1 പത്രൊ. 1:6-13

1 പത്രൊ. 1:6-13 IRVMAL

ഇപ്പോൾ നിങ്ങൾ അല്പനേരത്തേക്ക് വിവിധ പരീക്ഷകളാൽ ഭാരപ്പെട്ടിരിക്കുന്നത് ആവശ്യമെങ്കിലും അത് മൂലം വളരെ സന്തോഷിച്ചു കൊൾവിൻ. നശിച്ചുപോകുന്ന പൊന്നിനേക്കാൾ വിലയേറിയതായ നിങ്ങളുടെ വിശ്വാസത്തിന്‍റെ ശോധന, തീയിനാൽ പരീക്ഷിക്കപ്പെടുമെങ്കിലും, യേശുക്രിസ്തുവിന്‍റെ രണ്ടാം വരവിന്‍റെ പ്രത്യക്ഷതയിൽ പുകഴ്ചയ്ക്കും മാനത്തിനും മഹത്വത്തിനുമായി കാണ്മാൻ ഇടവരും. കണ്ടിട്ടില്ലെങ്കിലും നിങ്ങൾ അവനെ സ്നേഹിക്കുന്നു; അവനെ ഇപ്പോൾ കാണുന്നില്ലെങ്കിലും, നിങ്ങൾ അവനെ വിശ്വസിക്കുന്നതിനാൽ മഹത്വമേറിയതും വിവരിക്കാനാകാത്തതുമായ സന്തോഷത്താൽ ഉല്ലസിക്കുവിൻ. അങ്ങനെ നിങ്ങളുടെ വിശ്വാസത്തിന്‍റെ പൂർത്തിയായ ആത്മരക്ഷ പ്രാപിക്കുവിൻ. നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന കൃപയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു. അവരിലുള്ള ക്രിസ്തുവിൻ ആത്മാവ് ക്രിസ്തുവിന് വരേണ്ടുന്ന കഷ്ടങ്ങളെയും പിൻവരുന്ന മഹിമയേയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി, എന്നാൽ അവർ ശുശ്രൂഷ ചെയ്തത് അവർക്കായിട്ടല്ല നമുക്കുവേണ്ടിയത്രെ എന്നു അവർക്ക് വെളിപ്പെട്ടു; ദൈവദൂതന്മാർ പോലും അറിയുവാൻ ആഗ്രഹിക്കുന്ന ഇക്കാര്യങ്ങൾ സ്വർഗ്ഗത്തിൽനിന്നു അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവിനോട് ചേർന്ന് നിങ്ങളോട് ഇപ്പോൾ പ്രസംഗിച്ച സുവിശേഷകരാൽ അറിയിക്കപ്പെട്ടതുതന്നെ. ആകയാൽ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചും, ചിന്തയിൽ ഗൗരവമുള്ളവരായും യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്ക് വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.