2 ദിനവൃത്താന്തം 16:1-9

2 ദിനവൃത്താന്തം 16:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആസായുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശ യെഹൂദായ്ക്കു നേരേ വന്നു; യെഹൂദാ രാജാവായ ആസായുടെ അടുക്കൽ വരത്തുപോക്കിന് ആരെയും സമ്മതിക്കാതവണ്ണം രാമായെ പണിത് ഉറപ്പിച്ചു. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാംരാജാവായ ബെൻ-ഹദദിനു കൊടുത്തയച്ചു: എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിനു നീ ചെന്ന് അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു. ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരേ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭാരനഗരങ്ങളും പിടിച്ചടക്കി. ബയെശ അതു കേട്ടപ്പോൾ രാമായെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവച്ചു. അപ്പോൾ ആസാരാജാവ് യെഹൂദ്യരെയൊക്കെയും കൂട്ടി, ബയെശ പണിത രാമായുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി: അവൻ അവകൊണ്ടു ഗേബയും മിസ്പായും പണിതുറപ്പിച്ചു. ആ കാലത്തു ദർശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത് എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ട് അരാംരാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്നു തെറ്റിപ്പോയിരിക്കുന്നു. കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ട് അവൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചുതന്നു. യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കുവേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.

2 ദിനവൃത്താന്തം 16:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ ഇസ്രായേൽരാജാവായ ബയെശാ യെഹൂദായ്‍ക്കെതിരെ പുറപ്പെട്ടു; ആസയുമായി ആരും ബന്ധപ്പെടാതിരിക്കാൻ രാമ നഗരം അദ്ദേഹം കോട്ട കെട്ടി ഉറപ്പിക്കാൻ തുടങ്ങി. ആസ സർവേശ്വരന്റെ ആലയത്തിലും രാജധാനിയിലും ഉള്ള ഭണ്ഡാരങ്ങളിൽ സൂക്ഷിച്ചിരുന്ന വെള്ളിയും സ്വർണവും ദമാസ്ക്കസിൽ പാർത്തിരുന്ന സിറിയാരാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചുകൊണ്ട് അഭ്യർഥിച്ചു: “എന്റെ പിതാവും അങ്ങയുടെ പിതാവും തമ്മിൽ ഉണ്ടായിരുന്ന സഖ്യംപോലെ നമുക്കു തമ്മിലും ഒരു സഖ്യം ഉണ്ടാക്കാം. ഇതാ വെള്ളിയും സ്വർണവും ഞാൻ സമ്മാനമായി കൊടുത്തയയ്‍ക്കുന്നു. ഇസ്രായേൽരാജാവായ ബയെശയുമായുള്ള സഖ്യം അങ്ങ് അവസാനിപ്പിക്കുക. അപ്പോൾ അയാൾ എന്റെ ദേശത്തുനിന്നു പിന്മാറും.” ആസരാജാവിന്റെ അഭ്യർഥന സ്വീകരിച്ചുകൊണ്ട് ഇസ്രായേൽപട്ടണങ്ങൾക്കെതിരെ ബെൻ-ഹദദ് സൈന്യാധിപന്മാരെ അയച്ചു. അവർ ഈയോൻ, ദാൻ, ആബേൽ-മയീം എന്നീ പട്ടണങ്ങളും നഫ്താലിയുടെ സകല സംഭരണനഗരങ്ങളും പിടിച്ചടക്കി. ഈ വാർത്ത അറിഞ്ഞ ബയെശ രാമയുടെ പണി നിർത്തിവച്ചു. ആസരാജാവ് യെഹൂദ്യനിവാസികളെയെല്ലാം കൂട്ടിക്കൊണ്ട് രാമയുടെ പണിക്കു ബയെശ ശേഖരിച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുവന്ന് അവകൊണ്ട് ഗേബ, മിസ്പാ എന്നീ പട്ടണങ്ങൾ പണിതു. ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കൽ വന്നു പറഞ്ഞു: “അങ്ങ് അങ്ങയുടെ ദൈവമായ സർവേശ്വരനെ ആശ്രയിക്കാതെ സിറിയാരാജാവിനെ ആശ്രയിച്ചതുകൊണ്ട് സിറിയാരാജാവിന്റെ സൈന്യം അങ്ങയുടെ കൈയിൽനിന്നു രക്ഷപ്പെട്ടു. അനവധി രഥങ്ങളും കുതിരപ്പടയാളികളുമുള്ള ഒരു വലിയ സൈന്യമായിരുന്നില്ലേ എത്യോപ്യർക്കും ലിബിയാക്കാർക്കും ഉണ്ടായിരുന്നത്? എങ്കിലും അങ്ങു സർവേശ്വരനെ ആശ്രയിച്ചതുകൊണ്ട് അവിടുന്ന് അവരെ അങ്ങയുടെ കൈയിൽ ഏല്പിച്ചുതന്നു. തന്റെ മുമ്പാകെ നിഷ്കളങ്കരായി ജീവിക്കുന്നവരെ സംരക്ഷിക്കാൻ ഭൂമിയിലെല്ലാം സർവേശ്വരൻ തന്റെ ദൃഷ്‍ടി പതിപ്പിക്കുന്നു. ഇക്കാര്യത്തിൽ അങ്ങു ഭോഷത്തമാണു പ്രവർത്തിച്ചത്. ഇപ്പോൾമുതൽ അങ്ങേക്കു യുദ്ധങ്ങളെ നേരിടേണ്ടിവരും.”

2 ദിനവൃത്താന്തം 16:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ആസാ വാഴ്ചതുടങ്ങി മുപ്പത്താറാം ആണ്ടിൽ യിസ്രായേൽ രാജാവായ ബയെശാ യെഹൂദക്കെതിരെ പുറപ്പെട്ടു; ആസായുടെ അടുക്കൽ വരുകയോ പോകയോ ചെയ്യാൻ ആരെയും സമ്മതിക്കാതെ രാമായെ ഉറപ്പായി പണിതു. അപ്പോൾ ആസാ, യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്ത് ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചു: എന്‍റെ അപ്പനും നിന്‍റെ അപ്പനും തമ്മിൽ സഖ്യതയുണ്ടായിരുന്നതുപോലെ നമുക്കു തമ്മിൽ സഖ്യതയിൽ ഏർപ്പെടാം; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽ രാജാവായ ബയെശാ എന്നെവിട്ടു പോകേണ്ടതിന് നീ അവനോടുള്ള നിന്‍റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു. ബെൻ-ഹദദ് ആസാ രാജാവിന്‍റെ വാക്കുകേട്ടു തന്‍റെ സേനാധിപതിമാരെ യിസ്രായേൽ പട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭരണ നഗരങ്ങളും പിടിച്ചടക്കി. ബയെശാ അത് കേട്ടപ്പോൾ രാമായെ പണിയുന്നത് നിർത്തി വച്ചു. അപ്പോൾ ആസാ രാജാവ് എല്ലാ യെഹൂദ്യരെയും കൂട്ടി, ബയെശാ പണിത രാമായുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി; അവൻ അവ കൊണ്ടു ഗിബ, മിസ്പ, എന്നീ പട്ടണങ്ങൾ പണിതു. ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസായുടെ അടുക്കൽവന്ന് അവനോട് പറഞ്ഞത് എന്തെന്നാൽ: “നീ നിന്‍റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാം രാജാവിൽ ആശ്രയിക്കകൊണ്ടു അരാം രാജാവിന്‍റെ സൈന്യം നിന്‍റെ കയ്യിൽനിന്ന് രക്ഷപ്പെട്ടിരിക്കുന്നു. കൂശ്യരും, ലൂബ്യരും അനവധി രഥങ്ങളോടും കുതിരപ്പടയാളികളോടും കൂടിയ ഒരു മഹാ സൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു യഹോവ അവരെ നിന്‍റെ കയ്യിൽ ഏല്പിച്ചുതന്നു. യഹോവയുടെ കണ്ണ് തന്നിൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്തന്നെ ബലവാൻ എന്നു കാണിക്കേണ്ടതിന് ഭൂമിയിലെല്ലാടവും നോക്കിക്കൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു; അതുകൊണ്ട് ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”

2 ദിനവൃത്താന്തം 16:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശാ യെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കൽ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന്നു കൊടുത്തയച്ചു: എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മിൽ സഖ്യതയുണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു. ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി. ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു. അപ്പോൾ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി: അവൻ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു. ആ കാലത്തു ദർശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്നു തെറ്റിപ്പോയിരിക്കുന്നു. കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു. യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നേത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.

2 ദിനവൃത്താന്തം 16:1-9 സമകാലിക മലയാളവിവർത്തനം (MCV)

ആസായുടെ ഭരണത്തിന്റെ മുപ്പത്തിയാറാംവർഷത്തിൽ യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു. അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത്, ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയച്ചു. എന്നിട്ട് ഈ വിധം പറഞ്ഞു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!” ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഈയോൻ, ദാൻ, ആബേൽ-മയീം എന്നിവയും നഫ്താലിയിലെ സകലഭണ്ഡാരനഗരങ്ങളും ആക്രമിച്ചു കീഴടക്കി. ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കുകയും ആ ഉദ്യമംതന്നെ ഉപേക്ഷിക്കുകയും ചെയ്തു. അതിനുശേഷം, ആസാരാജാവ് യെഹൂദ്യയിലുള്ള സകലരെയും കൂട്ടിക്കൊണ്ടുചെന്ന് ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ച് അദ്ദേഹം ഗേബായും മിസ്പായും പണിയിച്ചു. ആ സമയത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുത്തുവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിച്ചതുകൊണ്ട് അരാംരാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്നു രക്ഷപ്പെട്ടിരിക്കുന്നു. കൂശ്യരും, ലൂബ്യരും അസംഖ്യം രഥങ്ങളോടും കുതിരപ്പടയോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലേ? എന്നിട്ടും നീ യഹോവയിൽ ആശ്രയിച്ചപ്പോൾ അവിടന്ന് അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. യഹോവയുടെ കണ്ണ്, തന്നിൽ ഏകാഗ്രചിത്തരായവരെ ശക്തിയോടെ പിന്താങ്ങുന്നതിനുവേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ഇപ്പോൾമുതൽ നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”