1 ശമൂവേൽ 16
16
1അനന്തരം യഹോവ ശമൂവേലിനോട്: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാൻ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ച് എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്‍ലഹേമ്യനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്റെ മക്കളിൽ ഞാൻ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു. 2അതിനു ശമൂവേൽ: ഞാൻ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്: ഞാൻ യഹോവയ്ക്കു യാഗം കഴിപ്പാൻ വന്നിരിക്കുന്നു എന്നു പറക. 3യിശ്ശായിയെയും യാഗത്തിനു ക്ഷണിക്ക; നീ ചെയ്യേണ്ടത് എന്തെന്നു ഞാൻ അന്നേരം നിന്നോട് അറിയിക്കും; ഞാൻ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം. 4യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്‍ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാർ അവന്റെ വരവിങ്കൽ വിറച്ചുകൊണ്ട് അവനെ എതിരേറ്റു: നിന്റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ചു. 5അതിന് അവൻ: ശുഭം തന്നെ; ഞാൻ യഹോവയ്ക്ക് യാഗം കഴിപ്പാൻ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിനു വരുവിൻ എന്നുപറഞ്ഞു. അവൻ യിശ്ശായിയെയും അവന്റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു. 6അവർ വന്നപ്പോൾ അവൻ എലീയാബിനെ കണ്ടിട്ട്: യഹോവയുടെ മുമ്പാകെ അവന്റെ അഭിഷിക്തൻ ഇതാ എന്നു പറഞ്ഞു. 7യഹോവ ശമൂവേലിനോട്: അവന്റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു. 8പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാറെ അവൻ: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. 9പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്ന് അവൻ പറഞ്ഞു. 10അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു. 11നിന്റെ പുത്രന്മാർ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന് അവൻ: ഇനി, ഉള്ളതിൽ ഇളയവൻ ഉണ്ട്; അവൻ ആടുകളെ മേയിക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: ആളയച്ച് അവനെ വരുത്തുക; അവൻ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു. 12ഉടനെ അവൻ ആളയച്ച് അവനെ വരുത്തി; എന്നാൽ അവൻ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോൾ യഹോവ: എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്ക; ഇവൻതന്നെ ആകുന്നു എന്നു കല്പിച്ചു. 13അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്റെ സഹോദരന്മാരുടെ നടുവിൽവച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റ് രാമായിലേക്കു പോയി. 14എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു. 15അപ്പോൾ ശൗലിന്റെ ഭൃത്യന്മാർ അവനോട്: ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ. 16ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ട് അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു. 17ശൗൽ തന്റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിൻ എന്നു കല്പിച്ചു. 18ബാല്യക്കാരിൽ ഒരുത്തൻ: ബേത്‍ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു. 19എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടുകൂടെ ഇരിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കേണം എന്നു പറയിച്ചു. 20യിശ്ശായി ഒരു കഴുതയെ വരുത്തി അതിന്റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിൻകുട്ടി എന്നിവ കയറ്റി തന്റെ മകൻ ദാവീദ് വശം ശൗലിനു കൊടുത്തയച്ചു. 21ദാവീദ് ശൗലിന്റെ അടുക്കൽ ചെന്ന് അവന്റെ മുമ്പാകെ നിന്നു; അവന് അവനോടു വളരെ സ്നേഹമായി; അവൻ അവന്റെ ആയുധവാഹകനായിത്തീർന്നു. 22ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ട് അവൻ എന്റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു. 23ദൈവത്തിന്റെ പക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോൾ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 ശമൂവേൽ 16: MALOVBSI
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
Malayalam OV Bible - സത്യവേദപുസ്തകം
© The Bible Society of India, 2016.
Used by permission. All rights reserved worldwide.