ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ ഇസ്രായേൽരാജാവായ ബയെശാ യെഹൂദായ്‍ക്കെതിരെ പുറപ്പെട്ടു; ആസയുമായി ആരും ബന്ധപ്പെടാതിരിക്കാൻ രാമ നഗരം അദ്ദേഹം കോട്ട കെട്ടി ഉറപ്പിക്കാൻ തുടങ്ങി. ആസ സർവേശ്വരന്റെ ആലയത്തിലും രാജധാനിയിലും ഉള്ള ഭണ്ഡാരങ്ങളിൽ സൂക്ഷിച്ചിരുന്ന വെള്ളിയും സ്വർണവും ദമാസ്ക്കസിൽ പാർത്തിരുന്ന സിറിയാരാജാവായ ബെൻ-ഹദദിന് കൊടുത്തയച്ചുകൊണ്ട് അഭ്യർഥിച്ചു: “എന്റെ പിതാവും അങ്ങയുടെ പിതാവും തമ്മിൽ ഉണ്ടായിരുന്ന സഖ്യംപോലെ നമുക്കു തമ്മിലും ഒരു സഖ്യം ഉണ്ടാക്കാം. ഇതാ വെള്ളിയും സ്വർണവും ഞാൻ സമ്മാനമായി കൊടുത്തയയ്‍ക്കുന്നു. ഇസ്രായേൽരാജാവായ ബയെശയുമായുള്ള സഖ്യം അങ്ങ് അവസാനിപ്പിക്കുക. അപ്പോൾ അയാൾ എന്റെ ദേശത്തുനിന്നു പിന്മാറും.” ആസരാജാവിന്റെ അഭ്യർഥന സ്വീകരിച്ചുകൊണ്ട് ഇസ്രായേൽപട്ടണങ്ങൾക്കെതിരെ ബെൻ-ഹദദ് സൈന്യാധിപന്മാരെ അയച്ചു. അവർ ഈയോൻ, ദാൻ, ആബേൽ-മയീം എന്നീ പട്ടണങ്ങളും നഫ്താലിയുടെ സകല സംഭരണനഗരങ്ങളും പിടിച്ചടക്കി. ഈ വാർത്ത അറിഞ്ഞ ബയെശ രാമയുടെ പണി നിർത്തിവച്ചു. ആസരാജാവ് യെഹൂദ്യനിവാസികളെയെല്ലാം കൂട്ടിക്കൊണ്ട് രാമയുടെ പണിക്കു ബയെശ ശേഖരിച്ചിരുന്ന കല്ലും തടിയും എടുത്തുകൊണ്ടുവന്ന് അവകൊണ്ട് ഗേബ, മിസ്പാ എന്നീ പട്ടണങ്ങൾ പണിതു. ആ കാലത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസയുടെ അടുക്കൽ വന്നു പറഞ്ഞു: “അങ്ങ് അങ്ങയുടെ ദൈവമായ സർവേശ്വരനെ ആശ്രയിക്കാതെ സിറിയാരാജാവിനെ ആശ്രയിച്ചതുകൊണ്ട് സിറിയാരാജാവിന്റെ സൈന്യം അങ്ങയുടെ കൈയിൽനിന്നു രക്ഷപ്പെട്ടു. അനവധി രഥങ്ങളും കുതിരപ്പടയാളികളുമുള്ള ഒരു വലിയ സൈന്യമായിരുന്നില്ലേ എത്യോപ്യർക്കും ലിബിയാക്കാർക്കും ഉണ്ടായിരുന്നത്? എങ്കിലും അങ്ങു സർവേശ്വരനെ ആശ്രയിച്ചതുകൊണ്ട് അവിടുന്ന് അവരെ അങ്ങയുടെ കൈയിൽ ഏല്പിച്ചുതന്നു. തന്റെ മുമ്പാകെ നിഷ്കളങ്കരായി ജീവിക്കുന്നവരെ സംരക്ഷിക്കാൻ ഭൂമിയിലെല്ലാം സർവേശ്വരൻ തന്റെ ദൃഷ്‍ടി പതിപ്പിക്കുന്നു. ഇക്കാര്യത്തിൽ അങ്ങു ഭോഷത്തമാണു പ്രവർത്തിച്ചത്. ഇപ്പോൾമുതൽ അങ്ങേക്കു യുദ്ധങ്ങളെ നേരിടേണ്ടിവരും.”
2 CHRONICLE 16 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: 2 CHRONICLE 16:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ഭവനം
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ