1 പത്രൊസ് 2:11-21
1 പത്രൊസ് 2:11-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. സകല മാനുഷനിയമത്തിനും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്ഠാധികാരി എന്നുവച്ചു രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാൽ അയയ്ക്കപ്പെട്ടവർ എന്നുവച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ. നിങ്ങൾ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ. വേലക്കാരേ, പൂർണഭയത്തോടെ യജമാനന്മാർക്ക്, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കുംകൂടെ കീഴടങ്ങിയിരിപ്പിൻ. ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു. നിങ്ങൾ കുറ്റം ചെയ്തിട്ട് അടി കൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളൂ? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിനു പ്രസാദം. അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു.
1 പത്രൊസ് 2:11-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ആത്മാവിനോടു പോരാടുന്ന കാമക്രോധാദിവികാരങ്ങളെ വിട്ടകലുവാൻ നിങ്ങളോടു ഞാൻ അഭ്യർഥിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾ അന്യരും പരദേശികളും ആണല്ലോ. വിജാതീയരുടെ ഇടയിലുള്ള നിങ്ങളുടെ പെരുമാറ്റം യോഗ്യമായിരിക്കണം. നിങ്ങൾ ദുർവൃത്തരാണെന്നു പറയുന്നവർ നിങ്ങളുടെ സൽപ്രവൃത്തികൾ കണ്ടിട്ട് കർത്താവിന്റെ സന്ദർശന ദിവസത്തിൽ ദൈവത്തെ പ്രകീർത്തിക്കുവാൻ ഇടയാകട്ടെ. കർത്താവിനെപ്രതി മാനുഷികമായ എല്ലാ അധികാരസ്ഥാനങ്ങളോടും വിധേയരായിരിക്കുക. പരമാധികാരി ആയതുകൊണ്ട് ചക്രവർത്തിക്കും, ദുഷ്പ്രവൃത്തി ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനും സൽപ്രവൃത്തിചെയ്യുന്നവരെ പ്രശംസിക്കുന്നതിനുംവേണ്ടി അദ്ദേഹം അയയ്‍ക്കുന്ന ഗവർണർമാർക്കും കീഴടങ്ങുക. അജ്ഞതയിൽനിന്ന് ആരോപണം ഉന്നയിക്കുന്ന ഭോഷന്മാരെ, നിങ്ങളുടെ സൽപ്രവൃത്തികൾകൊണ്ടു മിണ്ടാതാക്കണം. അതാണ് ദൈവത്തിന്റെ തിരുഹിതം. സ്വതന്ത്രരായി ജീവിക്കുക; എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം തിന്മയ്‍ക്കു മറയാക്കാതെ ദൈവത്തിന്റെ അടിമകളായി ജീവിക്കണം. എല്ലാവരെയും ബഹുമാനിക്കുക; സഹോദരസമൂഹത്തെ സ്നേഹിക്കുക. ദൈവത്തെ ഭയപ്പെടുകയും ചക്രവർത്തിയെ സമാദരിക്കുകയും ചെയ്യുക. ദാസന്മാരേ, നിങ്ങളുടെ യജമാനന്മാർക്ക് സാദരം വിധേയരായിരിക്കുക. ദയാലുക്കളും സൗമ്യശീലരുമായ യജമാനന്മാർക്കു മാത്രമല്ല, കഠിനഹൃദയരായവർക്കുകൂടിയും കീഴടങ്ങിയിരിക്കുക. അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെ മുൻനിറുത്തി ആ വേദന ക്ഷമയോടെ സഹിക്കുന്നെങ്കിൽ അവൻ അനുഗ്രഹിക്കപ്പെടുന്നു. നിങ്ങൾ തെറ്റു ചെയ്തിട്ടു ശിക്ഷിക്കപ്പെടുകയും ആ ശിക്ഷ ക്ഷമയോടെ സഹിക്കുകയും ചെയ്താൽ അതിൽ പ്രശംസിക്കുവാൻ എന്തിരിക്കുന്നു. നിങ്ങൾ നന്മ ചെയ്തിട്ടും പീഡിപ്പിക്കപ്പെടുകയും അതു ക്ഷമയോടെ സഹിക്കുകയും ചെയ്താൽ ദൈവത്തിനു പ്രസാദകരമായിരിക്കും. ഇതിനായിട്ടാണല്ലോ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ ക്രിസ്തുവും നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചു. അവിടുത്തെ കാൽച്ചുവടുകൾ നിങ്ങൾ പിന്തുടരുന്നതിനുവേണ്ടി അവിടുന്ന് ഒരു മാതൃക കാണിച്ചിരിക്കുന്നു.
1 പത്രൊസ് 2:11-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പ്രിയമുള്ളവരേ, പരദേശികളും പ്രവാസികളുമായ നിങ്ങളുടെ ആത്മാവിനോട് യുദ്ധം ചെയ്യുന്ന പാപാഭിലാഷങ്ങളെ വിട്ടകന്ന് ജനതകൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ട് ക്രിസ്തു തിരികെ വരുന്ന നാളിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. സകല മാനുഷിക അധികാരങ്ങൾക്കും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. സർവ്വാധികാരി എന്നുവച്ച് രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സൽപ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാൽ അയയ്ക്കപ്പെട്ടവർ എന്നുവച്ച് നാടുവാഴികൾക്കും കീഴടങ്ങുവിൻ. നിങ്ങൾ നന്മ ചെയ്തുകൊണ്ട് ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം നിശബ്ദമാക്കേണം എന്നുള്ളത് ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്ക് മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിക്കുവിൻ; സാഹോദര സമൂഹത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ആദരിപ്പിൻ. വേലക്കാരേ, പൂർണ്ണബഹുമാനത്തോടെ യജമാനന്മാരോടും, നല്ലവരോടും ശാന്തന്മാരോടും മാത്രമല്ല, കഠിനഹൃദയമുള്ളവർക്കും കൂടെ നിങ്ങൾ കീഴടങ്ങിയിരിപ്പിൻ. അന്യായമായി കഷ്ടത അനുഭവിക്കുന്നവൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം ആ വേദന ക്ഷമയോടെ സഹിക്കുന്നുവെങ്കിൽ അത് പ്രസാദകരമാകുന്നു. നിങ്ങൾ കുറ്റം ചെയ്തിട്ട് പീഢനം സഹിച്ചാൽ എന്ത് പ്രശംസയുള്ളു? അല്ല, നന്മ ചെയ്തിട്ട് കഷ്ടം സഹിച്ചാൽ അത് ദൈവത്തിന് പ്രസാദം ആകുന്നു. ഇതിന് വേണ്ടിയല്ലോ ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങൾക്ക് വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്‍റെ കാൽച്ചുവട് പിന്തുടരുവാൻ ഒരു മാതൃക ഭരമേല്പിച്ച് പോയിരിക്കുന്നു.
1 പത്രൊസ് 2:11-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികൾ നിങ്ങളെ ദുഷ്പ്രവൃത്തിക്കാർ എന്നു ദുഷിക്കുന്തോറും നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദർശനദിവസത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാൻ പ്രബോധിപ്പിക്കുന്നു. സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ. ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവെച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ. നിങ്ങൾ നന്മചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്വം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു. സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ. എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ; ദൈവത്തെ ഭയപ്പെടുവിൻ; രാജാവിനെ ബഹുമാനിപ്പിൻ. വേലക്കാരേ, പൂർണ്ണഭയത്തോടെ യജമാനന്മാർക്കു, നല്ലവർക്കും ശാന്തന്മാർക്കും മാത്രമല്ല, മൂർഖന്മാർക്കും കൂടെ കീഴടങ്ങിയിരിപ്പിൻ. ഒരുത്തൻ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാൽ അതു പ്രസാദം ആകുന്നു. നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം. അതിന്നായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നതു. ക്രിസ്തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.
1 പത്രൊസ് 2:11-21 സമകാലിക മലയാളവിവർത്തനം (MCV)
പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു. യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും. കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്. വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം. നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്. എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക. ദാസരേ, നിങ്ങളുടെ യജമാനന്മാർക്ക് എല്ലാ അർഥത്തിലും ബഹുമാനം നൽകി അവർക്ക് കീഴടങ്ങിയിരിക്കുക. നല്ലവരെയും മാന്യരെയുംമാത്രമല്ല ക്രൂരരെയും ബഹുമാനിക്കുക. ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്. തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്. ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു.