1 ശമൂവേൽ 12:19-24

1 ശമൂവേൽ 12:19-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ജനമെല്ലാം ശമൂവേലിനോട്: അടിയങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകല പാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു. ശമൂവേൽ ജനത്തോടു പറഞ്ഞത്: ഭയപ്പെടേണ്ടാ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ. വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുത്; അവ മിഥ്യാവസ്തു തന്നെയല്ലോ. യഹോവ തന്റെ മഹത്തായ നാമം നിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു. ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും. യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും പരമാർഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓർത്തുകൊൾവിൻ.

പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക

1 ശമൂവേൽ 12:19-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സകല ജനവും ശമൂവേലിനോടു പറഞ്ഞു: “ഞങ്ങൾ മരിക്കാതിരിക്കാൻ അങ്ങയുടെ ദൈവമായ സർവേശ്വരനോട് ഈ ദാസന്മാർക്കുവേണ്ടി പ്രാർഥിക്കണമേ. ഞങ്ങളുടെ മറ്റു പാപങ്ങൾക്കു പുറമേ രാജാവിനെ ആവശ്യപ്പെടുകമൂലം ഒരു പാപം കൂടി ചെയ്തിരിക്കുന്നു.” ശമൂവേൽ ജനത്തോടു പറഞ്ഞു: “ഭയപ്പെടേണ്ട; ഈ തിന്മകളെല്ലാം നിങ്ങൾ പ്രവർത്തിച്ചെങ്കിലും അവിടുത്തെ അനുഗമിക്കുന്നതിൽനിന്നു നിങ്ങൾ വ്യതിചലിക്കരുത്; പൂർണഹൃദയത്തോടെ നിങ്ങൾ അവിടുത്തെ സേവിക്കുവിൻ. നിങ്ങളെ സഹായിക്കാനോ രക്ഷിക്കാനോ കഴിവില്ലാത്ത വ്യർഥകാര്യങ്ങളിലേക്കു തിരിയരുത്. തന്റെ മഹത്തായ നാമംനിമിത്തം അവിടുന്നു തന്റെ ജനത്തെ ഉപേക്ഷിക്കുകയില്ല; നിങ്ങളെ തന്റെ സ്വന്തജനമാക്കുവാൻ അവിടുന്നു തിരുമനസ്സായല്ലോ. നിങ്ങൾക്കുവേണ്ടി തുടർന്നു പ്രാർഥിക്കാതെയിരുന്നു സർവേശ്വരനോടു പാപം ചെയ്യാൻ എനിക്ക് ഇടവരാതിരിക്കട്ടെ; നേരും ചൊവ്വുമുള്ള വഴി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരും. നിങ്ങൾ പൂർണഹൃദയത്തോടും വിശ്വസ്തതയോടും അവിടുത്തെ സേവിക്കുവിൻ; അവിടുന്നു നിങ്ങൾക്കു വേണ്ടി പ്രവർത്തിച്ച വൻകാര്യങ്ങളെ സ്മരിക്കുവിൻ.

പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക

1 ശമൂവേൽ 12:19-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ജനമെല്ലാം ശമൂവേലിനോട്: “അടിയങ്ങൾക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോട് പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതുകൊണ്ട് മറ്റെല്ലാ പാപങ്ങൾക്കും ഒപ്പം ഞങ്ങൾ ഈ ഒരു പാപം കൂടി കൂട്ടിയിരിക്കുന്നു” എന്നു പറഞ്ഞു. ശമൂവേൽ ജനത്തോട് പറഞ്ഞത്: “ഭയപ്പെടാതിരിക്കുവിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ. എന്നാൽ നിങ്ങൾ ഉപകാരമില്ലാത്തതും, രക്ഷിപ്പാൻ കഴിയാത്തതുമായ മിത്ഥ്യാ ദേവന്മാരിലേക്ക് തിരിയരുത്; എന്തെന്നാൽ അവ മിത്ഥ്യാ രൂപങ്ങൾ തന്നേയല്ലോ. യഹോവ തന്‍റെ മഹത്തായ നാമം നിമിത്തം തന്‍റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്‍റെ ജനമാക്കിക്കൊൾവാൻ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു. “ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്യുവാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്ക് നല്ലതും നേരും ആയ വഴി ഉപദേശിക്കും. യഹോവയെ ഭയപ്പെട്ട് പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊള്ളുവിൻ.

പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക

1 ശമൂവേൽ 12:19-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു. ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‌വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ. വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ. യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു. ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും. യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.

പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക

1 ശമൂവേൽ 12:19-24 സമകാലിക മലയാളവിവർത്തനം (MCV)

ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!” ശമുവേൽ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ ഈ തിന്മകളെല്ലാം ചെയ്തുവെങ്കിലും യഹോവയിൽനിന്ന് അകന്നുമാറിപ്പോകരുത്; പൂർണഹൃദയത്തോടുകൂടി നിങ്ങൾ യഹോവയെ സേവിക്കുക. നിങ്ങൾ യഹോവയെ വിട്ട് പ്രയോജനരഹിതങ്ങളായ വിഗ്രഹങ്ങളുടെ പിന്നാലെ തിരിയരുത്. നിങ്ങൾക്കു യാതൊരു നന്മയും ചെയ്യാൻ അവർക്കു കഴിയുകയില്ല. നിങ്ങളെ വീണ്ടെടുക്കാനും അവയെക്കൊണ്ടാകില്ല. കാരണം, അവയെല്ലാം മിഥ്യാമൂർത്തികളാണ്. യഹോവയ്ക്കു നിങ്ങളെ സ്വന്തജനമാക്കിത്തീർക്കാൻ മനസ്സായല്ലോ! അതിനാൽ അവിടന്ന് തന്റെ മഹത്തായ നാമത്തെപ്രതി സ്വന്തജനമായ നിങ്ങളെ തള്ളിക്കളയുകയില്ല. എന്റെ കാര്യത്തിലാണെങ്കിൽ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നത് ഞാൻ യഹോവയോടു ചെയ്യുന്ന മഹാപരാധമാണ്. ആ പാപംചെയ്യാൻ ദൈവം എനിക്കിടവരുത്താതിരിക്കട്ടെ. നന്മയും നീതിയുമായുള്ള പാത ഞാൻ നിങ്ങൾക്കുപദേശിച്ചുതരാം. യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടി അവിടത്തെ സേവിക്കുക! അവിടന്ന് നിങ്ങൾക്കുവേണ്ടി എത്ര മഹാകാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു എന്നോർത്തുകൊൾക!

പങ്ക് വെക്കു
1 ശമൂവേൽ 12 വായിക്കുക