1 ശമുവേൽ 12:19-24

1 ശമുവേൽ 12:19-24 MCV

ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!” ശമുവേൽ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ ഈ തിന്മകളെല്ലാം ചെയ്തുവെങ്കിലും യഹോവയിൽനിന്ന് അകന്നുമാറിപ്പോകരുത്; പൂർണഹൃദയത്തോടുകൂടി നിങ്ങൾ യഹോവയെ സേവിക്കുക. നിങ്ങൾ യഹോവയെ വിട്ട് പ്രയോജനരഹിതങ്ങളായ വിഗ്രഹങ്ങളുടെ പിന്നാലെ തിരിയരുത്. നിങ്ങൾക്കു യാതൊരു നന്മയും ചെയ്യാൻ അവർക്കു കഴിയുകയില്ല. നിങ്ങളെ വീണ്ടെടുക്കാനും അവയെക്കൊണ്ടാകില്ല. കാരണം, അവയെല്ലാം മിഥ്യാമൂർത്തികളാണ്. യഹോവയ്ക്കു നിങ്ങളെ സ്വന്തജനമാക്കിത്തീർക്കാൻ മനസ്സായല്ലോ! അതിനാൽ അവിടന്ന് തന്റെ മഹത്തായ നാമത്തെപ്രതി സ്വന്തജനമായ നിങ്ങളെ തള്ളിക്കളയുകയില്ല. എന്റെ കാര്യത്തിലാണെങ്കിൽ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നത് ഞാൻ യഹോവയോടു ചെയ്യുന്ന മഹാപരാധമാണ്. ആ പാപംചെയ്യാൻ ദൈവം എനിക്കിടവരുത്താതിരിക്കട്ടെ. നന്മയും നീതിയുമായുള്ള പാത ഞാൻ നിങ്ങൾക്കുപദേശിച്ചുതരാം. യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടി അവിടത്തെ സേവിക്കുക! അവിടന്ന് നിങ്ങൾക്കുവേണ്ടി എത്ര മഹാകാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു എന്നോർത്തുകൊൾക!