അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ യിസ്രായേലിലെയും യെഹൂദയിലെയും ജനത്തിന്‍റെ അടുക്കൽ ആളയച്ച്; എഫ്രയീം, മനശ്ശെ എന്നീ ഗോത്രങ്ങൾക്ക് എഴുത്ത് എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്ന് രാജാവും അവന്‍റെ പ്രഭുക്കന്മാരും യെരൂശലേമിലെ ജനങ്ങളും തീരുമാനിച്ചിരുന്നു. എന്നാൽ ശുദ്ധീകരണം കഴിഞ്ഞ പുരോഹിതന്മാർ വേണ്ടത്ര ഇല്ലാതിരുന്നതിനാലും, ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെ ഇരുന്നതുകൊണ്ടും നിശ്ചിത സമയങ്ങളിൽ പെസഹ ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. ആ തീരുമാനം രാജാവിനും സർവ്വസഭയ്ക്കും സമ്മതമായി. ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാൻ വരേണ്ടതിന് ബേർ-ശേബമുതൽ ദാൻവരെയുള്ള എല്ലാ യിസ്രായേൽജനത്തിന്‍റെ ഇടയിലും പരസ്യപ്പെടുത്തണമെന്ന് ഒരു തീർപ്പുണ്ടാക്കി. അവർ വളരെക്കാലമായി അത് വിധിപോലെ ആചരിച്ചിരുന്നില്ല. അങ്ങനെ അഞ്ചലോട്ടക്കാർ രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ യിസ്രായേൽ ജനത്തിന്‍റെയും യെഹൂദാ ജനത്തിന്‍റെയും അടുക്കൽ കൊണ്ടുപോയി, രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: “യിസ്രായേൽ മക്കളേ, അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവയിലേക്ക് മടങ്ങി വരുവീൻ. അപ്പോൾ അവൻ അശ്ശൂർ രാജാക്കന്മാരുടെ കയ്യിൽനിന്ന് തെറ്റി ഒഴിഞ്ഞ ശേഷിപ്പായ നിങ്ങളുടെ അടുക്കലേക്കു മുഖം തിരിക്കും. തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുത്; അവൻ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞത് നിങ്ങൾ കാണുന്നുവല്ലോ. ആകയാൽ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയുടെ മുമ്പാകെ നിങ്ങൾ കീഴടങ്ങുവീൻ. അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന വീശുദ്ധമന്ദിരത്തിലേക്കു വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിൻ. നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ തടവുകാരായി കൊണ്ടു പോയവരിൽ നിന്ന് കരുണ ലഭിച്ച് ഈ ദേശത്തേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്‍റെ അടുക്കലേക്കു മടങ്ങിവരുന്നു എങ്കിൽ അവൻ നിങ്ങൾക്ക് മുഖം മറച്ചുകളകയില്ല.” അങ്ങനെ ഓട്ടക്കാർ എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശത്ത് പട്ടണം തോറും സെബൂലൂൻ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്ക് വന്നു. യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിക്കേണ്ടതിന് അവർക്ക് ഏകാഗ്രഹൃദയം നല്കുവാൻ ദൈവ കരം പ്രവൃത്തിച്ചു.
2 ദിന. 30 വായിക്കുക
കേൾക്കുക 2 ദിന. 30
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 ദിന. 30:1-12
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ