2 ദിനവൃത്താന്തം 21:16-20

2 ദിനവൃത്താന്തം 21:16-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അറബികളുടെയും മനസ്സ് യെഹോരാമിന്റെ നേരേ ഉണർത്തി; അവർ യെഹൂദായിലേക്കു വന്ന് അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകല വസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ട് അവന്റെ ഇളയമകനായ യെഹോവാഹാസ്സല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു. കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ട് ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവനുവേണ്ടി ദഹനം കഴിച്ചില്ല. അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവൻ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.

2 ദിനവൃത്താന്തം 21:16-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹോരാമിനെതിരെ പോരാടാനുള്ള ആവേശം എത്യോപ്യരുടെ അടുത്തു പാർത്തിരുന്ന ഫെലിസ്ത്യരിലും അറബികളിലും സർവേശ്വരൻ ഉണർത്തി. അവർ യെഹൂദ്യയെ ആക്രമിച്ചു; രാജകൊട്ടാരത്തിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; രാജാവിന്റെ പുത്രന്മാരെയും ഭാര്യമാരെയും അവർ പിടിച്ചുകൊണ്ടുപോയി. ഇളയപുത്രൻ അഹസ്യാ അല്ലാതെ ആരും ശേഷിച്ചില്ല. അതിനുശേഷം സർവേശ്വരൻ അദ്ദേഹത്തിന്റെ കുടലിൽ ഒരു തീരാവ്യാധി വരുത്തി. ക്രമേണ അദ്ദേഹത്തിന്റെ രോഗം വർധിച്ചു. രണ്ടു വർഷങ്ങൾക്കു ശേഷം, കുടൽ പുറത്തു ചാടി കഠിനവേദനയോടെ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ മരണാനന്തരം അഗ്നികുണ്ഡം ഒരുക്കി അവരെ ബഹുമാനിച്ചിരുന്നതുപോലെ ജനം അദ്ദേഹത്തെ ബഹുമാനിച്ചില്ല. വാഴ്ച ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. എട്ടു വർഷം അദ്ദേഹം യെരൂശലേമിൽ ഭരിച്ചു; അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ ആയിരുന്നില്ല അദ്ദേഹത്തെ സംസ്കരിച്ചത്.

2 ദിനവൃത്താന്തം 21:16-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യഹോവ കൂശ്യരുടെ സമീപത്തുള്ള ഫെലിസ്ത്യരേയും, അരാബ്യരെയും യെഹോരാമിനോട് പോരാടാൻ പ്രേരിപ്പിച്ചു; അവർ യെഹൂദയിൽ വന്ന് അതിനെ ആക്രമിച്ചു; രാജധാനിയിൽ കണ്ട സകല വസ്തുവകകളും അപഹരിച്ചു; അവന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പിടിച്ചു കൊണ്ടുപോയി; അവന്‍റെ ഇളയമകനായ യെഹോവാഹാസ് അല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ, അവന്‍റെ കുടലിൽ, പൊറുക്കാത്ത ഒരു രോഗം അയച്ചു. കാലക്രമേണ രോഗം മൂർഛിക്കയും രണ്ടു വര്‍ഷം കഴിഞ്ഞ് അവന്‍റെ കുടൽ പുറത്തുചാടി, അവൻ കഠിനവേദനയാൽ മരിക്കയും ചെയ്തു; അവന്‍റെ ജനം അവന്‍റെ പിതാക്കന്മാരെപോലെ അവനെ ബഹുമാനിച്ച് അഗ്നികുണ്ഡം ഒരുക്കിയില്ല. അവൻ വാഴ്ച തുടങ്ങിയപ്പോൾ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ട് വര്‍ഷം യെരൂശലേമിൽ വാണു. അവന്‍റെ മരണത്തിൽ ആരും ദുഖിച്ചില്ല. അവനെ ദാവീദിന്‍റെ നഗരത്തിൽ അടക്കം ചെയ്തു എങ്കിലും രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു.

2 ദിനവൃത്താന്തം 21:16-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണർത്തി; അവർ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു. കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല. അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.

2 ദിനവൃത്താന്തം 21:16-20 സമകാലിക മലയാളവിവർത്തനം (MCV)

കൂശ്യരുടെ അടുത്ത് താമസിച്ചിരുന്ന ഫെലിസ്ത്യരിലും അറബികളിലും യഹോവ യെഹോരാമിനെതിരേ ശത്രുത ഉളവാക്കി. അവർ യെഹൂദയ്ക്കെതിരേ പുറപ്പെട്ട് അതിനെ ആക്രമിച്ചു. രാജകൊട്ടാരത്തിൽക്കണ്ട സകലവസ്തുവകകളും, അദ്ദേഹത്തിന്റെ ഭാര്യമാർ, പുത്രന്മാർ എന്നിവരോടൊപ്പം അപഹരിച്ചുകൊണ്ടുപോയി. ഇളയമകൻ യഹോവാഹാസല്ലാതെ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരുവനും ശേഷിച്ചില്ല. ഇതെല്ലാം കഴിഞ്ഞപ്പോൾ, യഹോവ അദ്ദേഹത്തെ കുടലിലെ മാറാവ്യാധിയാൽ പീഡിപ്പിച്ചു. ക്രമേണ, രണ്ടുവർഷം കഴിഞ്ഞപ്പോൾ വ്യാധിമൂലം അദ്ദേഹത്തിന്റെ കുടൽമാല വെളിയിൽ വന്നു. അദ്ദേഹം കഠിനവേദനയിൽ മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെ ജനം അഗ്നികുണ്ഡം കൂട്ടി അദ്ദേഹത്തെ ബഹുമാനിച്ചില്ല. രാജാവാകുമ്പോൾ യെഹോരാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം എട്ടുവർഷം ജെറുശലേമിൽ ഭരണംനടത്തി. അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറയിൽ ആയിരുന്നില്ലതാനും.