനം രാജാവിനും സർവ്വസഭയ്ക്കും സമ്മതമായി. ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിന് ബേർ-ശേബമുതൽ ദാൻവരെയുള്ള എല്ലാ യിസ്രായേൽജനത്തിന്‍റെ ഇടയിലും പരസ്യപ്പെടുത്തണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ വളരെക്കാലമായി അത് വിധിപോലെ ആചരിച്ചിരുന്നില്ല. അങ്ങനെ അഞ്ചലോട്ടക്കാർ രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ യിസ്രായേൽ ജനത്തിന്‍റെയും യെഹൂദാ ജനത്തിന്‍റെയും അടുക്കൽ കൊണ്ടുപോയി, രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: “യിസ്രായേൽ മക്കളേ, അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവയിലേക്ക് മടങ്ങി വരുവീൻ. അപ്പോൾ അവൻ അശ്ശൂർ രാജാക്കന്മാരുടെ കയ്യിൽനിന്ന് തെറ്റി ഒഴിഞ്ഞ ശേഷിപ്പായ നിങ്ങളുടെ അടുക്കലേക്കു മുഖം തിരിക്കും. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞത് നിങ്ങൾ കാണുന്നുവല്ലോ. ആകയാൽ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയുടെ മുമ്പാകെ നിങ്ങൾ കീഴടങ്ങുവീൻ. അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന വീശുദ്ധമന്ദിരത്തിലേക്കു വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ. നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ തടവുകാരായി കൊണ്ടു പോയവരിൽ നിന്ന് കരുണ ലഭിച്ച് ഈ ദേശത്തേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്‍റെ അടുക്കലേക്കു മടങ്ങിവരുന്നു എങ്കിൽ അവൻ നിങ്ങൾക്ക് മുഖം മറച്ചുകളകയില്ല.” അങ്ങനെ ഓട്ടക്കാർ എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശത്ത് പട്ടണം തോറും സെബൂലൂൻ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്ക് വന്നു. യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിക്കേണ്ടതിന് അവർക്ക് ഏകാഗ്രഹൃദയം നല്കുവാൻ ദൈവ കരം പ്രവൃത്തിച്ചു.

2 ദിനവൃത്താന്തം 30:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്നു രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവ്വസഭയും നിർണ്ണയിച്ചിരുന്നു. പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. ആ കാര്യം രാജാവിന്നും സർവ്വസഭെക്കും സമ്മതമായി. ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻവരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല. അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുതു; അവൻ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ. ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുതു; യഹോവെക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിൻ. നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല. ആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു. യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.

2 ദിനവൃത്താന്തം 30:1-12 സമകാലിക മലയാളവിവർത്തനം (MCV)

ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെസഹ ആചരിക്കാൻ ജെറുശലേമിൽ യഹോവയുടെ ആലയത്തിൽ എത്താൻ ക്ഷണിച്ചുകൊണ്ട് ഹിസ്കിയാവ് എല്ലാ ഇസ്രായേലിലും യെഹൂദ്യയിലും സന്ദേശവാഹകരെ അയച്ചു. എഫ്രയീം, മനശ്ശെ ഗോത്രങ്ങൾക്ക് എഴുത്തുകളും എഴുതി. രാജാവും പ്രഭുക്കന്മാരും ജെറുശലേമിലെ സർവസഭയും രണ്ടാംമാസത്തിൽ പെസഹ ആചരിക്കണമെന്ന് ആലോചിച്ചുറച്ചിരുന്നു. വേണ്ടുവോളം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു കഴിഞ്ഞിട്ടില്ലാതിരുന്നതിനാലും ജനം ജെറുശലേമിൽ വന്നുകൂടിയിട്ടില്ലാതിരുന്നതിനാലും പെസഹാ യഥാസമയം ആഘോഷിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. രണ്ടാംമാസത്തിൽ പെസഹ ആഘോഷിക്കുന്ന കാര്യം രാജാവിനും ജനങ്ങൾക്കും സന്തോഷകരമായി. ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ! രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു: “ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കെതിരേ അവിശ്വസ്തരായിത്തീർന്ന നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്. അതുമൂലം യഹോവ അവരെ ഒരു ഭീതി വിഷയമാക്കിത്തീർത്തു; അതു നിങ്ങൾ കാണുന്നല്ലോ! നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യമുള്ളവരാകരുത്; യഹോവയുടെമുമ്പാകെ നിങ്ങളെത്തന്നെ സമർപ്പിക്കുക! അവിടന്ന് എന്നെന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന തന്റെ വിശുദ്ധമന്ദിരത്തിലേക്കു വരിക! നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപത്തിന്റെ ഭയങ്കരത്വം നിങ്ങളെ വിട്ടുമാറേണ്ടതിന്, അവിടത്തെ സേവിക്കുക! നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.” സന്ദേശവാഹകർ എഫ്രയീമിലും മനശ്ശെയിലും ഉള്ള നഗരങ്ങളോരോന്നും കടന്നുപോയി, അവർ സെബൂലൂൻവരെയും ചെന്നെത്തി. എന്നാൽ ജനം അവരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു. എന്നിരുന്നാലും ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് ചിലർ സ്വയം വിനയപ്പെടുകയും ജെറുശലേമിലേക്കു വരികയും ചെയ്തു. യഹോവയുടെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നൽകിയ കൽപ്പനകൾ അനുസരിക്കുന്നതിന് യെഹൂദ്യദേശത്തുള്ളവരെല്ലാവരും ഏകമനസ്സുള്ളവരായിരിക്കാൻ ദൈവത്തിന്റെ കൈ അവരുടെമേൽ ഉണ്ടായിരുന്നു.