1 ശമൂവേൽ 28:3-25

1 ശമൂവേൽ 28:3-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമായിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു. എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയമിറങ്ങി; ശൗലും എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമിറങ്ങി. ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ട് അവന്റെ ഹൃദയം ഏറ്റവും വിറച്ചു. ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല. അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോട്: എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട് എന്നു പറഞ്ഞു. ശൗൽ വേഷം മാറി വേറേ വസ്ത്രം ധരിച്ച് രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു. സ്ത്രീ അവനോട്: ശൗൽ ചെയ്തിട്ടുള്ളത്, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നെ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവനു കെണി വയ്ക്കുന്നത് എന്തിന് എന്നു പറഞ്ഞു. യഹോവയാണ ഈ കാര്യംകൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യംചെയ്തു പറഞ്ഞു. ഞാൻ ആരെ വരുത്തിത്തരേണ്ടൂ എന്നു സ്ത്രീ ചോദിച്ചതിന്: ശമൂവേലിനെ വരുത്തിത്തരേണം എന്ന് അവൻ പറഞ്ഞു. സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോട്: നീ എന്നെ ചതിച്ചത് എന്ത്? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു. രാജാവ് അവളോട്: ഭയപ്പെടേണ്ടാ, നീ കാണുന്നത് എന്ത് എന്നു ചോദിച്ചതിന്: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു. അവൻ അവളോട്: അവന്റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ശമൂവേൽ ശൗലിനോട്: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയത് എന്ത് എന്നു ചോദിച്ചു; അതിന് ശൗൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നം കൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്തു ചെയ്യേണമെന്ന് എനിക്കു പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു എന്ന് ഉത്തരം പറഞ്ഞു. അതിന് ശമൂവേൽ പറഞ്ഞത്: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായിത്തീർന്നിരിക്കെ നീ എന്തിന് എന്നോടു ചോദിക്കുന്നു? യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോടു ചെയ്തിരിക്കുന്നു. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും. പെട്ടെന്നു ശൗൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലം ഇല്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു. അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ട് അവനോട്: അടിയൻ നിന്റെ വാക്കു കേട്ട് ജീവനെ ഉപേക്ഷിച്ചുംകൊണ്ട്, നീ എന്നോടു പറഞ്ഞ വാക്ക് അനുസരിച്ചിരിക്കുന്നുവല്ലോ. ആകയാൽ അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വയ്ക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു. അതിന് അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു. സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്ത് മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവൾ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വച്ചു. അവർ തിന്ന് എഴുന്നേറ്റ് രാത്രിയിൽതന്നെ പോയി.

പങ്ക് വെക്കു
1 ശമൂവേൽ 28 വായിക്കുക

1 ശമൂവേൽ 28:3-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശമൂവേൽ മരിക്കുകയും ഇസ്രായേൽജനമെല്ലാം അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയും അദ്ദേഹത്തിന്റെ സ്വന്തം നഗരമായ രാമായിൽ മൃതദേഹം സംസ്കരിക്കുകയും ചെയ്തിരുന്നു. സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗൽ രാജ്യത്തുനിന്നു പുറത്താക്കിയിരുന്നു. ഫെലിസ്ത്യർ ഒരുമിച്ചുകൂടി ശൂനേം പട്ടണത്തിനടുത്ത് പാളയമടിച്ചു; ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് ശൗൽ ഗിൽബോവയിലും പാളയമടിച്ചു. ഫെലിസ്ത്യസൈന്യത്തെ കണ്ട് ശൗൽ ഭയപ്പെട്ട് അസ്വസ്ഥചിത്തനായി. സർവേശ്വരഹിതം അറിയാൻ ശൗൽ ശ്രമിച്ചെങ്കിലും സ്വപ്നത്തിലൂടെയോ ഊറീമിലൂടെയോ പ്രവാചകന്മാരിലൂടെയോ സർവേശ്വരനിൽനിന്നു മറുപടി ലഭിച്ചില്ല; അപ്പോൾ ഉപദേശം തേടുന്നതിന് ഒരു മന്ത്രവാദിനിയെ കണ്ടുപിടിക്കാൻ ശൗൽ ഭൃത്യന്മാരോടു കല്പിച്ചു. എൻ-ദോരിൽ ഒരു മന്ത്രവാദിനി ഉള്ള വിവരം അവർ രാജാവിനോടു പറഞ്ഞു. ശൗൽ ആ രാത്രിയിൽതന്നെ വേഷപ്രച്ഛന്നനായി രണ്ടു ഭൃത്യന്മാരോടുകൂടി ആ സ്‍ത്രീയുടെ അടുക്കലെത്തി. അവളുടെ മന്ത്രശക്തികൊണ്ടു താൻ നിർദ്ദേശിക്കുന്ന ആളെ വരുത്തണമെന്ന് രാജാവ് ആവശ്യപ്പെട്ടു. അപ്പോൾ അവൾ പറഞ്ഞു: “സകല മന്ത്രവാദികളെയും ആഭിചാരകരെയും ശൗൽ നാട്ടിൽനിന്നു തുരത്തിയ വിവരം നിങ്ങൾക്കറിഞ്ഞുകൂടേ? പിന്നെ എന്നെ നശിപ്പിക്കാൻ എന്തിനു നിങ്ങൾ കെണിയൊരുക്കുന്നു?” അപ്പോൾ ശൗൽ സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തു പറഞ്ഞു: “ഈ കാര്യം നിമിത്തം നിനക്ക് ഒരു ശിക്ഷയും ഉണ്ടാവുകയില്ല.” “ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്” എന്ന് അവൾ ചോദിച്ചു; “ശമൂവേലിനെ വരുത്തിത്തരണം;” അയാൾ മറുപടി പറഞ്ഞു. ശമൂവേലിനെ കണ്ടപ്പോൾ ആ സ്‍ത്രീ ഉറക്കെ നിലവിളിച്ചു. അവൾ ശൗലിനോടു ചോദിച്ചു: “രാജാവല്ലേ അങ്ങ്? എന്നെ എന്തിനു ചതിച്ചു? അങ്ങ് ശൗലല്ലേ?” രാജാവ് അവളോടു പറഞ്ഞു: “നീ ഭയപ്പെടേണ്ട; എന്താണ് നീ കാണുന്നത്?” “ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു” ആ സ്‍ത്രീ പറഞ്ഞു. “ആ ദേവന്റെ രൂപം എങ്ങനെ?” ശൗൽ ചോദിച്ചു. അവൾ പറഞ്ഞു: “ഒരു വൃദ്ധനാണ് കയറിവരുന്നത്; അങ്കി ധരിച്ചിട്ടുണ്ട്.” അതു ശമൂവേലാണെന്നു ശൗലിനു മനസ്സിലായി. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ചു. ശമൂവേൽ ശൗലിനോടു ചോദിച്ചു: “നീ എന്നെ വിളിച്ചുവരുത്തി ശല്യപ്പെടുത്തിയതെന്ത്?” ശൗൽ പറഞ്ഞു: ” ഞാൻ വലിയ കഷ്ടതയിലായിരിക്കുന്നു. ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുകയാണ്; സർവേശ്വരൻ എന്നെ കൈവിട്ടിരിക്കുന്നു; പ്രവാചകരിലൂടെയോ സ്വപ്നത്തിലൂടെയോ എനിക്ക് ഉത്തരം നല്‌കുന്നില്ല, അതുകൊണ്ട് ഞാൻ എന്തു ചെയ്യണം എന്നു പറഞ്ഞുതരേണ്ടതിനാണ് ഞാൻ അങ്ങയെ വിളിച്ചുവരുത്തിയത്.” ശമൂവേൽ പറഞ്ഞു: “സർവേശ്വരൻ നിന്നെ കൈവിട്ട്, നിനക്ക് എതിരാളി ആയിരിക്കെ എന്തിന് എന്നോടു ചോദിക്കുന്നു. എന്നിലൂടെ അരുളപ്പാടുണ്ടായതുപോലെ അവിടുന്നു പ്രവർത്തിച്ചിരിക്കുന്നു. രാജ്യം നിന്നിൽനിന്നെടുത്തു നിന്റെ അയൽക്കാരനായ ദാവീദിനു കൊടുത്തിരിക്കുന്നു. സർവേശ്വരന്റെ ശബ്ദം നീ കേട്ടില്ല; അമാലേക്യരോടുള്ള അവിടുത്തെ ഉഗ്രകോപം അറിഞ്ഞ് നീ പ്രവർത്തിച്ചില്ല. അതുകൊണ്ടാണ് അവിടുന്നു ഇപ്പോൾ നിന്നോട് ഇങ്ങനെ പ്രവർത്തിച്ചിരിക്കുന്നത്. അവിടുന്ന് നിന്നോടൊപ്പം ഇസ്രായേൽജനങ്ങളെയും ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും; നീയും നിന്റെ പുത്രന്മാരും നാളെ എന്റെ കൂടെ ചേരും; ഇസ്രായേൽസൈന്യത്തെയും സർവേശ്വരൻ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും.” ശമൂവേൽ പറഞ്ഞതു കേട്ട് ശൗൽ വല്ലാതെ ഭയന്ന് നെടുനീളം നിലത്തുവീണു. അന്നു പകലോ രാത്രിയിലോ ഒന്നും ഭക്ഷിക്കാതെയിരുന്നതിനാൽ അദ്ദേഹം ക്ഷീണിച്ച് അവശനായി. മന്ത്രവാദിനി ശൗലിന്റെ അടുക്കൽ വന്നു; അത്യന്തം പരിഭ്രാന്തനായ ശൗലിനെ കണ്ട് അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി; അങ്ങയുടെ വാക്കു കേട്ട് ജീവൻ പണയപ്പെടുത്തിപ്പോലും അങ്ങയെ അനുസരിച്ചു. അതുകൊണ്ട് ഞാൻ പറയുന്നത് അങ്ങു കേട്ടാലും; ഞാൻ അങ്ങയുടെ മുമ്പിൽ വയ്‍ക്കുന്ന അല്പം അപ്പം ഭക്ഷിച്ചാലും. അതുകൊണ്ട് യാത്രയ്‍ക്കുവേണ്ട ശക്തി അങ്ങേക്കു ലഭിക്കും.” ശൗൽ അതു നിരസിച്ചു. ആ സ്‍ത്രീയും രാജഭൃത്യന്മാരും നിർബന്ധിച്ചു; അതനുസരിച്ചു രാജാവ് നിലത്തുനിന്ന് എഴുന്നേറ്റു കിടക്കയിൽ ഇരുന്നു. ആ സ്‍ത്രീ ഉടൻതന്നെ തന്റെ വീട്ടിൽ ഉണ്ടായിരുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിനെ കൊന്നു പാചകം ചെയ്തു. മാവെടുത്തു കുഴച്ചു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. അവൾ അതു ശൗലിനും ഭൃത്യന്മാർക്കും വിളമ്പിക്കൊടുത്തു; അവർ അതു ഭക്ഷിച്ചു. ആ രാത്രിയിൽതന്നെ അവർ തിരിച്ചുപോകുകയും ചെയ്തു.

പങ്ക് വെക്കു
1 ശമൂവേൽ 28 വായിക്കുക

1 ശമൂവേൽ 28:3-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്‍റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു. എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൗല്‍ എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി. ശൗല്‍ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ട്, അവന്‍റെ ഹൃദയം വിറെച്ചു. ശൗല്‍ യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല. അപ്പോൾ ശൗല്‍ തന്‍റെ ഭൃത്യന്മാരോട്: “എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിക്കുവിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും” എന്നു പറഞ്ഞു. അവന്‍റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു. ശൗല്‍ വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു. സ്ത്രീ അവനോട്: “ശൗല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്‍റെ ജീവന് കെണി ഒരുക്കുന്നത് എന്തിന്?” എന്നു പറഞ്ഞു. “യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല” എന്നു ശൗല്‍ യഹോവയുടെ നാമത്തിൽ അവളോട് സത്യംചെയ്തു. “ഞാൻ ആരെ വരുത്തിത്തരേണം” എന്നു സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്നു അവൻ പറഞ്ഞു. സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൗലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൗല്‍ ആകുന്നുവല്ലോ” എന്നു പറഞ്ഞു. രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത്?” എന്നു ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറി വരുന്നത് ഞാൻ കാണുന്നു” എന്നു സ്ത്രീ ശൗലിനോട് പറഞ്ഞു. അവൻ അവളോട്: “അവന്‍റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൗല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു. ശമൂവേൽ ശൗലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്‍റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത്” എന്നു ചോദിച്ചു. അതിന് ശൗല്‍: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു” എന്നു ഉത്തരം പറഞ്ഞു. അതിന് ശമൂവേൽ: “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു? യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്‍റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്‍റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്‍റെമേൽ അവന്‍റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്‍റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും.” പെട്ടെന്ന് ശൗല്‍ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്‍റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു. അപ്പോൾ ആ സ്ത്രീ ശൗലിന്‍റെ അടുക്കൽവന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ടു അവനോട്: “അടിയൻ നിന്‍റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞവാക്ക് അനുസരിച്ചുവല്ലോ. അതുകൊണ്ട് അടിയന്‍റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്‍റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു. അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല” എന്നു പറഞ്ഞു; എങ്കിലും അവന്‍റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു. സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവൾ അത് ശൗലിന്‍റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.

പങ്ക് വെക്കു
1 ശമൂവേൽ 28 വായിക്കുക

1 ശമൂവേൽ 28:3-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ചു അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു. എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൗലും എല്ലായിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി. ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ടു അവന്റെ ഹൃദയം ഏറ്റവും വിറെച്ചു. ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല. അപ്പോൾ ശൗൽ തന്റെ ഭൃത്യന്മാരോടു: എനിക്കു ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിൻ; ഞാൻ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോടു: ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ടു എന്നു പറഞ്ഞു. ശൗൽ വേഷംമാറി വേറെ വസ്ത്രം ധരിച്ചു രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ടു നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു. സ്ത്രീ അവനോടു: ശൗൽ ചെയ്തിട്ടുള്ളതു, അവൻ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നേ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാൻ നീ എന്റെ ജീവന്നു കണി വെക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. യഹോവയാണ ഈ കാര്യംകൊണ്ടു നിനക്കു ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യം ചെയ്തു പറഞ്ഞു. ഞാൻ ആരെ വരുത്തിത്തരേണ്ടു എന്നു സ്ത്രീ ചോദിച്ചതിന്നു: ശമൂവേലിനെ വരുത്തിത്തരേണം എന്നു അവൻ പറഞ്ഞു. സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോടു: നീ എന്നെ ചതിച്ചതു എന്തു? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു. രാജാവു അവളോടു: ഭയപ്പെടേണ്ടാ; നീ കാണുന്നതു എന്തു എന്നു ചോദിച്ചതിന്നു: ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു. അവൻ അവളോടു: അവന്റെ രൂപം എന്തു എന്നു ചോദിച്ചതിന്നു അവൾ: ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു. ശമൂവേൽ ശൗലിനോടു: നീ എന്നെ വിളിച്ചതിനാൽ എന്റെ സ്വസ്ഥതെക്കു ഭംഗം വരുത്തിയതു എന്തു എന്നു ചോദിച്ചു; അതിന്നു ശൗൽ: ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോടു ഉത്തരമരുളുന്നില്ല; അതുകൊണ്ടു ഞാൻ എന്തു ചെയ്യേണമെന്നു എനിക്കു പറഞ്ഞുതരേണ്ടതിന്നു ഞാൻ നിന്നെ വിളിപ്പിച്ചു എന്നു ഉത്തരം പറഞ്ഞു. അതിന്നു ശമൂവേൽ പറഞ്ഞതു: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായ്തീർന്നിരിക്കെ നീ എന്തിന്നു എന്നോടു ചോദിക്കുന്നു? യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവൻ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്നു പറിച്ചെടുത്തു നിന്റെ കൂട്ടുകാരനായ ദാവീദിന്നു കൊടുത്തിരിക്കുന്നു. നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ടു യഹോവ ഈ കാര്യം ഇന്നു നിന്നോടു ചെയ്തിരിക്കുന്നു. യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും. പെട്ടെന്നു ശൗൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്റെ വാക്കുകൾ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്നു രാവും പകലും മുഴുവൻ അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു. അപ്പോൾ ആ സ്ത്രീ ശൗലിന്റെ അടുക്കൽ വന്നു, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ടു അവനോടു: അടിയൻ നിന്റെ വാക്കു കേട്ടു ജീവനെ ഉപേക്ഷിച്ചുംകൊണ്ടു, നീ എന്നോടു പറഞ്ഞ വാക്കു അനുസരിച്ചിരിക്കുന്നുവല്ലോ. ആകയാൽ അടിയന്റെ വാക്കു നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്റെ വഴിക്കു പോകുവാൻ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു. അതിന്നു അവൻ: വേണ്ടാ, ഞാൻ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്കു കേട്ടു നിലത്തുനിന്നു എഴുന്നേറ്റു മെത്തമേൽ ഇരുന്നു. സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവു ഉണ്ടായിരുന്നു; അവൾ ക്ഷണത്തിൽ അതിനെ അറുത്തു മാവും എടുത്തു കുഴെച്ചു പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവൾ അതു ശൗലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ തിന്നു എഴുന്നേറ്റു രാത്രിയിൽ തന്നേ പോയി.

പങ്ക് വെക്കു
1 ശമൂവേൽ 28 വായിക്കുക

1 ശമൂവേൽ 28:3-25 സമകാലിക മലയാളവിവർത്തനം (MCV)

ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേലെല്ലാം അദ്ദേഹത്തെ ഓർത്തു വിലപിക്കുകയും അദ്ദേഹത്തെ രാമായിൽ—സ്വന്തം പട്ടണത്തിൽത്തന്നെ—സംസ്കരിക്കുകയും ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഫെലിസ്ത്യർ ഒരുമിച്ചുകൂടിവന്ന് ശൂനേമിൽ പാളയമിറങ്ങി. ശൗൽ എല്ലാ ഇസ്രായേല്യരെയും കൂട്ടിവരുത്തി ഗിൽബോവയിൽ പാളയമിറങ്ങി. ഫെലിസ്ത്യസൈന്യത്തെ കണ്ടപ്പോൾ ശൗൽ പരിഭ്രാന്തനായി; അദ്ദേഹത്തിന്റെ ഹൃദയം ഭയംകൊണ്ടു നിറഞ്ഞു. അദ്ദേഹം യഹോവയോട് ആലോചന ചോദിച്ചു; എന്നാൽ യഹോവ സ്വപ്നത്താലോ ഊറീംകൊണ്ടോ പ്രവാചകന്മാരിലൂടെയോ മറുപടി നൽകിയില്ല. “ഞാൻ ചെന്ന് അഭിപ്രായം ആരായേണ്ടതിന് ഒരു വെളിച്ചപ്പാടത്തിയെ കണ്ടുപിടിക്കുക,” എന്നു ശൗൽ തന്റെ ഭൃത്യന്മാരോട് ആജ്ഞാപിച്ചു. “എൻ-ദോരിൽ അങ്ങനെ ഒരുവളുണ്ട്,” അവർ പറഞ്ഞു. അതിനാൽ ശൗൽ വേഷംമാറി, വേറെ വസ്ത്രംധരിച്ച്, രണ്ടുപേരെയുംകൂട്ടി, യാത്രയായി. അവർ രാത്രിയിൽത്തന്നെ ആ സ്ത്രീയുടെ അടുത്തെത്തി. അദ്ദേഹം അവളോടു പറഞ്ഞു: “ഒരു പ്രേതാത്മാവിന്റെ സഹായത്തോടെ നീ എനിക്കുവേണ്ടി മരിച്ചുപോയ ഒരാളോടു സംസാരിക്കണം; ഞാൻ പറയുന്ന ആളുടെ ആത്മാവിനെ എനിക്കുവേണ്ടി വരുത്തിത്തരണം.” എന്നാൽ ആ സ്ത്രീ അയാളോട്: “ശൗൽ ചെയ്തതെന്താണെന്ന് തീർച്ചയായും അങ്ങേക്ക് അറിയാമല്ലോ! അദ്ദേഹം വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞുവല്ലോ! എനിക്കു മരണം വരുത്താൻ എന്റെ ജീവനുവേണ്ടി അങ്ങ് കെണി വെക്കുന്നതെന്തിന്?” എന്നു ചോദിച്ചു. “ജീവനുള്ള യഹോവയാണെ, ഇതിന്റെപേരിൽ നീ ശിക്ഷിക്കപ്പെടുകയില്ല,” എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു ശപഥംചെയ്തു. “അങ്ങേക്കുവേണ്ടി ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്?” എന്നു സ്ത്രീ ചോദിച്ചു. “ശമുവേലിനെ വരുത്തിത്തരണം,” എന്ന് ശൗൽ മറുപടി പറഞ്ഞു. ആ സ്ത്രീ ശമുവേലിനെക്കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ശൗലിനോടു ചോദിച്ചു: “അങ്ങെന്നെ ചതിച്ചതെന്തിന്? അങ്ങു ശൗലാകുന്നുവല്ലോ!” എന്നു പറഞ്ഞു. രാജാവ് അവളോട്: “ഭയപ്പെടേണ്ട, പറയുക. നീ എന്താണു കാണുന്നത്?” എന്നു ചോദിച്ചു. “ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു,” എന്ന് സ്ത്രീ ശൗലിനോടു മറുപടി പറഞ്ഞു. “അവൻ ഏതുപോലെയിരിക്കുന്നു,” എന്ന് അദ്ദേഹം ചോദിച്ചു. “ഒരു വൃദ്ധൻ, നിലയങ്കിധരിച്ച് കയറിവരുന്നു,” എന്നു സ്ത്രീ പറഞ്ഞു. അതു ശമുവേലാണെന്ന് അപ്പോൾ ശൗലിനു മനസ്സിലായി. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചു. “നീ എന്നെ വിളിച്ച് എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയതെന്തിന്?” ശമുവേൽ ചോദിച്ചു. അപ്പോൾ ശൗൽ: “പിതാവേ, ഞാനേറ്റവും കഷ്ടത്തിലായിരിക്കുന്നു. ഫെലിസ്ത്യർ എന്നോടു പൊരുതുന്നു; ദൈവം എന്നെ വിട്ടകന്നുമിരിക്കുന്നു. പ്രവാചകന്മാർമുഖേനയോ സ്വപ്നത്തിലൂടെയോ അവിടന്ന് എനിക്കു മറുപടി അരുളുന്നില്ല. ഞാനെന്തു ചെയ്യണം എന്നു പറഞ്ഞുതരുന്നതിനായി അങ്ങയെ വിളിച്ചതാകുന്നു” എന്നു പറഞ്ഞു. ശമുവേൽ പറഞ്ഞു: “യഹോവ നിന്നെ ഇപ്പോൾ കൈവിട്ടിരിക്കുന്നു. അവിടന്ന് നിന്റെ ശത്രുവായിത്തീർന്നിരിക്കുന്നു. ആ നിലയ്ക്ക് നീ എന്നോട് ആലോചിക്കുന്നതെന്തിന്? യഹോവ എന്നിലൂടെ മുൻകൂട്ടി അരുളിച്ചെയ്തതുപോലെ ഇപ്പോൾ ചെയ്തിരിക്കുന്നു. യഹോവ രാജത്വം നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ അയൽക്കാരിൽ ഒരുവനു— ദാവീദിനുതന്നെ—കൊടുത്തിരിക്കുന്നു. നീ യഹോവയെ അനുസരിക്കാതിരുന്നതിനാലും അമാലേക്യരുടെനേരേ അവിടത്തെ ഉഗ്രകോപം നടത്താതിരുന്നതിനാലും യഹോവ നിന്നോട് ഇന്ന് ഇപ്രകാരം ചെയ്തിരിക്കുന്നു. യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും. നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെയായിരിക്കും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും.” ശമുവേലിന്റെ ഈ വാക്കുകേട്ടു, ഭയന്ന്, ശൗൽ പെട്ടെന്ന് നെടുനീളത്തിൽ നിലത്തുവീണു. അദ്ദേഹത്തിന്റെ ബലം പൊയ്പ്പോയിരുന്നു. അന്നു പകലും രാവും അദ്ദേഹം യാതൊന്നും ഭക്ഷിച്ചിരുന്നതുമില്ല. ആ സ്ത്രീ ശൗലിന്റെ അടുത്തുവന്നപ്പോൾ അയാൾ ഏറ്റവും പരിഭ്രാന്തനായിരിക്കുന്നതു കണ്ടു. അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ഈ ദാസി അങ്ങയെ അനുസരിച്ചിരിക്കുന്നു. ഞാനെന്റെ ജീവൻ പണയപ്പെടുത്തി അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു! ഇപ്പോൾ അടിയന്റെ വാക്കുകൾ ദയവായി ചെവിക്കൊള്ളണമേ. അടിയൻ അങ്ങേക്ക് അൽപ്പം ഭക്ഷണം തരട്ടെ. തിന്നു ബലം പ്രാപിച്ചിട്ട് അങ്ങേക്കു സ്വന്തം വഴിക്കു പോകാമല്ലോ!” ശൗൽ അതു നിരസിച്ചു. “ഇല്ല, ഞാൻ തിന്നുകയില്ല” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശൗലിന്റെ അനുയായികളും ആ സ്ത്രീയോടുചേർന്ന് അയാളെ നിർബന്ധിച്ചു. അപ്പോൾ ശൗൽ അവരുടെ വാക്കുകൾ കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു. ആ സ്ത്രീക്ക്, തന്റെ വീട്ടിൽ തടിച്ചുകൊഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവൾ അതിനെ വേഗം അറത്തു പാകംചെയ്തു. അവൾ മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കി. അവൾ ആ ഭക്ഷണം ശൗലിന്റെയും അനുയായികളുടെയും മുമ്പിൽ വിളമ്പി. അവർ അതു ഭക്ഷിച്ചു. അന്നുരാത്രിതന്നെ എഴുന്നേറ്റു മടങ്ങിപ്പോകുകയും ചെയ്തു.

പങ്ക് വെക്കു
1 ശമൂവേൽ 28 വായിക്കുക