2 ദിനവൃത്താന്തം 21:4-7

2 ദിനവൃത്താന്തം 21:4-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നെത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെയൊക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു. യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തവും അവനും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്ക നിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാൻ അവനു മനസ്സില്ലായിരുന്നു.

2 ദിനവൃത്താന്തം 21:4-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹോരാം രാജസ്ഥാനം ഏറ്റെടുത്തു തന്റെ നില ഭദ്രമാക്കിയതിനുശേഷം എല്ലാ സഹോദരന്മാരെയും ഇസ്രായേലിലെ ചില പ്രഭുക്കന്മാരെയും വധിച്ചു. വാഴ്ച ആരംഭിച്ചപ്പോൾ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; എട്ടു വർഷം അദ്ദേഹം യെരൂശലേമിൽ രാജ്യഭാരം നടത്തി. അദ്ദേഹം ആഹാബ് ഭവനത്തെപ്പോലെ ഇസ്രായേൽരാജാക്കന്മാരുടെ മാർഗം പിന്തുടർന്നു. കാരണം അദ്ദേഹത്തിന്റെ ഭാര്യ ഇസ്രായേൽരാജാവായിരുന്ന ആഹാബിന്റെ പുത്രിയായിരുന്നു. സർവേശ്വരന്റെ മുമ്പിൽ അദ്ദേഹം തിന്മയായതു പ്രവർത്തിച്ചു. എങ്കിലും അവിടുന്ന് ദാവീദിനോടു ചെയ്ത ഉടമ്പടിയും “ദാവീദിനും അദ്ദേഹത്തിന്റെ സന്താനപരമ്പരകൾക്കും അണഞ്ഞുപോകാത്ത ഒരു ദീപം നല്‌കും” എന്ന വാഗ്ദാനവും നിമിത്തം ദാവീദുവംശത്തെ നശിപ്പിക്കാൻ സർവേശ്വരനു മനസ്സുവന്നില്ല.

2 ദിനവൃത്താന്തം 21:4-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യെഹോരാം തന്‍റെ അപ്പന്‍റെ രാജ്യഭാരം ഏറ്റ് ശക്തനായതിനുശേഷം, തന്‍റെ സഹോദരന്മാരെ എല്ലാവരേയും, യിസ്രായേൽ പ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ട് കൊന്നു. യെഹോരാം വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ട് വര്‍ഷം യെരൂശലേമിൽ വാണു. ആഹാബിന്‍റെ കുടുംബത്തെപ്പോലെ അവൻ യിസ്രായേൽ രാജാക്കന്മാരുടെ തെറ്റായ വഴിയിൽ നടന്നു; ആഹാബിന്‍റെ മകൾ അവനു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു. എന്നാൽ യഹോവ ദാവീദിനോട് ചെയ്തിരുന്ന നിയമം നിമിത്തം അവനും, അവന്‍റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്‌പ്പോഴും കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതിനാൽ, ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവനു മനസ്സില്ലായിരുന്നു.

2 ദിനവൃത്താന്തം 21:4-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താൻ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു. യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. ആഹാബ് ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ് ഗൃഹത്തെ നശിപ്പിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.

2 ദിനവൃത്താന്തം 21:4-7 സമകാലിക മലയാളവിവർത്തനം (MCV)

യെഹോരാം പിതാവിന്റെ സിംഹാസനത്തിൽ ആരൂഢനായി, തന്റെ നില ഭദ്രമാക്കിക്കഴിഞ്ഞപ്പോൾ തന്റെ എല്ലാ സഹോദരന്മാരെയും ചില ഇസ്രായേൽ പ്രഭുക്കന്മാരെയും വാളിനിരയാക്കി. രാജാവാകുമ്പോൾ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ എട്ടുവർഷം വാണു. അദ്ദേഹം ആഹാബിന്റെ ഒരു മകളെയാണ് വിവാഹംചെയ്തിരുന്നത്. അതിനാൽ ആഹാബുഗൃഹം ചെയ്തതുപോലെതന്നെ അദ്ദേഹവും ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യെഹോരാം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. എന്നിരുന്നാലും താൻ ദാവീദുമായി ചെയ്തിരുന്ന ഉടമ്പടിമൂലം അദ്ദേഹത്തിന്റെ ഭവനത്തെ നശിപ്പിക്കാൻ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി ഒരു വിളക്ക് എപ്പോഴും പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.