1 ശമൂവേൽ 16:14-23

1 ശമൂവേൽ 16:14-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. ശൗൽ തന്റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. ബാല്യക്കാരിൽ ഒരുത്തൻ: ബേത്‍ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടുകൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കേണം എന്നു പറയിച്ചു. യിശ്ശായി ഒരു കഴുതയെ വരുത്തി അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ് വശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; അവന് അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു. ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ട് അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു. ദൈവത്തിന്റെ പക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.

പങ്ക് വെക്കു
1 ശമൂവേൽ 16 വായിക്കുക

1 ശമൂവേൽ 16:14-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരന്റെ ആത്മാവു ശൗലിനെ വിട്ടുമാറി; അവിടുന്ന് അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചു. ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോടു പറഞ്ഞു: “സർവേശ്വരൻ അയച്ച ഒരു ദുരാത്മാവ് അങ്ങയെ പീഡിപ്പിക്കുന്നു. അതുകൊണ്ട് കിന്നരം വായനയിൽ നിപുണനായ ഒരാളെ കണ്ടുപിടിക്കാൻ അങ്ങു ഞങ്ങളോടു കല്പിച്ചാലും. ദുരാത്മാവ് അങ്ങയെ ആവേശിക്കുമ്പോൾ അവൻ കിന്നരം വായിക്കും; അത് അങ്ങേക്ക് ആശ്വാസം നല്‌കും.” ശൗൽ തന്റെ ഭൃത്യന്മാരോടു “നന്നായി കിന്നരം വായിക്കുന്ന ഒരാളെ കണ്ടുപിടിച്ചു തന്റെ അടുക്കൽ കൊണ്ടുവരാൻ” കല്പിച്ചു. ഭൃത്യന്മാരിൽ ഒരാൾ പറഞ്ഞു: “ബേത്‍ലഹേംകാരനായ യിശ്ശായിയുടെ ഒരു പുത്രനെ എനിക്കറിയാം. അവൻ കിന്നരം വായനയിൽ നിപുണനും ശൂരനും യുദ്ധവീരനും വാഗ്മിയും കോമളരൂപനും ആണ്; സർവേശ്വരൻ അവന്റെ കൂടെയുണ്ട്.” “ആടു മേയ്‍ക്കുന്ന നിന്റെ പുത്രൻ ദാവീദിനെ എന്റെ അടുക്കൽ അയയ്‍ക്കുക” എന്ന സന്ദേശവുമായി ശൗൽ ദൂതന്മാരെ യിശ്ശായിയുടെ അടുക്കൽ അയച്ചു. യിശ്ശായി ഒരു കഴുതയുടെ പുറത്ത് കുറെ അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ പുത്രൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ സേവകനായിത്തീർന്നു. ശൗൽ അവനെ വളരെ ഇഷ്ടപ്പെട്ടു; ദാവീദ് ശൗലിന്റെ ആയുധവാഹകനായിത്തീർന്നു. ശൗൽ യിശ്ശായിയുടെ അടുക്കൽ സന്ദേശവാഹകരെ അയച്ച് അറിയിച്ചു: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു; അതുകൊണ്ട് അവൻ എന്റെ കൂടെ പാർക്കട്ടെ.” ദൈവം അയച്ച ദുരാത്മാവ് ശൗലിനെ ബാധിക്കുമ്പോഴെല്ലാം ദാവീദ് കിന്നരം എടുത്തു വായിക്കും; അപ്പോൾ ശൗലിന് ആശ്വാസവും സൗഖ്യവും ലഭിക്കുകയും ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.

പങ്ക് വെക്കു
1 ശമൂവേൽ 16 വായിക്കുക

1 ശമൂവേൽ 16:14-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. അപ്പോൾ ശൗലിന്‍റെ ഭൃത്യന്മാർ അവനോട്: “ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ. അതുകൊണ്ട് കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്ക് കല്പന തരേണം; എന്നാൽ ദൈവത്തിൽനിന്ന് ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ട് കിന്നരം വായിക്കുകയും തിരുമേനിക്ക് ഭേദം വരികയും ചെയ്യും” എന്നു പറഞ്ഞു. ശൗല്‍ തന്‍റെ ഭൃത്യന്മാരോട്: “കിന്നരവായനയിൽ നിപുണനായ ഒരുവനെ അന്വേഷിച്ചുകൊണ്ടുവരുവിൻ” എന്നു കല്പിച്ചു. ബാല്യക്കാരിൽ ഒരുവൻ: “ബേത്ത്ലഹേംകാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവ അവനോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. അതുകൊണ്ട് ശൗല്‍ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: “ആട്ടിടയനായ നിന്‍റെ മകൻ ദാവീദിനെ എന്‍റെ അടുക്കൽ അയക്കണം” എന്നു പറയിച്ചു. യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്‍റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്‍റെ മകൻ ദാവീദിന്‍റെ കൈവശം ശൗലിന് കൊടുത്തയച്ചു. ദാവീദ് ശൗലിന്‍റെ അടുക്കൽ ചെന്നു അവന്‍റെ മുമ്പാകെ നിന്നു; ശൗലിന് അവനോട് വളരെ സ്നേഹമായി; അവൻ അവന്‍റെ ആയുധവാഹകനായിത്തീർന്നു. അതുകൊണ്ട് ശൗല്‍ യിശ്ശായിയുടെ അടുക്കൽ ആളയച്ച്: “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നതിനാൽ അവൻ എന്‍റെ അടുക്കൽ താമസിക്കട്ടെ” എന്നു പറയിച്ചു. ദൈവത്തിന്‍റെ അടുക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.

പങ്ക് വെക്കു
1 ശമൂവേൽ 16 വായിക്കുക

1 ശമൂവേൽ 16:14-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദൂരാത്മാവു അവനെ ബാധിച്ചു. അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോടു: ദൈവം അയച്ച ഒരു ദൂരാത്മാവു നിന്നെ ബാധിക്കുന്നുവല്ലോ. ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. ശൗൽ തന്റെ ഭൃത്യന്മാരോടു: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. ബാല്യക്കാരിൽ ഒരുത്തൻ: ബേത്ത്ലേഹെമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ടു; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടു കൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയക്കേണം എന്നു പറയിച്ചു. യിശ്ശായി ഒരു കഴുതയെ വരുത്തി, അതിന്റെ പുറത്തു അപ്പം, ഒരു തുരുത്തി വീഞ്ഞു, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ്‌വശം ശൗലിന്നു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുക്കൽ ചെന്നു അവന്റെ മുമ്പാകെ നിന്നു; അവന്നു അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായ്തീർന്നു. ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോടു എനിക്കു ഇഷ്ടം തോന്നിയിരിക്കകൊണ്ടു അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു. ദൈവത്തിന്റെ പക്കൽനിന്നു ദുരാത്മാവു ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്തു വായിക്കും; ശൗലിന്നു ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവു അവനെ വിട്ടുമാറും.

പങ്ക് വെക്കു
1 ശമൂവേൽ 16 വായിക്കുക

1 ശമൂവേൽ 16:14-23 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾത്തന്നെ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടകന്നു. യഹോവ അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്, “ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ ബാധിച്ചിരിക്കുന്നു. കിന്നരം വായനയിൽ നിപുണനായ ഒരാളെ തെരഞ്ഞു കണ്ടുപിടിക്കാൻ അടിയങ്ങൾക്കു കൽപ്പന തന്നാലും! ദൈവത്തിൽനിന്ന് ദുരാത്മാവ് അങ്ങയുടെമേൽ വരുമ്പോൾ അയാൾ കിന്നരം വായിക്കും. തിരുമനസ്സിന് ആശ്വാസം തോന്നുകയും ചെയ്യും” എന്നു പറഞ്ഞു. “കിന്നരം വായനയിൽ നിപുണനായ ഒരുവനെ കണ്ടുപിടിച്ച് എന്റെമുമ്പിൽ കൊണ്ടുവരിക,” എന്ന് ശൗൽ തന്റെ ഭൃത്യന്മാർക്കു കൽപ്പനകൊടുത്തു. ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവൻ പറഞ്ഞു: “ബേത്ലഹേമ്യനായ യിശ്ശായിയുടെ പുത്രന്മാരിൽ ഒരുവനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരം വായനയിൽ നിപുണനും പരാക്രമശാലിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളരൂപമുള്ളവനുമാണ്. യഹോവയും അവനോടുകൂടെയുണ്ട്.” അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ച്, “ആടുകളെ മേയിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കുക” എന്നു പറയിച്ചു. അതിനാൽ യിശ്ശായി ഒരു കഴുതയെ വരുത്തി, അപ്പവും ഒരു തുരുത്തി വീഞ്ഞും ഒരു കോലാട്ടിൻകുട്ടിയെയും കയറ്റി അവയെ തന്റെ മകൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു. ദാവീദ് ശൗലിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ മുമ്പാകെ നിന്നു. ശൗലിന് അവനോടു വളരെ സ്നേഹമായി. അവൻ ശൗലിന്റെ ആയുധവാഹകന്മാരിൽ ഒരാളായിത്തീർന്നു. അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ച്, “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു. അവൻ എന്റെ അടുക്കൽ താമസിക്കട്ടെ” എന്നു പറയിച്ചു. ദൈവം അയച്ച ദുരാത്മാവ് ശൗലിന്റെമേൽ വരുമ്പോൾ ദാവീദ് കിന്നരമെടുത്തു വായിക്കും. അപ്പോൾ ശൗലിന് ആശ്വാസവും സുഖവും ലഭിക്കും; ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.

പങ്ക് വെക്കു
1 ശമൂവേൽ 16 വായിക്കുക