1 തിമോത്തിയോസ് 5:1-8

1 തിമോത്തിയോസ് 5:1-8 MCV

നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്. പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക. അശരണരായ വിധവകളെ ബഹുമാനിക്കുക. എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്. അശരണയും ഏകാകിനിയുമായ വിധവ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു രാവും പകലും യാചനയിലും പ്രാർഥനയിലും വ്യാപൃതയാകട്ടെ. എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്. ദൈവജനം അപവാദങ്ങൾക്ക് അതീതരായിരിക്കേണ്ടതിന് ഇത് അവരോട് ആജ്ഞാപിക്കുക. ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.