1 ശമു. 20:26-34

1 ശമു. 20:26-34 IRVMAL

അന്ന് ശൗല്‍ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു, അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവന് ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു. അമാവാസ്യയുടെ അടുത്ത ദിവസവും ദാവീദിന്‍റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗല്‍ തന്‍റെ മകനായ യോനാഥാനോട്: “യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന് വരാതെയിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. യോനാഥാൻ ശൗലിനോട്: “ദാവീദ് ബേത്‍ലേഹേമിൽ പോകുവാൻ എന്നോട് അനുവാദം ചോദിച്ചു: ഞങ്ങളുടെ കുടുംബത്തിന് പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയക്കണമേ; എന്‍റെ ജ്യേഷ്ഠൻ എന്നോട് കല്പിച്ചിരിക്കുന്നു; അതുകൊണ്ട് നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാൻ എന്‍റെ സഹോദരന്മാരെ ചെന്നുകാണുവാൻ അനുവദിക്കേണമേ” എന്നു പറഞ്ഞു. അതുകൊണ്ടാണ് അവൻ രാജാവിന്‍റെ പന്തിഭോജനത്തിന് വരാതിരിക്കുന്നത്” എന്നുത്തരം പറഞ്ഞു. അപ്പോൾ ശൗലിന് യോനാഥാന്‍റെ നേരേ കോപം ജ്വലിച്ചു; അവൻ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നീ നിനക്കും നിന്‍റെ അമ്മയ്ക്കും അപമാനം ഉണ്ടാകുവാൻ യിശ്ശായിയുടെ മകനോട് കൂടിയിരിക്കുന്നു എന്നു എനിക്ക് അറിയാം യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നിനക്ക് രാജാവാകുവാനോ നിന്‍റെ രാജത്വം ഉറപ്പിക്കനോ സാധിക്കയില്ല. ഉടനെ ആളയച്ച് അവനെ എന്‍റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു. യോനാഥാൻ തന്‍റെ അപ്പനായ ശൗലിനോട്: “അവനെ എന്തിനാണ് കൊല്ലുന്നത്? അവൻ എന്ത് ചെയ്തു?” എന്നു ചോദിച്ചു. അപ്പോൾ ശൗല്‍ അവനെ കൊല്ലുവാൻ അവന്‍റെനേരെ കുന്തം എറിഞ്ഞു; അതുകൊണ്ട് തന്‍റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ തീരുമാനിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു. യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്‍റെ പിതാവ് ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.