1 ശമൂവേൽ 18:5-9

1 ശമൂവേൽ 18:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

താൻ അയയ്‍ക്കുന്നിടത്തെല്ലാം ദാവീദു പോയി കാര്യങ്ങൾ വിജയകരമായി നിറവേറ്റിയതിനാൽ ശൗൽ അവനെ സൈന്യാധിപനായി നിയമിച്ചു. ഇതു ജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ഇഷ്ടമായി. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേൽപട്ടണങ്ങളിലെ സ്‍ത്രീകൾ തപ്പും മറ്റു വാദ്യങ്ങളും മുഴക്കി ആടിപ്പാടി ആഹ്ലാദപൂർവം ശൗലിനെ എതിരേറ്റു. “ശൗൽ ആയിരങ്ങളെ കൊന്നു, ദാവീദോ പതിനായിരങ്ങളെയും” എന്നു സ്‍ത്രീകൾ വാദ്യഘോഷത്തോടുകൂടി പാടി. ഇതു ശൗലിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കോപാവിഷ്ഠനായി. രാജാവു പറഞ്ഞു: “അവർ ദാവീദിനു പതിനായിരങ്ങൾ നല്‌കി; എനിക്ക് ആയിരങ്ങൾ മാത്രമേ നല്‌കിയുള്ളൂ. ഇനിയും രാജത്വം മാത്രമല്ലേ അവനു കിട്ടാനുള്ളൂ.” അന്നുമുതൽ ശൗലിനു ദാവീദിനോടു കണ്ണുകടി തുടങ്ങി.

പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക

1 ശമൂവേൽ 18:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സർവജനത്തിനും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവർ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാൻ എന്തുള്ളൂ എന്ന് അവൻ പറഞ്ഞു. അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി.

പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക

1 ശമൂവേൽ 18:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ശൗല്‍ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യങ്ങൾ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗല്‍ അവനെ പടജ്ജനത്തിന് മേധാവി ആക്കി; ഇതു സർവ്വജനത്തിനും ശൗലിന്‍റെ ഭൃത്യന്മാർക്കും പ്രീതികരമായി. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽ നിന്ന് സ്ത്രീകൾ സന്തോഷത്തോടെ തപ്പും തംബുരുവുമായി പാടിയും നൃത്തംചെയ്തുംകൊണ്ട് ശൗല്‍രാജാവിനെ എതിരേറ്റു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടി. ഈ ഗാനം ശൗലിന് അനിഷ്ടമായി അതുകൊണ്ട് ശൗല്‍ ഏറ്റവും കോപിച്ചു. “അവർ ദാവീദിന് പതിനായിരം കൊടുത്തു, എനിക്ക് ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ എന്താണ് അവന് കിട്ടാനുള്ളത്” എന്നു അവൻ പറഞ്ഞു. അന്നുമുതൽ ദാവീദിനോട് ശൗലിനു അസൂയ തുടങ്ങി.

പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക

1 ശമൂവേൽ 18:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശൗൽ അയക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ടു ശൗൽ അവനെ പടജ്ജനത്തിന്നു മേധാവി ആക്കി; ഇതു സർവ്വജനത്തിന്നും ശൗലിന്റെ ഭൃത്യന്മാർക്കും ബോധിച്ചു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവർ മടങ്ങിവരുമ്പോൾ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകൾ പാടിയും നൃത്തംചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു, എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു. അന്നുമുതൽ ശൗലിന്നു ദാവീദിനോടു കണ്ണുകടി തുടങ്ങി.

പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക

1 ശമൂവേൽ 18:5-9 സമകാലിക മലയാളവിവർത്തനം (MCV)

ശൗൽ നിയോഗിച്ചയച്ച ഇടങ്ങളിലെല്ലാം ദാവീദ് വിജയപൂർവം കാര്യങ്ങൾ നിർവഹിച്ചു. അതിനാൽ ശൗൽ അദ്ദേഹത്തെ സൈന്യത്തിന്റെ മേലധികാരിയാക്കി. ഇതു സകലജനത്തിനും ശൗലിന്റെ ഉദ്യോഗസ്ഥന്മാർക്കും സന്തോഷകരമായിരുന്നു. ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചതിനുശേഷം ഇസ്രായേൽസൈന്യം മടങ്ങിവരുമ്പോൾ എല്ലാ നഗരങ്ങളിൽനിന്നും വന്ന സ്ത്രീകൾ തപ്പും വീണയും മുഴക്കി, പാടിയും നൃത്തംചെയ്തുകൊണ്ടും ശൗൽരാജാവിനെ എതിരേറ്റു. സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും” എന്നു പാടി. ശൗൽ ഏറ്റവും കുപിതനായി. ഈ പല്ലവി അദ്ദേഹത്തിന് അനിഷ്ടമായി. അദ്ദേഹം ഉള്ളിൽ പിറുപിറുത്തു: “അവർ ദാവീദിന് പതിനായിരം കൊടുത്തു; എന്നാൽ എനിക്ക് ആയിരംമാത്രം. ഇനി രാജത്വമല്ലാതെ മറ്റെന്താണ് അവനു കിട്ടാനുള്ളത്?” ആ സമയംമുതൽ ശൗൽ ദാവീദിനെ അസൂയനിറഞ്ഞ കണ്ണുകളോടെ നോക്കിത്തുടങ്ങി.

പങ്ക് വെക്കു
1 ശമൂവേൽ 18 വായിക്കുക