2 ദിനവൃത്താന്തം 20:31-37

2 ദിനവൃത്താന്തം 20:31-37 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യെഹോശാഫാത്ത് യെഹൂദായിൽ വാണു; വാണു തുടങ്ങിയപ്പോൾ അവനു മുപ്പത്തഞ്ച് വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മയ്ക്ക് അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. അവൻ തന്റെ അപ്പനായ ആസായുടെ വഴിയിൽ നടന്ന് അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യേഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു. അവൻ തർശ്ശീശിലേക്ക് ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവച്ചു കപ്പലുകളുണ്ടാക്കി. എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തർശ്ശീശിലേക്ക് ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.

2 ദിനവൃത്താന്തം 20:31-37 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദ്യയിൽ വാഴ്ച ആരംഭിച്ചപ്പോൾ യെഹോശാഫാത്തിനു മുപ്പത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തഞ്ചു വർഷം യെരൂശലേമിൽ അദ്ദേഹം വാണു. ശിൽഹിയുടെ പുത്രി അസൂബാ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്. തന്റെ പിതാവായ ആസയെപ്പോലെ അദ്ദേഹം ജീവിച്ചു; സർവേശ്വരന്റെ മുമ്പാകെ നീതിപൂർവം വർത്തിച്ചു. എങ്കിലും പൂജാഗിരികൾ അദ്ദേഹം നീക്കം ചെയ്തില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിൽ ഹൃദയം ഉറപ്പിച്ചിരുന്നുമില്ല. യെഹോശാഫാത്തിന്റെ മറ്റു പ്രവർത്തനങ്ങൾ ആദ്യന്തം ഹനാനിയുടെ പുത്രൻ യേഹൂവിന്റെ വൃത്താന്തത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നു. അതിനുശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവായ അഹസ്യായുമായി സഖ്യത്തിൽ ഏർപ്പെട്ടു. അഹസ്യാ ദുഷ്കർമിയായിരുന്നു. അവർ ഒന്നിച്ചാണു തർശീശിലേക്കു പോകാനുള്ള കപ്പലുകൾ എസ്യോൻ-ഗേബെരിൽ വച്ചു നിർമ്മിച്ചത്. മാരേശക്കാരനായ ദോദാവയുടെ പുത്രൻ എലീയേസെർ യെഹോശാഫാത്തിനെതിരെ ഇങ്ങനെ പ്രവചിച്ചു: “അഹസ്യായുമായി സഖ്യം ചെയ്തതുകൊണ്ട് നീ നിർമ്മിച്ചതെല്ലാം സർവേശ്വരൻ തകർത്തുകളയും.” അങ്ങനെ തർശീശിലേക്കു പോകാൻ ഇടയാകാതെ കപ്പലുകളെല്ലാം തകർന്നുപോയി.

2 ദിനവൃത്താന്തം 20:31-37 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

യെഹോശാഫാത്ത് യെഹൂദയിൽ രാജാവായി വാഴ്ച തുടങ്ങിയപ്പോൾ അവന് മുപ്പത്തഞ്ചു വയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു വര്‍ഷം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അസൂബാ എന്നു പേരായിരുന്നു; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. അവൻ തന്‍റെ അപ്പനായ ആസായുടെ വഴിയിൽ നടന്ന്, അതു വിട്ടുമാറാതെ യഹോവയ്ക്ക് പ്രസാദമായത് ചെയ്തു. എങ്കിലും പൂജാഗിരികൾക്ക് നീക്കംവന്നില്ല; ജനം തങ്ങളുടെ ഹൃദയം പിതാക്കന്മാരുടെ ദൈവത്തിങ്കലേക്ക് തിരിച്ചതുമില്ല. യെഹോശാഫാത്തിന്‍റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം യിസ്രായേൽ രാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യേഹൂവിന്‍റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അതിനുശേഷം യെഹൂദാ രാജാവായ യെഹോശാഫാത്ത് യിസ്രായേൽ രാജാവായ അഹസ്യാവോട് സഖ്യതയിൽ ഏർപ്പെട്ടു. അഹസ്യാവ് മഹാ ദുഷ്പ്രവൃത്തിക്കാരനായിരുന്നു. അവൻ തർശ്ശീശിലേക്ക് പോകാൻ കപ്പലുകൾ ഉണ്ടാക്കുന്നതിനായി അവനോട് യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവച്ച് കപ്പലുകളുണ്ടാക്കി. എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന് വിരോധമായി പ്രവചിച്ചു: “നീ അഹസ്യാവിനോട് സഖ്യത ചെയ്തതുകൊണ്ട് യഹോവ നിന്‍റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. കപ്പലുകൾ തർശ്ശീശിലേക്കു പോകുവാൻ കഴിയാതെ തകർന്നുപോയി.

2 ദിനവൃത്താന്തം 20:31-37 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യെഹോശാഫാത്ത് യെഹൂദയിൽ വാണു; വാണുതുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്നു അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല. യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു. അവൻ തർശീശിലേക്കു ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകളുണ്ടാക്കി. എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.

2 ദിനവൃത്താന്തം 20:31-37 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ യെഹോശാഫാത്ത് യെഹൂദ്യയിൽ വാണു. രാജഭരണം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയഞ്ചുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഇരുപത്തിയഞ്ചുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അസൂബാ എന്നായിരുന്നു. അവൾ ശിൽഹിയുടെ മകളായിരുന്നു. അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. എന്നിരുന്നാലും, ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന് ഹൃദയം പരിപൂർണമായി സമർപ്പിച്ചിരുന്നതുമില്ല. യെഹോശാഫാത്തിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ ആദ്യവസാനം, ഹനാനിയുടെ മകനായ യേഹുവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. അവ ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടൊരിക്കൽ, യെഹൂദാരാജാവായ യെഹോശാഫാത്ത് ദുഷ്‌പ്രവൃത്തിക്കാരനായ ഇസ്രായേൽരാജാവായ അഹസ്യാവുമായി സഖ്യംചെയ്തു. ഒരു കച്ചവടക്കപ്പൽവ്യൂഹം നിർമിക്കാൻ അദ്ദേഹം അഹസ്യാവോടു കൂട്ടുചേർന്നു. എസ്യോൻ-ഗേബെറിൽവെച്ച് അവ പണിയിക്കപ്പെട്ടു. മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസർ യെഹോശാഫാത്തിനെതിരായി പ്രവചിച്ചു പറഞ്ഞു: “അഹസ്യാവുമായി സഖ്യം ചെയ്തതിനാൽ നീ നിർമിച്ചതിനെ യഹോവ തകർത്തുകളയും.” കപ്പലുകളെല്ലാം തകർന്നുപോയി. കച്ചവടത്തിനായി അവ കടലിലിറക്കാൻ കഴിഞ്ഞതുമില്ല.