1 ശമൂവേൽ 10:17-27

1 ശമൂവേൽ 10:17-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം ശമൂവേൽ ജനത്തെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി, യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന് മിസ്രയീമ്യരുടെ കൈയിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകല രാജ്യക്കാരുടെയും കൈയിൽനിന്നും നിങ്ങളെ വിടുവിച്ചു. നിങ്ങളോ സകല അനർഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്ന് അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ. അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തുവരുമാറാക്കി; ബെന്യാമീൻഗോത്രത്തിനു ചീട്ടുവീണു. അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന് ചീട്ടുവീണു; പിന്നെ കീശിന്റെ മകനായ ശൗലിന് ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല. അവർ പിന്നെയും യഹോവയോട്: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിനു യഹോവ: അവൻ സാമാനങ്ങളുടെയിടയിൽ ഒളിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തു. അവർ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു. അപ്പോൾ ശമൂവേൽ സർവജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്ന് ആർത്തു. അതിന്റെശേഷം ശമൂവേൽ രാജധർമം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു. ശൗലും ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും അവനോടുകൂടെ പോയി. എന്നാൽ ചില നീചന്മാർ: ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:17-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശമൂവേൽ ജനത്തെ മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വിളിച്ചുകൂട്ടി. അതിനുശേഷം ഇസ്രായേൽജനത്തോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേലിനെ ഞാൻ ഈജിപ്തിൽനിന്നു കൊണ്ടുവന്നു; ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകല ജനതകളുടെയും കൈയിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിച്ചു. എന്നാൽ എല്ലാ അനർഥങ്ങളിൽനിന്നും ദുരിതങ്ങളിൽനിന്നും രക്ഷിക്കുന്ന സർവേശ്വരനെ നിങ്ങൾ ഉപേക്ഷിച്ചു; ഞങ്ങൾക്ക് ഒരു രാജാവിനെ നല്‌കണമെന്നു നിങ്ങൾ ആവശ്യപ്പെട്ടു; അതുകൊണ്ടു നിങ്ങൾ ഗോത്രം ഗോത്രമായും കുലം കുലമായും സർവേശ്വരന്റെ സന്നിധിയിൽ നില്‌ക്കുവിൻ.” പിന്നീട് ശമൂവേൽ ഇസ്രായേൽഗോത്രങ്ങളെയെല്ലാം തന്റെ അടുക്കൽ വിളിച്ചുകൂട്ടിയതിനു ശേഷം നറുക്കിട്ടു; കുറി ബെന്യാമീൻ ഗോത്രത്തിനു വീണു. ബെന്യാമീൻഗോത്രത്തിലെ കുടുംബങ്ങളെ തന്റെ അടുക്കൽ വരുത്തി; കുറി മത്രികുടുംബത്തിനു വീണു; പിന്നീട് മത്രികുടുംബത്തിലെ അംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കീശിന്റെ പുത്രനായ ശൗലിനു കുറി വീണു. എന്നാൽ അവർ അയാളെ അന്വേഷിച്ചപ്പോൾ കണ്ടില്ല; “അയാൾ ഇവിടെ വന്നിട്ടുണ്ടോ” എന്ന് അവർ സർവേശ്വരനോടു ചോദിച്ചു. “അവൻ അതാ ഭാണ്ഡങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്തു. അവർ ഓടിച്ചെന്നു ശൗലിനെ ജനത്തിന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുവന്നു; അയാൾ ജനമധ്യേ നിന്നപ്പോൾ അവിടെ അയാളുടെ തോളൊപ്പത്തിൽ കവിഞ്ഞ ഉയരമുള്ള ആരും ഉണ്ടായിരുന്നില്ല. ശമൂവേൽ ജനത്തോട്: “സർവേശ്വരൻ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല” എന്നു പറഞ്ഞു. ഉടനെ “രാജാവു നീണാൾ വാഴട്ടെ” എന്നു ജനം ആർത്തുവിളിച്ചു. പിന്നീട് രാജധർമത്തെപ്പറ്റി ശമൂവേൽ ജനത്തോടു പറഞ്ഞു; അതെല്ലാം ഒരു പുസ്തകത്തിലെഴുതി സർവേശ്വരന്റെ സന്നിധിയിൽ വച്ചു. അതിനുശേഷം ജനത്തെ അവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു. ശൗൽ ഗിബെയായിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി; ദൈവത്താൽ പ്രചോദിതരായ ഒരു കൂട്ടം യുദ്ധവീരന്മാരും അയാളുടെ കൂടെ പോയി. “നമ്മെ രക്ഷിക്കാൻ ഇവന് എങ്ങനെ കഴിയും” എന്നു പറഞ്ഞു ചില നീചന്മാർ അയാളെ പരിഹസിച്ചു; അവർ കാഴ്ചകളൊന്നും അയാൾക്കു നല്‌കിയില്ല. ശൗൽ അതു ഗൗനിച്ചതുമില്ല.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:17-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതിനുശേഷം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി. യിസ്രായേൽ മക്കളോട് പറഞ്ഞതെന്തെന്നാൽ: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്നു. അവരുടെ കയ്യിൽനിന്നും, നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു. നിങ്ങളുടെ എല്ലാ എതിരാളികളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ഉപേക്ഷിച്ചു: ഞങ്ങൾക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്ന് ദൈവത്തോട് പറഞ്ഞിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും ആയിരമായിരമായും യഹോവയുടെ സന്നിധിയിൽ നിൽക്കുവിൻ.” അങ്ങനെ ശമൂവേൽ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം തന്‍റെ അടുക്കൽ വരുത്തി നറുക്കിട്ടു; ബെന്യാമീൻ ഗോത്രത്തിന് നറുക്ക് വീണു. അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുക്കൽ വരുത്തി; മത്രികുടുംബത്തിന് നറുക്ക് വീണു; അതിൽ കീശിന്‍റെ മകനായ ശൗലിന് നറുക്ക് വീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല. അവർ പിന്നെയും യഹോവയോട്: “അയാൾ ഇവിടെ വന്നിട്ടുണ്ടോ?” എന്നു ചോദിച്ചു. അതിന് യഹോവ: “അവൻ സാധനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു” എന്നു അരുളിച്ചെയ്തു. അവർ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യത്തിൽ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും ഉയരമേറിയവനായിരുന്നു. അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: “യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുവൻ ഇല്ലല്ലോ” എന്നു പറഞ്ഞു. ജനമെല്ലാം: “രാജാവേ, ജയജയ” എന്നു ആർത്തു. അതിന്‍റെശേഷം ശമൂവേൽ രാജാവിന്‍റെ കടമകളെപ്പറ്റി ജനത്തെ പറഞ്ഞു കേൾപ്പിച്ചു; അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വച്ചു. പിന്നെ ശമൂവേൽ ജനങ്ങളെയെല്ലാം വീട്ടിലേക്ക് പറഞ്ഞയച്ചു. ശൗലും ഗിബെയയിൽ തന്‍റെ വീട്ടിലേക്ക് പോയി; ദൈവം മനസ്സിൽ തോന്നിപ്പിച്ച വീരന്മാരായ ഒരു കൂട്ടം ആളുകളും അവനോടുകൂടെ പോയി. എന്നാൽ ചില എതിരാളികൾ: “ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും” എന്നു പറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച കൊണ്ടുവരാതെയിരുന്നു. അവനോ അത് കാര്യമാക്കിയില്ല.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:17-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം ശമൂവേൽ ജനത്തെ മിസ്പയിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി, യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു. നിങ്ങളോ സകല അനർത്ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിൻ. അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻഗോത്രത്തിന്നു ചീട്ടു വീണു. അവൻ ബെന്യാമീൻഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൗലിന്നു ചീട്ടുവീണു; അവർ അവനെ അന്വേഷിച്ചപ്പോൾ കണ്ടില്ല. അവർ പിന്നെയും യഹോവയോടു: ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ: അവൻ സാമാനങ്ങളുടെ ഇടയിൽ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു. അവർ ഓടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോൾ അവൻ ജനത്തിൽ എല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു. അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആർത്തു. അതിന്റെ ശേഷം ശമൂവേൽ രാജധർമ്മം ജനത്തെ പറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു. ശൗലും ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആൾക്കൂട്ടവും അവനോടുകൂടെ പോയി. എന്നാൽ ചില നീചന്മാർ: ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക

1 ശമൂവേൽ 10:17-27 സമകാലിക മലയാളവിവർത്തനം (MCV)

ശമുവേൽ ഇസ്രായേൽജനത്തെയെല്ലാം മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുവരുത്തി. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു; ഈജിപ്റ്റിന്റെയും നിങ്ങളെ ഞെരുക്കിയ സകലരാഷ്ട്രങ്ങളുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ചു.’ എന്നാൽ സകല ആപത്തുകളിൽനിന്നും കഷ്ടതകളിൽനിന്നും രക്ഷിക്കുന്ന നിങ്ങളുടെ ദൈവത്തെ നിങ്ങളിന്നു തിരസ്കരിച്ചിരിക്കുന്നു; ‘ഞങ്ങൾക്കൊരു രാജാവിനെ വാഴിച്ചു തരിക,’ എന്നു നിങ്ങൾ ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്പോൾ നിങ്ങൾ ഗോത്രംഗോത്രമായും കുലംകുലമായും യഹോവയുടെ സന്നിധിയിൽ അടുത്തുവരിക.” ശമുവേൽ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം യഹോവയുടെ സന്നിധിയിൽ നിർത്തിക്കഴിഞ്ഞപ്പോൾ, ബെന്യാമീൻഗോത്രത്തിനു നറുക്കുവീണു. പിന്നെ അദ്ദേഹം ബെന്യാമീൻഗോത്രത്തെ കുലംകുലമായി മുമ്പോട്ടു വരുത്തി; മത്രികുലം തെരഞ്ഞെടുക്കപ്പെട്ടു. അവസാനം കീശിന്റെ മകനായ ശൗൽ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അവർ അദ്ദേഹത്തെ അന്വേഷിച്ചപ്പോൾ അവിടെയെങ്ങും കാണാനില്ലായിരുന്നു. അതിനാൽ അവർ വീണ്ടും യഹോവയോട്: “ആ മനുഷ്യൻ ഇവിടെ വന്നിട്ടുണ്ടോ?” എന്ന് അരുളപ്പാടു ചോദിച്ചു. “അയാൾ സാധനസാമഗ്രികൾക്കിടയിൽ ഒളിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു. അവർ ഓടിച്ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽനിന്നപ്പോൾ ശൗൽ മറ്റെല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു. ശമുവേൽ സകലജനത്തോടും: “യഹോവ തെരഞ്ഞെടുത്ത മനുഷ്യനെ നിങ്ങൾ കാണുന്നുണ്ടോ? ഇസ്രായേലിലെങ്ങും അവനെപ്പോലെ മറ്റൊരാളുമില്ലല്ലോ” എന്നു പറഞ്ഞു. “രാജാവ് നീണാൾ വാഴട്ടെ!” എന്നു ജനം ആർത്തുവിളിച്ചു. രാജത്വത്തിന്റെ അവകാശങ്ങളും ചുമതലകളും ശമുവേൽ ജനങ്ങൾക്കു വിശദീകരിച്ചുകൊടുത്തു. അദ്ദേഹം അവയെല്ലാം ഒരു ചുരുളിൽ എഴുതി യഹോവയുടെ സന്നിധിയിൽ സൂക്ഷിച്ചു. അതിനുശേഷം ശമുവേൽ ജനത്തെ വീടുകളിലേക്കു തിരിച്ചയച്ചു. ശൗലും ഗിബെയയിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ദൈവം ഹൃദയത്തിൽ പ്രേരണ നൽകിയ പരാക്രമശാലികളായ ചില പുരുഷന്മാരും അദ്ദേഹത്തോടൊപ്പം പോയി. എന്നാൽ ആഭാസന്മാരായ ചിലർ, “ഈ മനുഷ്യനു നമ്മെ എങ്ങനെ രക്ഷിക്കാൻ കഴിയും?” എന്നു പറഞ്ഞ് ശൗലിനെ ധിക്കരിച്ചു; അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നതുമില്ല. എന്നാൽ ശൗൽ അതു ഗണ്യമാക്കിയതേയില്ല.

പങ്ക് വെക്കു
1 ശമൂവേൽ 10 വായിക്കുക