2 ദിനവൃത്താന്തം 26:4-16
2 ദിനവൃത്താന്തം 26:4-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ തന്റെ അപ്പനായ അമസ്യാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്ത് അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ്നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു. അമ്മോന്യരും ഉസ്സീയാവിനു കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു. ഉസ്സീയാവ് യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിത് ഉറപ്പിച്ചു. അവനു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട് അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവനു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിനു പുറപ്പെടും. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകെത്തുക രണ്ടായിരത്തി അറുനൂറ്. അവരുടെ അധികാരത്തിൻകീഴിൽ ശത്രുക്കളുടെ നേരേ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറു പേരുള്ള ഒരു സൈന്യബലം ഉണ്ടായിരുന്നു. ഉസ്സീയാവ് അവർക്ക്, സർവസൈന്യത്തിനും തന്നെ, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല് എന്നിവ ഉണ്ടാക്കിക്കൊടുത്തു. അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വയ്ക്കേണ്ടതിനു കൗശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയമായി അവനു സഹായം ലഭിച്ചതുകൊണ്ട് അവന്റെ ശ്രുതി ബഹുദൂരം പരന്നു. എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റംചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
2 ദിനവൃത്താന്തം 26:4-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്റെ പിതാവ് അമസ്യായെപ്പോലെ ഉസ്സിയായും സർവേശ്വരനു ഹിതകരമായവിധം ജീവിച്ചു. ദൈവഭക്തിയിൽ ജീവിക്കാൻ തന്നെ അഭ്യസിപ്പിച്ച സെഖര്യായുടെ ജീവിതകാലം മുഴുവൻ ഉസ്സിയാ ദൈവഹിതം അന്വേഷിച്ചു. ആ കാലമത്രയും ദൈവം അദ്ദേഹത്തിന് ഐശ്വര്യം നല്കി. അദ്ദേഹം ഫെലിസ്ത്യരോടു യുദ്ധത്തിനു പുറപ്പെട്ടു. ഗത്ത്, യബ്നെ, അസ്തോദ് എന്നീ നഗരങ്ങളുടെ മതിലുകൾ തകർത്തു. അസ്തോദിലും ഫെലിസ്ത്യരുടെ മറ്റു സ്ഥലങ്ങളിലും അദ്ദേഹം നഗരങ്ങൾ നിർമ്മിച്ചു. ഫെലിസ്ത്യരോടും ഗുർ-ബാലിലുള്ള അറബികളോടും മെയൂന്യരോടും യുദ്ധം ചെയ്യാൻ ദൈവം അദ്ദേഹത്തെ സഹായിച്ചു. അമ്മോന്യർ ഉസ്സിയായ്ക്ക് കപ്പം കൊടുത്തു. അദ്ദേഹം അതിശക്തനായിത്തീർന്നു. അദ്ദേഹത്തിന്റെ കീർത്തി ഈജിപ്തുവരെ പരന്നു. കോൺവാതില്ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിതു യെരൂശലേംനഗരം അദ്ദേഹം സുരക്ഷിതമാക്കി. അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയുകയും ധാരാളം കിണറുകൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിനു താഴ്വരയിലും സമതലപ്രദേശത്തും ധാരാളം കന്നുകാലികൾ ഉണ്ടായിരുന്നു. കൃഷിയിൽ തല്പരനായിരുന്നതുകൊണ്ടു മലമ്പ്രദേശത്തും ഫലപുഷ്ടമായ സ്ഥലങ്ങളിലും കൃഷിക്കാരെയും മുന്തിരികൃഷിക്കാരെയും അദ്ദേഹം നിയമിച്ചു. യുദ്ധസജ്ജരായ ഒരു വലിയ സൈന്യം ഉസ്സിയാരാജാവിനുണ്ടായിരുന്നു. രാജാവിന്റെ സൈന്യാധിപന്മാരിൽ ഒരാളായ ഹനാനിയുടെ നിർദ്ദേശപ്രകാരം കാര്യവിചാരകനായ യെയീയേലും ഉദ്യോഗസ്ഥനായ മയശേയായും തയ്യാറാക്കിയ കണക്കനുസരിച്ച് പല ഗണങ്ങളായി സൈന്യത്തെ വിഭജിച്ചിരുന്നു. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാർ രണ്ടായിരത്തറുനൂറു പേരായിരുന്നു. അവരുടെ ആജ്ഞയനുസരിച്ച് രാജാവിനുവേണ്ടി ശത്രുക്കളോടു ശക്തമായി പോരാടാൻ പ്രാപ്തരായ മൂന്നു ലക്ഷത്തി ഏഴായിരത്തഞ്ഞൂറു പേരടങ്ങുന്ന ഒരു വലിയ സൈന്യവുമുണ്ടായിരുന്നു. അവർക്കെല്ലാം പരിച, കുന്തം, ശിരോവസ്ത്രം, പടച്ചട്ട, വില്ല്, കവണക്കല്ല് എന്നിവ ഉസ്സിയാരാജാവ് ഒരുക്കിയിരുന്നു. ഗോപുരങ്ങളുടെയും കോട്ടകളുടെയും മുകളിൽനിന്ന് അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിക്കുന്നതിനുവേണ്ടി വിദഗ്ദ്ധന്മാർ രൂപകല്പന ചെയ്ത യന്ത്രങ്ങൾ അദ്ദേഹം ഉണ്ടാക്കി. സർവേശ്വരനിൽനിന്ന് അദ്ഭുതകരമായ സഹായം ലഭിച്ചതുകൊണ്ട് അദ്ദേഹം പ്രബലനായിത്തീരുകയും അദ്ദേഹത്തിന്റെ കീർത്തി വിദൂരദേശങ്ങളിൽ പരക്കുകയും ചെയ്തു. ശക്തനായിത്തീർന്നതോടെ അദ്ദേഹം അഹങ്കരിച്ചു; അത് അദ്ദേഹത്തിന്റെ നാശത്തിലേക്കു നയിച്ചു. തന്റെ ദൈവമായ സർവേശ്വരനോട് അവിശ്വസ്തമായി അദ്ദേഹം പെരുമാറി; യാഗപീഠത്തിൽ ധൂപം അർപ്പിക്കുന്നതിനു സർവേശ്വരന്റെ ആലയത്തിൽ അദ്ദേഹം പ്രവേശിച്ചു.
2 ദിനവൃത്താന്തം 26:4-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അവൻ തന്റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്റെ ആയുഷ്കാലത്ത് ഉസ്സിയാവിനെ ദൈവത്തെ അന്വേഷിപ്പാന് പഠിപ്പിച്ചു, അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോട് യുദ്ധം ചെയ്തു ഗത്തിന്റെയും, യബ്നെയുടെയും, അസ്തോദിന്റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവനു വിജയം നൽകി. അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്റെ ശ്രുതി മിസ്രയീം വരെ പരന്നു. ഉസ്സീയാവ് യെരൂശലേമിൽ കോൺ വാതില്ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി. താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തത്പരനായിരുന്നതിനാൽ അവനു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ നേതൃത്വത്തിൽ യുദ്ധത്തിനു പുറപ്പെടും. യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ് ആയിരുന്നു. അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിക്കുവാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു. ഉസ്സീയാവ് സർവ്വസൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു. അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൗശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതുകൊണ്ട് അവന്റെ ശ്രുതി എല്ലായിടത്തും പരന്നു. എന്നാൽ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിനായി നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോട് പാപംചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
2 ദിനവൃത്താന്തം 26:4-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. ദൈവം പെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു. അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു. ഉസ്സീയാവു യെരൂശലേമിൽ കോൺവാതില്ക്കലും താഴ്വരവാതില്ക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു. അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും. യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു. അവരുടെ അധികാരത്തിൻകീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു. ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു. അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൗശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു. എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.
2 ദിനവൃത്താന്തം 26:4-16 സമകാലിക മലയാളവിവർത്തനം (MCV)
തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു. തന്നെ ദൈവഭയത്തിൽ അഭ്യസിപ്പിച്ച സെഖര്യാവിന്റെ ആയുഷ്കാലമെല്ലാം അദ്ദേഹം യഹോവയെ അന്വേഷിച്ചിരുന്നു; അക്കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു. ഉസ്സീയാവ് ഫെലിസ്ത്യർക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു; ഗത്ത്, യബ്നേഹ്, അശ്ദോദ് എന്നീ പട്ടണങ്ങൾ പിടിച്ച് അവയുടെ മതിലുകൾ തകർത്തുകളഞ്ഞു. അദ്ദേഹം അശ്ദോദിനു ചുറ്റുപാടും, ഫെലിസ്ത്യരുടെ ഇടയിൽ മറ്റിടങ്ങളിലും പട്ടണങ്ങൾ പണിതു. ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ താമസിച്ചിരുന്ന അറബികൾക്കും മെയൂന്യർക്കും എതിരായുള്ള യുദ്ധത്തിൽ ഉസ്സീയാവിനെ സഹായിച്ചു. അമ്മോന്യർ അദ്ദേഹത്തിനു കപ്പം കൊടുത്തിരുന്നു. ഉസ്സീയാവ് ഏറ്റവും ശക്തനായിത്തീർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി ഈജിപ്റ്റിന്റെ അതിർത്തിവരെയും പരന്നു. ഉസ്സീയാവ് ജെറുശലേമിൽ കോൺകവാടത്തിലും താഴ്വരവാതിൽക്കലും മതിലിന്റെ തിരിവിലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി. കുന്നിൻപ്രദേശങ്ങളിലും സമഭൂമിയിലും അദ്ദേഹത്തിനു വളരെയേറെ കാലിക്കൂട്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയിക്കുകയും അനേകം ജലസംഭരണികൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹം കൃഷിയിൽ അതീവ തത്പരനായിരുന്നതിനാൽ മലകളിലും താഴ്വരകളിലുമായി കർഷകരും മുന്തിരിത്തോപ്പുകളിൽ പണിചെയ്യുന്ന ജോലിക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. ഏതു നിമിഷവും യുദ്ധത്തിനു പുറപ്പെടാൻ ഒരുക്കമുള്ള നല്ല തഴക്കം സിദ്ധിച്ച സൈന്യം ഉസ്സീയാവിന് ഉണ്ടായിരുന്നു. രാജാവിന്റെ സേനാപതികളിൽ ഒരാളായ ഹനന്യായുടെ നിർദേശമനുസരിച്ച് ലേഖകനായ യെയീയേലും ഉദ്യോഗസ്ഥനായ മയസേയാവുംകൂടി സൈനികരുടെ എണ്ണം തിട്ടപ്പെടുത്തി, ഗണംതിരിച്ച് രേഖപ്പെടുത്തി. പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു. ശത്രുക്കൾക്കെതിരേ രാജാവിനെ സഹായിക്കാൻ, ഈ കുടുംബത്തലവന്മാരുടെ ആധിപത്യത്തിൽ ശിക്ഷണം നേടിയ 3,07,500 പേരുള്ള ശക്തമായ ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു. മുഴുവൻ സൈന്യത്തിനും ആവശ്യമായ പരിച, കുന്തം, ശിരോകവചം, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവയെല്ലാം ഉസ്സീയാവ് ഒരുക്കിക്കൊടുത്തു. ഗോപുരങ്ങളിലും മതിലിന്റെ മൂലക്കൊത്തളങ്ങളിലും സ്ഥാപിച്ച് ശത്രുക്കളുടെനേരേ അസ്ത്രങ്ങൾ എയ്യുന്നതിനും വലിയ കല്ലുകൾ ചുഴറ്റിയെറിയുന്നതിനും കൗശലവേലയിലെ വിദഗ്ദ്ധന്മാർ രൂപകൽപ്പനചെയ്ത യന്ത്രങ്ങൾ അദ്ദേഹം ജെറുശലേമിൽ ഉണ്ടാക്കിച്ചു. ഏറ്റവും പ്രബലനായിത്തീരുന്നതുവരെ അദ്ദേഹത്തിന് യഹോവയിൽനിന്ന് അത്ഭുതകരമായി സഹായം ലഭിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി നാലുപാടും പരന്നു. എന്നാൽ പ്രബലനായിക്കഴിഞ്ഞപ്പോൾ ഉസ്സീയാവിനുണ്ടായ നിഗളം അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചു. അദ്ദേഹം തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തനായിത്തീർന്നു. സുഗന്ധധൂപപീഠത്തിന്മേൽ സ്വയം ധൂപവർഗം കത്തിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു.