2 ദിന. 26:4-16

2 ദിന. 26:4-16 IRVMAL

അവൻ തന്‍റെ അപ്പനായ അമസ്യാവ് തുടക്കത്തിൽ ചെയ്തതുപോലെ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തു. ദൈവിക ദർശനം പ്രാപിച്ച സെഖര്യാവിന്‍റെ ആയുഷ്കാലത്ത് ഉസ്സിയാവിനെ ദൈവത്തെ അന്വേഷിപ്പാന്‍ പഠിപ്പിച്ചു, അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി. അവൻ പുറപ്പെട്ടു ഫെലിസ്ത്യരോട് യുദ്ധം ചെയ്തു ഗത്തിന്‍റെയും, യബ്നെയുടെയും, അസ്തോദിന്‍റെയും മതിലുകൾ ഇടിച്ചുകളഞ്ഞു; അസ്തോദ് ദേശത്തും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. ദൈവം, ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും നേരെ അവനു വിജയം നൽകി. അമ്മോന്യരും ഉസ്സീയാവിന് കാഴ്ച കൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ട് അവന്‍റെ ശ്രുതി മിസ്രയീം വരെ പരന്നു. ഉസ്സീയാവ് യെരൂശലേമിൽ കോൺ വാതില്‍ക്കലും താഴ്വരവാതില്ക്കലും മതിൽ തിരിവിങ്കലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി. താഴ്വരയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ട്, അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറുകളും കുഴിപ്പിച്ചു; കൃഷിയിൽ തത്പരനായിരുന്നതിനാൽ അവനു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. കൂടാതെ ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ കാര്യവിചാരകനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്‍റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്‍റെ നേതൃത്വത്തിൽ യുദ്ധത്തിനു പുറപ്പെടും. യുദ്ധവീരന്മാരായ തലവന്മാർ ആകെ രണ്ടായിരത്തി അറുനൂറ് ആയിരുന്നു. അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിക്കുവാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്യുന്നവരായി മൂന്നുലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് പേരുള്ള ഒരു സൈന്യം ഉണ്ടായിരുന്നു. ഉസ്സീയാവ് സർവ്വസൈന്യത്തിനും, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല്, എന്നിവ ഉണ്ടാക്കിക്കൊടുത്തു. അവൻ, അസ്ത്രങ്ങളും വലിയ കല്ലുകളും തൊടുക്കുവാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ കൗശലപ്പണിക്കാർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങൾ, യെരൂശലേമിൽ സ്ഥാപിച്ചു; അവൻ പ്രബലനായിത്തീരുവാൻ തക്കവണ്ണം അതിശയകരമായി ദൈവിക സഹായം ലഭിച്ചതുകൊണ്ട് അവന്‍റെ ശ്രുതി എല്ലായിടത്തും പരന്നു. എന്നാൽ ബലവാനായപ്പോൾ അവന്‍റെ ഹൃദയം അവന്‍റെ നാശത്തിനായി നിഗളിച്ചു; അവൻ തന്‍റെ ദൈവമായ യഹോവയോട് പാപംചെയ്ത് ധൂപപീഠത്തിൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.