1 പത്രൊസ് 1:6-13
1 പത്രൊസ് 1:6-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാൺമാൻ അങ്ങനെ ഇടവരും. അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു. നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞ് അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവർക്കു വെളിപ്പെട്ടു; സ്വർഗത്തിൽനിന്ന് അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അത് ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞു നോക്കുവാൻ ആഗ്രഹിക്കുന്നു. ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചു നിർമദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണപ്രത്യാശ വച്ചുകൊൾവിൻ.
1 പത്രൊസ് 1:6-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അല്പകാലത്തേക്കു നാനാവിധ പരീക്ഷണങ്ങളാൽ നിങ്ങൾ ഇപ്പോൾ ദുഃഖിതരാകുന്നത് ആവശ്യമാണെങ്കിൽത്തന്നെയും അതിൽ നിങ്ങൾ ആനന്ദംകൊള്ളുക. നശ്വരമായ സ്വർണം അഗ്നിയിൽ ശോധന ചെയ്യപ്പെടുന്നു. നിങ്ങളുടെ ഈ അഗ്നിപരീക്ഷണം സ്വർണത്തെക്കാൾ വിലയേറിയ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി തെളിയിക്കുകയും യേശുക്രിസ്തു വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും നിദാനമാവുകയും ചെയ്യും. കാണാതെ തന്നെ നിങ്ങൾ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു. ഇപ്പോൾ നിങ്ങൾ കാണുന്നില്ലെങ്കിലും വിശ്വസിച്ചുകൊണ്ട് അവാച്യവും അത്യുൽകൃഷ്ടവുമായ ആനന്ദത്താൽ ആമോദിക്കുന്നു. എന്തെന്നാൽ നിങ്ങളുടെ ആത്മാക്കൾ രക്ഷപ്രാപിക്കുന്നു എന്നതാണ് നിങ്ങളുടെ വിശ്വാസത്തിന്റെ ഫലം. നിങ്ങൾക്കു ലഭിക്കുവാനിരിക്കുന്ന വരദാനത്തെപ്പറ്റി പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് അന്വേഷിക്കുകയും ആരായുകയും ചെയ്തിരുന്നു. ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെയും തദനന്തരമുണ്ടാകുന്ന മഹത്ത്വത്തെയും സംബന്ധിച്ചു മുൻകൂട്ടി അറിയിച്ചപ്പോൾ തങ്ങളിലുള്ള ക്രിസ്തുവിന്റെ ആത്മാവു സൂചിപ്പിച്ച സമയം ഏതായിരിക്കുമെന്നും ആ ആൾ ആരായിരിക്കുമെന്നും അവർ അന്വേഷിച്ചു. അവർ തങ്ങൾക്കു വേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണു ശുശ്രൂഷ ചെയ്യുന്നതെന്ന് അവർക്കു വെളിപ്പെട്ടു. സ്വർഗത്തിൽനിന്ന് അയച്ച പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ നിങ്ങളുടെ സുവിശേഷം പ്രസംഗിച്ചവർ മുഖാന്തരം ഇപ്പോൾ അതു പ്രസ്താവിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഇക്കാര്യങ്ങൾ ദർശിക്കുവാൻ മാലാഖമാർപോലും അഭിവാഞ്ഛിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ മനസ്സ് സുസജ്ജമാക്കി, യേശുക്രിസ്തു പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്കു ലഭിക്കുവാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ പൂർണമായി ഉറപ്പിച്ചുകൊള്ളുക.
1 പത്രൊസ് 1:6-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ. നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും. കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ. അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന്‍റെ പൂർത്തിയായ ആത്മരക്ഷ പ്രാപിക്കുവിൻ. നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്നു അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽനിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ. ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
1 പത്രൊസ് 1:6-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു. അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും. അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു. നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവർക്കു വെളിപ്പെട്ടു; സ്വർഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു. ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
1 പത്രൊസ് 1:6-13 സമകാലിക മലയാളവിവർത്തനം (MCV)
ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക. ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും. നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ തേജോമയവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു. കാരണം നിങ്ങളുടെ വിശ്വാസത്തിന്റെ അന്തിമഫലമായ പ്രാണരക്ഷ കരസ്ഥമാക്കുകയാണല്ലോ. നിങ്ങൾക്ക് ഉണ്ടാകാനിരിക്കുന്ന കൃപയെക്കുറിച്ച് വളരെ ശ്രദ്ധചെലുത്തി സസൂക്ഷ്മം അന്വേഷിച്ചിട്ടാണ് ഈ രക്ഷയെക്കുറിച്ച് പ്രവാചകർ പ്രവചിച്ചത്. അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തു നേരിടാൻ പോകുന്ന കഷ്ടതയെയും അതിനെ തുടർന്നുള്ള മഹത്ത്വത്തെയുംകുറിച്ചു പ്രവചിക്കുകയും അതിന്റെ സമയവും സന്ദർഭവും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു. അവർ ഈ ശുശ്രൂഷയിലൂടെ ചെയ്ത വെളിപ്പെടുത്തലുകൾ അവർക്കുവേണ്ടി അല്ലായിരുന്നു, പിന്നെയോ, നിങ്ങളെ ഉദ്ദേശിച്ചായിരുന്നു. സ്വർഗത്തിൽനിന്നയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവരിലൂടെയാണ് അതിപ്പോൾ നിങ്ങളോടു പ്രഘോഷിച്ചിരിക്കുന്നത്—ദൈവദൂതന്മാർപോലും ഈ വസ്തുതകളെക്കുറിച്ച് മനസ്സിലാക്കാൻ ത്വരയോടുകൂടി ഇരിക്കുന്നു. ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക.