1 പത്രൊസ് 2:19-25
1 പത്രൊസ് 2:19-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു. നിങ്ങൾ കുറ്റം ചെയ്തിട്ട് അടി കൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളൂ? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിനു പ്രസാദം. അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു. നിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.
1 പത്രൊസ് 2:19-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെ മുൻനിറുത്തി ആ വേദന ക്ഷമയോടെ സഹിക്കുന്നെങ്കിൽ അവൻ അനുഗ്രഹിക്കപ്പെടുന്നു. നിങ്ങൾ തെറ്റു ചെയ്തിട്ടു ശിക്ഷിക്കപ്പെടുകയും ആ ശിക്ഷ ക്ഷമയോടെ സഹിക്കുകയും ചെയ്താൽ അതിൽ പ്രശംസിക്കുവാൻ എന്തിരിക്കുന്നു. നിങ്ങൾ നന്മ ചെയ്തിട്ടും പീഡിപ്പിക്കപ്പെടുകയും അതു ക്ഷമയോടെ സഹിക്കുകയും ചെയ്താൽ ദൈവത്തിനു പ്രസാദകരമായിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചു. അവിടുത്തെ കാൽച്ചുവടുകൾ നിങ്ങൾ പിന്തുടരുന്നതിനുവേണ്ടി അവിടുന്ന് ഒരു മാതൃക കാണിച്ചിരിക്കുന്നു. അവിടുന്ന് ഒരു പാപവും ചെയ്തില്ല; അവിടുത്തെ അധരങ്ങളിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല. അധിക്ഷേപിക്കപ്പെട്ടിട്ടും, അവിടുന്ന് അധിക്ഷേപിച്ചില്ല. പീഡനം സഹിച്ചിട്ടും അവിടുന്നു ഭീഷണിപ്പെടുത്തിയില്ല; പിന്നെയോ, നീതിയോടെ വിധിക്കുന്നവന്റെ കൈയിൽ തന്നെത്തന്നെ ഭരമേല്പിക്കുകയാണു ചെയ്തത്. നാം പാപത്തിനു മരിച്ച് നീതിക്കുവേണ്ടി ജീവിക്കുന്നതിനായി നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊണ്ട് അവിടുന്ന് കുരിശിലേറി. അവിടുത്തെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു. വഴിതെറ്റി അലയുന്ന ആടുകളെപ്പോലെ ആയിരുന്നു നിങ്ങൾ. എന്നാൽ ഇപ്പോൾ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും സംരക്ഷകനുമായവന്റെ അടുക്കലേക്കു മടങ്ങിവന്നിരിക്കുന്നു.
1 പത്രൊസ് 2:19-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം ആ വേദന ക്ഷമയോടെ സഹിക്കുന്നുവെങ്കിൽ അത് പ്രസാദകരമാകുന്നു. നിങ്ങൾ കുറ്റം ചെയ്തിട്ട് പീഢനം സഹിച്ചാൽ എന്ത് പ്രശംസയുള്ളു? അല്ല, നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ അത് ദൈവത്തിന് പ്രസാദം ആകുന്നു. ഇതിന് വേണ്ടിയല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്ക് വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്‍റെ കാൽച്ചുവട് പിന്തുടരുവാൻ ഒരു മാതൃക ഭരമേല്പിച്ച് പോയിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ അധിക്ഷേപിച്ചിട്ട് പകരം അധിക്ഷേപിക്കാതെയും കഷ്ടം അനുഭവിച്ചിട്ട് ഭീഷണിപ്പെടുത്താതെയും ന്യായമായി വിധിക്കുന്നവനിൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്. നാം പാപത്തിന് മരിച്ച് നീതിയ്ക്ക് ജീവിക്കേണ്ടതിന് അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേൽ കയറി; അവന്‍റെ അടിയേറ്റ മുറിവുകളാൽ നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു. നിങ്ങൾ അലഞ്ഞു നടക്കുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും പാലകനുമായവങ്കലേക്ക് മടങ്ങിവന്നിരിക്കുന്നു.
1 പത്രൊസ് 2:19-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു. നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം. അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല; അവന്റെ വായിൽ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല. തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്പിക്കയത്രേ ചെയ്തതു. നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൗഖ്യം വന്നിരിക്കുന്നു. നിങ്ങൾ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അദ്ധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.
1 പത്രൊസ് 2:19-25 സമകാലിക മലയാളവിവർത്തനം (MCV)
ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്. തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്. ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു. “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല, അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.” അധിക്ഷേപിക്കപ്പെട്ടുവെങ്കിലും അവിടന്ന് അതിനു പകരംചോദിച്ചില്ല, പീഡിപ്പിക്കപ്പെട്ടപ്പോൾ ആരെയും ഭീഷണിപ്പെടുത്തിയതുമില്ല; പിന്നെയോ, ന്യായമായി വിധി നടപ്പാക്കുന്ന ദൈവത്തിൽ സ്വയം ഭരമേൽപ്പിക്കുകയാണു ചെയ്തത്. നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു; നിങ്ങൾ വഴിതെറ്റി സഞ്ചരിക്കുന്ന ആടുകളെപ്പോലെയായിരുന്നു;” എന്നാൽ ഇപ്പോൾ നിങ്ങളുടെ ഇടയനും പ്രാണന്റെ നാഥനുമായ ക്രിസ്തുവിന്റെ അടുക്കലാണ് നിങ്ങൾ തിരികെ എത്തിച്ചേർന്നിരിക്കുന്നത്.