1 തെസ്സലൊനീക്യർ 5:12-24
1 തെസ്സലൊനീക്യർ 5:12-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞ് അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ. സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ; എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. ആത്മാവിനെ കെടുക്കരുത്. പ്രവചനം തുച്ഛീകരിക്കരുത്. സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിൻ. സകലവിധ ദോഷവും വിട്ടകലുവിൻ. സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിക്കും.
1 തെസ്സലൊനീക്യർ 5:12-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കുകയും ക്രിസ്തീയജീവിതത്തിൽ നിങ്ങളെ വഴികാട്ടി നയിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ യഥോചിതം സമാദരിക്കണമെന്ന് ഞങ്ങൾ നിങ്ങളോടപേക്ഷിക്കുന്നു. അവർ ചെയ്ത അധ്വാനത്തെ പ്രതി നിങ്ങൾ അങ്ങേയറ്റം ആദരത്തോടും സ്നേഹത്തോടുംകൂടി അവരോടു പെരുമാറുക. നിങ്ങൾ സമാധാനമുള്ളവരായി ജീവിക്കുക. സഹോദരരേ, ഞങ്ങൾ നിങ്ങളെ ശക്തമായി പ്രബോധിപ്പിക്കുന്നത് ഇതാണ്: അലസന്മാർക്കു താക്കീതു നല്‌കുക; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുക; ബലഹീനരെ സഹായിക്കുക; എല്ലാവരോടും സഹിഷ്ണുത കാണിക്കുക. ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. തമ്മിൽത്തമ്മിൽ എന്നല്ല, എല്ലാവർക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാർഥിക്കുക; എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക; ഇതാണ് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നിങ്ങളുടെ ജീവിതത്തിൽനിന്നു ദൈവം ആഗ്രഹിക്കുന്നത്. ആത്മാവിന്റെ പ്രകാശം നിങ്ങൾ കെടുത്തിക്കളയരുത്. പ്രവചനം അവഗണിക്കുകയുമരുത്. സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക. എല്ലാവിധ ദോഷവും പരിത്യജിക്കുക. നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനവേളയിൽ തികച്ചും കുറ്റമറ്റതായിരിക്കുവാൻ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അവിടുന്ന് അതു നിറവേറ്റും.
1 തെസ്സലൊനീക്യർ 5:12-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കുകയും കർത്താവിൽ നിങ്ങളെ ഭരിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ അംഗീകരിച്ചും അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ പരിഗണിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. അന്യോന്യം സമാധാനമായിരിപ്പിൻ. സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: അലസന്മാരെ ശാസിക്കുക; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിക്കുവിൻ. ആരും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ; എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിക്കുവിൻ എല്ലാറ്റിനും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിൽ ദൈവേഷ്ടം. ആത്മാവിനെ വിലക്കരുത്. പ്രവചനങ്ങളെ നിസ്സാരമാക്കരുത്. സകലവും ശോധനചെയ്ത് നല്ലത് മുറുകെ പിടിപ്പിൻ. സകലവിധദോഷവും വിട്ടകലുവിൻ. സമാധാനത്തിന്റെ ദൈവം തന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അത് നിവർത്തിയ്ക്കും.
1 തെസ്സലൊനീക്യർ 5:12-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, നിങ്ങളുടെ ഇടയിൽ അദ്ധ്വാനിക്കയും കർത്താവിൽ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മിൽ സമാധാനമായിരിപ്പിൻ. സഹോദരന്മാരേ, ഞങ്ങൾ നിങ്ങളെ പ്രബോധിപ്പിക്കുന്നതു: ക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിൻ; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ. ആരും തിന്മക്കു പകരം തിന്മ ചെയ്യാതിരിപ്പാൻ നോക്കുവിൻ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിൻ; എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർത്ഥിപ്പിൻ എല്ലാറ്റിന്നും സ്തോത്രം ചെയ്വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. ആത്മാവിനെ കെടുക്കരുതു. പ്രവചനം തുച്ഛീകരിക്കരുതു. സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ. സകലവിധദോഷവും വിട്ടകലുവിൻ. സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ. നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തൻ ആകുന്നു; അവൻ അതു നിവർത്തിക്കും.
1 തെസ്സലൊനീക്യർ 5:12-24 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു. അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക. സഹോദരങ്ങളേ, നിങ്ങൾക്കുള്ള ഞങ്ങളുടെ പ്രോത്സാഹനമോ: അലസരെ ശാസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഉത്തേജിപ്പിക്കുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ക്ഷമാപൂർവം പെരുമാറുക. നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക. എപ്പോഴും ആനന്ദിക്കുക; നിരന്തരം പ്രാർഥിക്കുക; എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു. ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്; പ്രവചനം നിസ്സാരവൽക്കരിക്കരുത്. സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക. എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക. സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ. നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.