1 ശമൂവേൽ 20:35-42
1 ശമൂവേൽ 20:35-42 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിറ്റന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി. അവൻ തന്റെ ബാല്യക്കാരനോട്: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പ് എടുത്തു കൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. യോനാഥാൻ എയ്ത അമ്പു വീണേടത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചുപറഞ്ഞു. പിന്നെയും യോനാഥാൻ ബാല്യക്കാരനോട്: ബദ്ധപ്പെട്ട് ഓടിവരിക, നില്ക്കരുത് എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല. പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു. ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി. യോനാഥാൻ ദാവീദിനോട്: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
1 ശമൂവേൽ 20:35-42 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അടുത്ത ദിവസം രാവിലെ ദാവീദിനോടു പറഞ്ഞിരുന്നതുപോലെ യോനാഥാൻ ഒരു ബാലനെയുംകൊണ്ട് വയലിലേക്കു പോയി. ബാലനോടു താൻ എയ്യുന്ന അമ്പ് ഓടിച്ചെന്ന് എടുത്തുകൊണ്ടു വരണം എന്നു പറഞ്ഞു; ബാലൻ ഓടിയപ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. യോനാഥാൻ എയ്ത അമ്പു വീണ സ്ഥലത്തു ബാലൻ എത്തിയപ്പോൾ യോനാഥാൻ അവനോടു: “അമ്പു നിന്റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു ചോദിച്ചു. യോനാഥാൻ വീണ്ടും വിളിച്ചു പറഞ്ഞു: “വേഗമാകട്ടെ ഓടുക, അവിടെ നില്‌ക്കരുത്.” ബാലൻ അമ്പുകൾ പെറുക്കിയെടുത്ത് യോനാഥാന്റെ അടുക്കൽ കൊണ്ടുവന്നു. യോനാഥാനും ദാവീദുമല്ലാതെ ബാലൻ കാര്യമൊന്നും അറിഞ്ഞില്ല. പിന്നീട് യോനാഥാൻ തന്റെ ആയുധങ്ങൾ പട്ടണത്തിലേക്ക് കൊണ്ടുപോകാൻ ബാലനെ ഏല്പിച്ച് അവനെ പറഞ്ഞയച്ചു. ബാലൻ പോയ ഉടനെ ദാവീദ് കല്‌ക്കൂനയുടെ പിമ്പിൽനിന്ന് എഴുന്നേറ്റു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; ദാവീദു സമനില വീണ്ടെടുക്കുംവരെ അവർ പരസ്പരം ചുംബിച്ചു കരഞ്ഞു. പിന്നീട് യോനാഥാൻ പറഞ്ഞു: “സമാധാനത്തോടെ പോകുക; സർവേശ്വരൻ എനിക്കും നിനക്കും നമ്മുടെ സന്തതികൾക്കും മധ്യേ എന്നേക്കും സാക്ഷി ആയിരിക്കും എന്നു നാം ഇരുവരും സർവേശ്വരന്റെ നാമത്തിൽ സത്യം ചെയ്തിട്ടുണ്ടല്ലോ.” ദാവീദു യാത്ര പറഞ്ഞു പിരിഞ്ഞു; യോനാഥാൻ പട്ടണത്തിലേക്കും പോയി.
1 ശമൂവേൽ 20:35-42 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിറ്റെ ദിവസം രാവിലെ, ദാവീദിനെ കാണുവാൻ നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടി വയലിലേക്കു പോയി. അവൻ തന്റെ ബാല്യക്കാരനോട്: “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പ് എടുത്തുകൊണ്ടുവരണം” എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു. യോനാഥാൻ എയ്ത അമ്പ് വീണ സ്ഥലത്ത് ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോട്: “അമ്പ് നിന്‍റെ അപ്പുറത്തല്ലേ” എന്നു വിളിച്ചു പറഞ്ഞു. പിന്നെയും യോനാഥാൻ ബാല്യക്കാരനോട്: “വേഗം ഓടിവരിക, നില്ക്കരുത്” എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല. പിന്നെ യോനാഥാൻ തന്റെ ആയുധങ്ങൾ ബാല്യക്കാരന്‍റെ അടുക്കൽ കൊടുത്തു: “ഗിബയ പട്ടണത്തിലേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു. ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നുപ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനം ചെയ്തു കരഞ്ഞു; ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി. യോനാഥാൻ ദാവീദിനോട്: “യഹോവ എനിക്കും നിനക്കും, എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റ് പോയി; യോനാഥാൻ പട്ടണത്തിലേക്കു പോന്നു.
1 ശമൂവേൽ 20:35-42 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി. അവൻ തന്റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു. യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു. പിന്നെയും യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നില്ക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല. പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു. ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി. യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
1 ശമൂവേൽ 20:35-42 സമകാലിക മലയാളവിവർത്തനം (MCV)
പിറ്റേന്നു പ്രഭാതത്തിൽ ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്ത് യോനാഥാൻ വയലിലേക്കുപോയി. ഒരു ബാലനും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു. “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പുകൾ നോക്കിയെടുത്തുകൊണ്ടുവരിക,” എന്ന് യോനാഥാൻ ബാലനോടു പറഞ്ഞു. ബാലൻ ഓടിപ്പോയപ്പോൾ യോനാഥാൻ അവന്റെ അപ്പുറത്തേക്ക് ഒരമ്പെയ്തു. അമ്പു ചെന്നുവീണ ഇടത്തിൽ ആ ബാലൻ എത്തിയപ്പോൾ യോനാഥാൻ അവനോടു വിളിച്ചുപറഞ്ഞു. “അമ്പു നിന്റെ അപ്പുറത്തല്ലോ?” വീണ്ടും അദ്ദേഹം വിളിച്ചുപറഞ്ഞു, “വേഗം, വേഗം ചെല്ലൂ, നിൽക്കരുത്” ബാലൻ അമ്പെടുത്ത് തന്റെ യജമാനന്റെ അടുത്തേക്കു കൊണ്ടുവന്നു. ഇതേപ്പറ്റി യാതൊന്നും ആ ബാലന് അറിഞ്ഞുകൂടായിരുന്നു. യോനാഥാനും ദാവീദിനുംമാത്രമേ ഇതിന്റെ പൊരുൾ അറിയാമായിരുന്നുള്ളൂ. പിന്നെ യോനാഥാൻ തന്റെ ആയുധങ്ങൾ ആ ബാലനെ ഏൽപ്പിച്ചിട്ട്, “നഗരത്തിലേക്കു തിരിച്ചു കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞ്” അവനെ അയച്ചു. ആ ബാലൻ പോയിക്കഴിഞ്ഞപ്പോൾ ദാവീദ് പാറയുടെ തെക്കുഭാഗത്തുനിന്ന് എഴുന്നേറ്റുവന്ന് യോനാഥാന്റെ മുമ്പിൽ മൂന്നുപ്രാവശ്യം സാഷ്ടാംഗം വീണുവണങ്ങി. അവർ പരസ്പരം ചുംബിച്ചുകരഞ്ഞു. ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി. യോനാഥാൻ ദാവീദിനോട്: “ ‘എനിക്കും നിനക്കും എന്റെ പിൻഗാമികൾക്കും നിന്റെ പിൻഗാമികൾക്കും മധ്യേ, യഹോവ എന്നേക്കുംസാക്ഷി,’ എന്നു പറഞ്ഞ്, നാം പരസ്പരം സഖ്യം ചെയ്തിരിക്കുകയാൽ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് എഴുന്നേറ്റുപോയി. യോനാഥാനോ, പട്ടണത്തിലേക്കു മടങ്ങിപ്പോന്നു.