1 PETERA 5:1-11

1 PETERA 5:1-11 MALCLBSI

നിങ്ങളുടെ ഇടയിലെ മുഖ്യന്മാരെപ്പോലെയുള്ള ഒരുവനും, ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്കു ദൃക്സാക്ഷിയും, വെളിപ്പെടുവാനിരിക്കുന്ന തേജസ്സിന്റെ പങ്കാളിയുമായ ഞാൻ പ്രബോധിപ്പിക്കുന്നു: നിങ്ങളെ ഏല്പിച്ചിരിക്കുന്ന അജഗണത്തെ പാലിക്കുക; ആരുടെയും നിർബന്ധംകൊണ്ടല്ല, ദൈവം ആഗ്രഹിക്കുന്നതുപോലെ സ്വമനസ്സാൽ നിങ്ങളുടെ ചുമതല നിർവഹിക്കണം. അത് അധമമായ ലാഭമോഹം കൊണ്ടല്ല, ഔത്സുക്യംകൊണ്ട് ആയിരിക്കണം. നിങ്ങളുടെ ചുമതലയിലുള്ളവരുടെമേൽ അധികാരപ്രമത്തത കാട്ടുകയല്ല, അവർക്കു നിങ്ങൾ മാതൃകയായിത്തീരുകയാണു വേണ്ടത്. അങ്ങനെ ചെയ്താൽ പ്രധാനഇടയൻ പ്രത്യക്ഷനാകുമ്പോൾ മഹത്ത്വത്തിന്റെ വാടാത്ത വിജയകിരീടം നിങ്ങൾക്കു ലഭിക്കും. അതുപോലെതന്നെ, യുവജനങ്ങളേ, മുതിർന്നവർക്ക് നിങ്ങൾ കീഴ്പെട്ടിരിക്കുക. വിനയമാകുന്ന വസ്ത്രം ധരിച്ച് പരസ്പരം സേവനം ചെയ്യുക. എന്തെന്നാൽ ‘അഹങ്കാരികളെ ദൈവം എതിർക്കുന്നു; വിനീതർക്ക് അവിടുന്നു കൃപയരുളുകയും ചെയ്യുന്നു.’ അതുകൊണ്ട് ദൈവത്തിന്റെ ബലവത്തായ കരങ്ങൾക്ക് നിങ്ങളെത്തന്നെ കീഴ്പെടുത്തുക. എന്നാൽ അവിടുന്ന് യഥാവസരം നിങ്ങളെ ഉയർത്തും. സകല ചിന്താഭാരവും അവിടുത്തെമേൽ വച്ചുകൊള്ളുക. അവിടുന്നു നിങ്ങൾക്കുവേണ്ടി കരുതുന്നവനാണല്ലോ. നിങ്ങൾ സമചിത്തരും ജാഗരൂകരുമായിരിക്കുക. നിങ്ങളുടെ പ്രതിയോഗിയായ പിശാച് ആരെ വിഴുങ്ങണം എന്നുവച്ച് അലറുന്ന സിംഹത്തെപ്പോലെ ചുറ്റിത്തിരിയുന്നു. ലോകത്തെങ്ങുമുള്ള സഹോദരവർഗം ഇതേ പീഡാനുഭവങ്ങളിലൂടെയാണു കടന്നുപോകുന്നത്. അതുകൊണ്ട് വിശ്വാസത്തിൽ ഉറച്ചുനിന്ന് നിങ്ങളുടെ പ്രതിയോഗിയെ ചെറുക്കുക. ക്രിസ്തുമുഖാന്തരം തന്റെ നിത്യതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന പരമകൃപാലുവായ ദൈവം, അല്പകാലത്തെ നിങ്ങളുടെ കഷ്ടാനുഭവങ്ങൾക്കുശേഷം നിങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിച്ചു ശക്തീകരിക്കും. പരമാധികാരം എന്നേക്കും അവിടുത്തേക്കുള്ളതാകുന്നു. ആമേൻ.

1 PETERA 5 വായിക്കുക