1 ശമൂവേൽ 20:26-34
1 ശമൂവേൽ 20:26-34 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ന് ശൗൽ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവനു ശുദ്ധിയില്ല എന്ന് അവൻ വിചാരിച്ചു. അമാവാസിയുടെ പിറ്റന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്റെ മകനായ യോനാഥാനോട്: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്ത് എന്നു ചോദിച്ചു. യോനാഥാൻ ശൗലിനോട്: ദാവീദ് ബേത്‍ലഹേമിൽ പോകുവാൻ എന്നോട് താൽപര്യമായി അനുവാദം ചോദിച്ചു: ഞങ്ങളുടെ കുലത്തിനു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയയ്ക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നെ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നു കാൺമാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്നുത്തരം പറഞ്ഞു. അപ്പോൾ ശൗലിന്റെ കോപം യോനാഥാന്റെ നേരേ ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജയ്ക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജയ്ക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്ന് എനിക്ക് അറിഞ്ഞുകൂടയോ? യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറയ്ക്കയില്ല. ഉടനെ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു. യോനാഥാൻ തന്റെ അപ്പനായ ശൗലിനോട്: അവനെ എന്തിനു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു. അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരേ കുന്തം എറിഞ്ഞു; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ട് അവനെക്കുറിച്ച് അവൻ വ്യസനിച്ചിരുന്നു.
1 ശമൂവേൽ 20:26-34 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവന് എന്തെങ്കിലും സംഭവിച്ചുകാണും; ഒരുപക്ഷേ അവൻ അശുദ്ധനായിരിക്കും; അതേ; അത് അങ്ങനെതന്നെ ആയിരിക്കും” ശൗൽ വിചാരിച്ചു. അമാവാസിയുടെ പിറ്റേ ദിവസവും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു; ശൗൽ യോനാഥാനോടു ചോദിച്ചു: “യിശ്ശായിയുടെ പുത്രൻ ഇന്നലെയും ഇന്നും ഭക്ഷണത്തിനു വരാഞ്ഞതെന്ത്?” യോനാഥാൻ ശൗലിനോടു പറഞ്ഞു: “ദാവീദ് ബേത്‍ലഹേമിൽ പോകാൻ എന്നോടു നിർബന്ധപൂർവം അനുവാദം ചോദിച്ചു; ‘ഞങ്ങളുടെ കുടുംബം പട്ടണത്തിൽ ഒരു യാഗമർപ്പിക്കുന്നതുകൊണ്ട് ഞാനും അവിടെ ചെല്ലണമെന്നു എന്റെ സഹോദരൻ ആവശ്യപ്പെട്ടിരിക്കുന്നു; അതിനാൽ ദയ തോന്നി എന്റെ സഹോദരന്മാരെ പോയിക്കാണാൻ എനിക്ക് അനുവാദം നല്‌കണം’ എന്ന് അയാൾ പറഞ്ഞു; അതുകൊണ്ടാണ് രാജാവിന്റെ വിരുന്നിന് അവൻ വരാഞ്ഞത്.” അപ്പോൾ ശൗലിന്റെ കോപം യോനാഥാനെതിരേ ജ്വലിച്ചു; രാജാവ് അവനോടു പറഞ്ഞു: “വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ! നീ നിനക്കും നിന്റെ അമ്മയ്ക്കും അപമാനം വരുത്തിവയ്‍ക്കാൻ യിശ്ശായിയുടെ പുത്രന്റെ പക്ഷം ചേർന്നിരിക്കുന്നു. അവൻ ജീവിച്ചിരിക്കുന്നിടത്തോളം നീ രാജാവാകുകയില്ല; നിന്റെ രാജത്വം ഉറയ്‍ക്കുകയുമില്ല; ആളയച്ച് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക; അവൻ തീർച്ചയായും മരിക്കണം.” യോനാഥാൻ ചോദിച്ചു: “അവനെ എന്തിനു കൊല്ലണം? അവൻ എന്തു ചെയ്തു?” ശൗൽ ഉടനെ യോനാഥാനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം എറിഞ്ഞു. ദാവീദിനെ കൊല്ലുവാൻ തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്നു എന്നു യോനാഥാന് അപ്പോൾ മനസ്സിലായി. കുപിതനായിത്തീർന്ന യോനാഥാൻ ഉടനെ ചാടി എഴുന്നേറ്റു; അമാവാസിയുടെ പിറ്റേ ദിവസമായ അന്നു ഭക്ഷണമൊന്നും കഴിച്ചില്ല; തന്റെ പിതാവ് ദാവീദിനെ അപമാനിച്ചതിനാൽ അവനു ദുഃഖമുണ്ടായി.
1 ശമൂവേൽ 20:26-34 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അന്ന് ശൗല്‍ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു, അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവന് ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു. അമാവാസ്യയുടെ അടുത്ത ദിവസവും ദാവീദിന്‍റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗല്‍ തന്‍റെ മകനായ യോനാഥാനോട്: “യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന് വരാതെയിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. യോനാഥാൻ ശൗലിനോട്: “ദാവീദ് ബേത്ലേഹേമിൽ പോകുവാൻ എന്നോട് അനുവാദം ചോദിച്ചു: ഞങ്ങളുടെ കുടുംബത്തിന് പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയക്കണമേ; എന്‍റെ ജ്യേഷ്ഠൻ എന്നോട് കല്പിച്ചിരിക്കുന്നു; അതുകൊണ്ട് നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണുവാൻ അനുവദിക്കേണമേ” എന്നു പറഞ്ഞു. അതുകൊണ്ടാണ് അവൻ രാജാവിന്‍റെ പന്തിഭോജനത്തിന് വരാതിരിക്കുന്നത്” എന്നുത്തരം പറഞ്ഞു. അപ്പോൾ ശൗലിന് യോനാഥാന്‍റെ നേരേ കോപം ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നീ നിനക്കും നിന്റെ അമ്മയ്ക്കും അപമാനം ഉണ്ടാകുവാൻ യിശ്ശായിയുടെ മകനോട് കൂടിയിരിക്കുന്നു എന്നു എനിക്ക് അറിയാം യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നിനക്ക് രാജാവാകുവാനോ നിന്‍റെ രാജത്വം ഉറപ്പിക്കനോ സാധിക്കയില്ല. ഉടനെ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു. യോനാഥാൻ തന്റെ അപ്പനായ ശൗലിനോട്: “അവനെ എന്തിനാണ് കൊല്ലുന്നത്? അവൻ എന്ത് ചെയ്തു?” എന്നു ചോദിച്ചു. അപ്പോൾ ശൗല്‍ അവനെ കൊല്ലുവാൻ അവന്‍റെനേരെ കുന്തം എറിഞ്ഞു; അതുകൊണ്ട് തന്‍റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്‍റെ പിതാവ് ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
1 ശമൂവേൽ 20:26-34 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അന്നു ശൗൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു. അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു. യോനാഥാൻ ശൗലിനോടു: ദാവീദ് ബേത്ത്ലേഹെമിൽ പോകുവാൻ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു: ഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു. അപ്പോൾ ശൗലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ? യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു. യോനാഥാൻ തന്റെ അപ്പനായ ശൗലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു. അപ്പോൾ ശൗൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാട്ടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
1 ശമൂവേൽ 20:26-34 സമകാലിക മലയാളവിവർത്തനം (MCV)
അന്നു ശൗൽ ഒന്നും മിണ്ടിയില്ല. “ദാവീദിന് അശുദ്ധി വരത്തക്കവണ്ണം എന്തെങ്കിലും സംഭവിച്ചുകാണും! അതേ അവന് ശുദ്ധിയില്ല!” എന്നു ശൗൽ ചിന്തിച്ചു. എന്നാൽ അടുത്തദിവസമായ മാസപ്പിറവിയുടെ രണ്ടാംദിനത്തിലും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നിരുന്നു. അപ്പോൾ ശൗൽ തന്റെ മകനായ യോനാഥാനോട്: “ഇന്നലെയും ഇന്നും യിശ്ശായിയുടെ മകൻ ഭോജനത്തിനു വരാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു. യോനാഥാൻ അതിനു മറുപടി പറഞ്ഞു: “ബേത്ലഹേംവരെ പോകുന്നതിനു ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു: ‘ഞങ്ങളുടെ കുടുംബമെല്ലാം ഒത്തുചേർന്ന് നഗരത്തിൽവെച്ച് ഒരു യാഗം അർപ്പിക്കുകയാണ്, അവിടെയെത്താൻ എന്റെ ജ്യേഷ്ഠൻ ആജ്ഞാപിച്ചിരിക്കുന്നു; നിനക്കെന്നോടു പ്രിയമുണ്ടെങ്കിൽ പോകാനും എന്റെ സഹോദരന്മാരെ കാണാനും എന്നെ അനുവദിക്കണമെന്നും ദാവീദ് നിർബന്ധിച്ചു.’ അതുമൂലമാണ് അദ്ദേഹം രാജാവിന്റെ വിരുന്നിനു വരാതിരുന്നത്.” ശൗലിന്റെ ക്രോധം യോനാഥാന്റെനേരേ ജ്വലിച്ചു. അദ്ദേഹം അയാളോട്: “വക്രതയും ദുശ്ശാഠ്യവുമുള്ളവളുടെ മകനേ! നിന്റെ ലജ്ജയ്ക്കും നിന്നെ പെറ്റ നിന്റെ അമ്മയുടെ ലജ്ജയ്ക്കുമായി, നീ യിശ്ശായിപുത്രന്റെ പക്ഷംപിടിക്കുന്നു എന്ന് എനിക്കറിഞ്ഞുകൂടേ? യിശ്ശായിപുത്രൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയോ നിന്റെ രാജത്വമോ ഉറയ്ക്കുകയില്ല. ഉടൻ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക. അവൻ തീർച്ചയായും മരിക്കണം!” എന്നു പറഞ്ഞു. “അയാളെ എന്തിനു കൊല്ലണം? അയാൾ എന്തു തെറ്റുചെയ്തു?” യോനാഥാൻ സ്വപിതാവിനോടു ചോദിച്ചു. എന്നാൽ ശൗൽ അവനെ കൊല്ലുന്നതിനായി അവന്റെനേരേ കുന്തമോങ്ങി. അപ്പോൾ തന്റെ പിതാവു ദാവീദിനെ കൊല്ലുന്നതിനു നിശ്ചയിച്ചിരിക്കുന്നു എന്ന് യോനാഥാന് ബോധ്യമായി. ഉഗ്രകോപത്തോടെ യോനാഥാൻ തീൻമേശയിൽനിന്നും എഴുന്നേറ്റുപോയി. അമാവാസിയുടെ പിറ്റേന്നാൾ അദ്ദേഹം യാതൊന്നും ഭക്ഷിച്ചില്ല. തന്റെ പിതാവു ദാവീദിന്റെനേരേ അനുഷ്ഠിച്ച ലജ്ജാകരമായ പെരുമാറ്റത്തിൽ അദ്ദേഹം ഏറ്റവും ദുഃഖിതനായിരുന്നു.