1 തിമൊഥെയൊസ് 5:1-8

1 തിമൊഥെയൊസ് 5:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവയ്ക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പേ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ച് അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‍വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവച്ചു രാപ്പകൽ യാചനയിലും പ്രാർഥനയിലും ഉറ്റുപാർക്കുന്നു. കാമുകിയായവളോ ജീവിച്ചിരിക്കയിൽത്തന്നെ ചത്തവൾ. അവർ നിരപവാദ്യമാരായിരിക്കേണ്ടതിനു നീ ഇത് ആജ്ഞാപിക്ക. തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.

1 തിമൊഥെയൊസ് 5:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പ്രായം ചെന്നവരെ ശകാരിക്കരുത്; നിന്റെ പിതാവിനെ എന്നവണ്ണം അവരെ ഉദ്ബോധിപ്പിക്കുക. ചെറുപ്പക്കാരെ സഹോദരന്മാരെപ്പോലെയും പ്രായം ചെന്ന സ്‍ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ തികച്ചും നിർമ്മലഹൃദയത്തോടുകൂടി സഹോദരിമാരെപ്പോലെയും കരുതി ഉപദേശിക്കുക. യഥാർഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്‍ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ അവർ ഒന്നാമത് സ്വന്തം കുടുംബത്തോടുള്ള ധർമം അനുസരിച്ച് തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കുവാൻ പഠിക്കട്ടെ; അതു ദൈവത്തിനു പ്രസാദകരമായിരിക്കും. യഥാർഥത്തിൽ വൈധവ്യം പ്രാപിച്ച്, ഏകാകിനിയായിത്തീർന്നിരിക്കുന്നവൾ ദൈവത്തിൽ പ്രത്യാശ ഉറപ്പിച്ച്, രാവും പകലും ദൈവത്തോടു വിനീതമായി അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. എന്നാൽ അവൾ സുഖഭോഗങ്ങളിൽ മുഴുകിയിരിക്കുന്നെങ്കിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളായിരിക്കും. വിധവമാർ അപവാദങ്ങൾക്ക് അതീതരായിരിക്കണമെന്ന കാര്യം കർശനമായി ഉദ്ബോധിപ്പിക്കുക. ഒരുവൻ ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ, അയാൾ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാൾ അധമനും ആകുന്നു.

1 തിമൊഥെയൊസ് 5:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പ്രായത്തിൽ മൂത്തവനെ ശകാരിക്കാതെ പിതാവിനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും പ്രായമായ സ്ത്രീകളെ മാതാക്കളെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്കുക. യഥാർത്ഥ വിധവമാരായിരിക്കുന്നവരെ മാനിക്കുക. ഏതെങ്കിലും വിധവയ്ക്ക് മക്കളും കൊച്ചുമക്കളും ഉണ്ടെങ്കിൽ, അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിക്കുവാനും അമ്മയപ്പന്മാർക്ക് പ്രത്യുപകാരം ചെയ്യുവാനും പഠിക്കട്ടെ; എന്തുകൊണ്ടെന്നാൽ ഇത് ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. യഥാർത്ഥ വിധവയും കൈവിടപ്പെട്ടവളുമായവൾ ദൈവത്തിൽ പ്രത്യാശവയ്ക്കുകയും രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും തുടരുകയും ചെയ്യുന്നു. എന്നാൽ സുഖഭോഗജീവിതം ആഗ്രഹിക്കുന്നവളോ ജീവിച്ചിരിക്കയിൽ തന്നെ മരിച്ചവൾ ആകുന്നു. അവർ അപവാദമില്ലാത്തവർ ആയിരിക്കേണ്ടതിന് നീ ഇത് ആജ്ഞാപിക്കുക. തനിക്കുള്ളവരോടും പ്രത്യേകിച്ച് സ്വന്ത കുടുംബത്തോടും കരുതലില്ലാത്തവൻ, റ്വിശ്വാസം തള്ളിക്കളയുകയും അവിശ്വാസിയെക്കാൾ വഷളനായിത്തീരുകയും ചെയ്യുന്നു.

1 തിമൊഥെയൊസ് 5:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

മൂത്തവനെ ഭർത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണ്ണനിർമ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക. സാക്ഷാൽ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക. വല്ല വിധവെക്കും പുത്രപൗത്രന്മാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്തകുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പന്മാർക്കു പ്രത്യുപകാരം ചെയ്‌വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു. സാക്ഷാൽ വിധവയും ഏകാകിയുമായവൾ ദൈവത്തിൽ ആശവെച്ചു രാപ്പകൽ യാചനയിലും പ്രാർത്ഥനയിലും ഉറ്റുപാർക്കുന്നു. കാമുകിയായവളോ ജീവിച്ചിരിക്കയിൽ തന്നേ ചത്തവൾ. അവർ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക. തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.

1 തിമൊഥെയൊസ് 5:1-8 സമകാലിക മലയാളവിവർത്തനം (MCV)

നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്. പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക. അശരണരായ വിധവകളെ ബഹുമാനിക്കുക. എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്. അശരണയും ഏകാകിനിയുമായ വിധവ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു രാവും പകലും യാചനയിലും പ്രാർഥനയിലും വ്യാപൃതയാകട്ടെ. എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്. ദൈവജനം അപവാദങ്ങൾക്ക് അതീതരായിരിക്കേണ്ടതിന് ഇത് അവരോട് ആജ്ഞാപിക്കുക. ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.