1 പത്രൊസ് 5:1-11

1 പത്രൊസ് 5:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിനു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിനു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബന്ധത്താലല്ല, ദൈവത്തിനു ഹിതമാംവണ്ണം മനഃപൂർവമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിനു മാതൃകകളായിത്തീർന്നുകൊണ്ടും അധ്യക്ഷത ചെയ്‍വിൻ. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോട് എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അതുകൊണ്ട് അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴെ താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ. നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുളള സഹോദരവർഗത്തിന് ആ വക കഷ്ടപ്പാടുകൾ തന്നെ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോട് എതിർത്തു നില്പിൻ. എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവംതന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവനുള്ളത്. ആമേൻ.

1 പത്രൊസ് 5:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

നിങ്ങളുടെ ഇടയിലെ മുഖ്യന്മാരെപ്പോലെയുള്ള ഒരുവനും, ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്കു ദൃക്സാക്ഷിയും, വെളിപ്പെടുവാനിരിക്കുന്ന തേജസ്സിന്റെ പങ്കാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നു: നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിർബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാൽ നിങ്ങളുടെ ചുമതല നിർവഹിക്കണം. അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം. നിങ്ങളുടെ ചുമതലയിലുള്ളവരുടെമേൽ അധികാരപ്രമത്തത കാട്ടുകയല്ല, അവർക്കു നിങ്ങൾ മാതൃകയായിത്തീരുകയാണു വേണ്ടത്. അങ്ങനെ ചെയ്താൽ പ്രധാനഇടയൻ പ്രത്യക്ഷനാകുമ്പോൾ മഹത്ത്വത്തിന്റെ വാടാത്ത വിജയകിരീടം നിങ്ങൾക്കു ലഭിക്കും. അതുപോലെതന്നെ, യുവജനങ്ങളേ, മുതിർന്നവർക്ക് നിങ്ങൾ കീഴ്പെട്ടിരിക്കുക. വിനയമാകുന്ന വസ്ത്രം ധരിച്ച് പരസ്പരം സേവനം ചെയ്യുക. എന്തെന്നാൽ ‘അഹങ്കാരികളെ ദൈവം എതിർക്കുന്നു; വിനീതർക്ക് അവിടുന്നു കൃപയരുളുകയും ചെയ്യുന്നു.’ അതുകൊണ്ട് ദൈവത്തിന്റെ ബലവത്തായ കരങ്ങൾക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാൽ അവിടുന്ന് യഥാവസരം നിങ്ങളെ ഉയർത്തും. സകല ചിന്താഭാരവും അവിടുത്തെമേൽ വച്ചുകൊള്ളുക. അവിടുന്നു നിങ്ങൾക്കുവേണ്ടി കരുതുന്നവനാണല്ലോ. നിങ്ങൾ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു. ലോകത്തെങ്ങുമുള്ള സഹോദരവർഗം ഇതേ പീഡാനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ട് വിശ്വാസത്തിൽ ഉറച്ചുനിന്ന് നിങ്ങളുടെ പ്രതിയോഗിയെ ചെറുക്കുക. ക്രിസ്തുമുഖാന്തരം തന്റെ നിത്യതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന പരമകൃപാലുവായ ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടാനുഭവങ്ങൾക്കുശേഷം നിങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു ശക്തീകരിക്കും. പരമാധികാരം എന്നേക്കും അവിടുത്തേക്കുള്ളതാകുന്നു. ആമേൻ.

1 പത്രൊസ് 5:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

നിങ്ങളുടെ ഇടയിലുള്ള മൂപ്പന്മാരോട് അവരിൽ ഒരുവനായ, ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തിന് സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന് കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നത്: അതുകൊണ്ട് നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്‍റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും, അധർമ്മമായ ലാഭമോഹംകൊണ്ടല്ല, ഉന്മേഷത്തോടെയും നിങ്ങളുടെ പരിപാലനത്തിൻ കീഴുള്ളവരുടെ മേൽ യജമാനനെപ്പോലെ അധികാര പ്രമത്തത കാട്ടുകയല്ല, ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടത്രെ വേണ്ടത്. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിൻ്റെ വാടാത്ത കിരീടം പ്രാപിക്കും. അതുപോലെ തന്നെ ഇളയവരേ, മൂപ്പന്മാർക്ക് കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽതമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊണ്ട് അന്യോന്യം സേവിപ്പിൻ; ദൈവം അഹങ്കാരികളോട് എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അതുകൊണ്ട് ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴ് താണിരിപ്പിൻ; അങ്ങനെ എങ്കിൽ അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തും. ദൈവം നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേൽ ഇട്ടുകൊൾവിൻ. ആത്മനിയന്ത്രണമുള്ളവർ ആയിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റി നടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള വിശ്വാസസഹോദരവർഗ്ഗത്തിന് ആ വക കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു എന്നറിയുവിൻ. വിശ്വാസത്തിൽ സ്ഥിരതയുള്ളവരായി അവനോട് എതിർത്ത് നില്പിൻ. എന്നാൽ അല്പകാലത്തേക്ക് കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്‍റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നെ പരിപൂർണ്ണരാക്കി, യഥാസ്ഥാനപ്പെടുത്തി, ഉറപ്പിച്ച്, ശക്തീകരിക്കും. ആധിപത്യം എന്നെന്നേക്കും അവനുള്ളത്. ആമേൻ.

1 പത്രൊസ് 5:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തിന്നു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിന്നു കൂട്ടാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നതു: നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻ കൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ. എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും. അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെ മേൽ ഇട്ടുകൊൾവിൻ. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു. ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി അവനോടു എതിർത്തു നില്പിൻ. എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവന്നുള്ളതു. ആമേൻ.

1 പത്രൊസ് 5:1-11 സമകാലിക മലയാളവിവർത്തനം (MCV)

ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്: നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക. നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്. ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും. അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.” അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും. ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക. ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു. വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക. അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും. സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ.