1 THESALONIKA 5
5
കർത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങുക
1സഹോദരരേ, ഇതൊക്കെ സംഭവിക്കുന്ന കാലവും സമയവും സംബന്ധിച്ച് ഒന്നും നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല. 2രാത്രിയിൽ കള്ളൻ എന്നതുപോലെ കർത്താവിന്റെ ദിവസം വന്നു ചേരുമെന്നു നിങ്ങൾക്കു നന്നായി അറിയാം. 3“എല്ലാം ശാന്തമായിരിക്കുന്നു; ഒന്നും ഭയപ്പെടേണ്ടതില്ല” എന്ന് ആളുകൾ പറയുമ്പോൾ പെട്ടെന്നു നാശം വന്നു ഭവിക്കും! ഗർഭിണിക്കു പ്രസവേദനയുണ്ടാകുന്നതുപോലെ ആയിരിക്കും അത്; അതിൽനിന്നു തെറ്റി ഒഴിയുക അസാധ്യമാണ്. 4എന്നാൽ സഹോദരരേ, നിങ്ങൾ അന്ധകാരത്തിൽ ജീവിക്കുന്നവരല്ല, അതുകൊണ്ട് കള്ളൻ വരുമ്പോൾ എന്നവണ്ണം ആ ദിവസം നിങ്ങളെ സംഭ്രമിപ്പിക്കുകയില്ല. 5നിങ്ങളെല്ലാവരും പ്രകാശത്തിന്റെയും പകലിന്റെയും മക്കളാകുന്നു. നാം രാത്രിയുടെയോ അന്ധകാരത്തിന്റെയോ വകയല്ല. 6അതുകൊണ്ട് മറ്റുള്ളവരെപ്പോലെ നാം ഉറങ്ങരുത്; നാം ഉണർന്ന് സുബോധമുള്ളവരായിരിക്കേണ്ടതാണ്. 7ഉറങ്ങുന്നവർ രാത്രിയിലാണ് ഉറങ്ങുന്നത്; മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിച്ചു മത്തരാകുന്നു. 8എന്നാൽ നാം പകലിനുള്ളവരാകയാൽ വിശ്വാസവും സ്നേഹവും കവചമായും, രക്ഷയുടെ പ്രത്യാശ പടത്തൊപ്പിയായും ധരിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി ഇരിക്കണം. 9നമ്മെ കോപത്തിനു വിധേയരാക്കണമെന്നല്ല, പ്രത്യുത, നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖേന നാം രക്ഷ അവകാശമാക്കണമെന്നത്രേ ദൈവം ഉദ്ദേശിച്ചത്. 10നാം ജീവിച്ചിരുന്നാലും മരിച്ചാലും തന്നോടുകൂടി ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ചവനാണ് നമ്മുടെ കർത്താവ്. 11അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ചെയ്തുവരുന്നതുപോലെ അന്യോന്യം ധൈര്യപ്പെടുത്തുകയും, ബലപ്പെടുത്തുകയും ചെയ്യുക.
പ്രബോധനങ്ങളും അഭിവാദനങ്ങളും
12സഹോദരരേ, നിങ്ങളുടെ ഇടയിൽ അധ്വാനിക്കുകയും ക്രിസ്തീയജീവിതത്തിൽ നിങ്ങളെ വഴികാട്ടി നയിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ യഥോചിതം സമാദരിക്കണമെന്ന് ഞങ്ങൾ നിങ്ങളോടപേക്ഷിക്കുന്നു. 13അവർ ചെയ്ത അധ്വാനത്തെ പ്രതി നിങ്ങൾ അങ്ങേയറ്റം ആദരത്തോടും സ്നേഹത്തോടുംകൂടി അവരോടു പെരുമാറുക. നിങ്ങൾ സമാധാനമുള്ളവരായി ജീവിക്കുക.
14സഹോദരരേ, ഞങ്ങൾ നിങ്ങളെ ശക്തമായി പ്രബോധിപ്പിക്കുന്നത് ഇതാണ്: അലസന്മാർക്കു താക്കീതു നല്‌കുക; ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുക; ബലഹീനരെ സഹായിക്കുക; എല്ലാവരോടും സഹിഷ്ണുത കാണിക്കുക. 15ആരും തിന്മയ്‍ക്കു പകരം തിന്മ ചെയ്യാതിരിക്കുവാൻ ശ്രദ്ധിക്കുക. തമ്മിൽത്തമ്മിൽ എന്നല്ല, എല്ലാവർക്കും എപ്പോഴും നന്മ ചെയ്യുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം.
16-17എപ്പോഴും സന്തോഷിക്കുക; ഇടവിടാതെ പ്രാർഥിക്കുക; 18എല്ലാ പരിതഃസ്ഥിതികളിലും ദൈവത്തോടു നന്ദിയുള്ളവരായിരിക്കുക; ഇതാണ് ക്രിസ്തുയേശുവിനോട് ഏകീഭവിച്ച നിങ്ങളുടെ ജീവിതത്തിൽനിന്നു ദൈവം ആഗ്രഹിക്കുന്നത്.
19-20ആത്മാവിന്റെ പ്രകാശം നിങ്ങൾ കെടുത്തിക്കളയരുത്. പ്രവചനം അവഗണിക്കുകയുമരുത്. 21സകലവും സംശോധന ചെയ്ത് ഉത്തമമായത് മുറുകെപ്പിടിക്കുക. 22എല്ലാവിധ ദോഷവും പരിത്യജിക്കുക.
23നമുക്കു സമാധാനം നല്‌കുന്നവനായ ദൈവം എല്ലാ വിധത്തിലും നിങ്ങളെ ശുദ്ധീകരിക്കട്ടെ; നിങ്ങളുടെ വ്യക്തിത്വം ആകമാനം - നിങ്ങളുടെ ആത്മാവും ചേതനയും ശരീരവും - നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യാഗമനവേളയിൽ തികച്ചും കുറ്റമറ്റതായിരിക്കുവാൻ തക്കവണ്ണം ദൈവം കാക്കുമാറാകട്ടെ. 24നിങ്ങളെ വിളിക്കുന്നവൻ വിശ്വസ്തനാണ്. അവിടുന്ന് അതു നിറവേറ്റും.
25സഹോദരരേ, ഞങ്ങൾക്കുവേണ്ടിയും പ്രാർഥിക്കുക.
26വിശുദ്ധചുംബനത്താൽ സകല വിശ്വാസികളെയും അഭിവാദനം ചെയ്യുക.
27ഈ കത്ത് എല്ലാ വിശ്വാസികളെയും വായിച്ചു കേൾപ്പിക്കണമെന്ന് കർത്താവിന്റെ അധികാരത്താൽ ഞാൻ ആവശ്യപ്പെടുന്നു.
28നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 THESALONIKA 5: malclBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.