1 രാജാക്കന്മാർ 18:30-38

1 രാജാക്കന്മാർ 18:30-38 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ ഏലീയാവ്: എന്റെ അടുക്കൽ വരുവിൻ എന്നു സർവജനത്തോടും പറഞ്ഞു. സർവജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലെടുത്തു, കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. പിന്നെ അവൻ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിൻ എന്ന് അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്റെ ചുറ്റും ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

1 രാജാക്കന്മാർ 18:30-38 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അപ്പോൾ ഏലിയാ ജനത്തോട് “എന്റെ അടുക്കൽ വരിക” എന്നു പറഞ്ഞു. അവർ അടുത്തു ചെന്നു. സർവേശ്വരന്റെ ഇടിഞ്ഞു കിടന്ന യാഗപീഠം ഏലിയാ നന്നാക്കി. നിന്റെ നാമം ഇനിയും ഇസ്രായേൽ എന്നായിരിക്കും എന്നു സർവേശ്വരൻ ആരെക്കുറിച്ച് അരുളിച്ചെയ്തുവോ ആ യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യയനുസരിച്ച് അദ്ദേഹം പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അദ്ദേഹം സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; അതിനു ചുറ്റും ഏകദേശം രണ്ടു സെയാ വിത്തിനുള്ള ചാലുണ്ടാക്കി. പിന്നീട് വിറക് അടുക്കി; കാളയെ കഷണങ്ങളാക്കി വിറകിന്മേൽ വച്ചു. അതിനുശേഷം നാലു തൊട്ടി വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കാൻ അവരോടു പറഞ്ഞു. വീണ്ടും അങ്ങനെ ചെയ്യാൻ ഏലിയാ പറഞ്ഞു. അവർ അങ്ങനെ ചെയ്തു; മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്യാൻ കല്പിച്ചു. അവർ മൂന്നാം പ്രാവശ്യവും അങ്ങനെതന്നെ ചെയ്തു; വെള്ളം യാഗപീഠത്തിനു ചുറ്റും ഒഴുകി; ചാലിലും വെള്ളം നിറഞ്ഞു. യാഗാർപ്പണത്തിനുള്ള സമയമായപ്പോൾ ഏലിയാപ്രവാചകൻ യാഗപീഠത്തിനടുത്തു വന്ന് ഇങ്ങനെ പ്രാർഥിച്ചു: “അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുന്ന് ഇസ്രായേലിന്റെ ദൈവമാണെന്നും ഞാൻ അവിടുത്തെ ദാസനാണെന്നും സർവേശ്വരന്റെ കല്പന അനുസരിച്ചാണ് ഞാൻ ഇതെല്ലാം ചെയ്യുന്നതെന്നും അവിടുന്ന് ഇന്ന് വെളിപ്പെടുത്തണമേ. സർവേശ്വരാ അവിടുന്ന് എനിക്ക് ഉത്തരമരുളണമേ. അവിടുന്നാണ് യഥാർഥ ദൈവം എന്നും ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും തിരികെ കൊണ്ടുവന്നിരിക്കുന്നത് അവിടുന്നാണെന്നും ഇവർ അറിയാൻ എനിക്ക് ഉത്തരമരുളണമേ.” ഉടനെ സർവേശ്വരന്റെ സന്നിധിയിൽനിന്ന് അഗ്നി പുറപ്പെട്ടു യാഗവസ്തുവും വിറകും മാത്രമല്ല കല്ലും മണ്ണും കൂടെ ദഹിപ്പിച്ചു; ചാലിൽ ഉണ്ടായിരുന്ന വെള്ളം വറ്റിപ്പോയി.

1 രാജാക്കന്മാർ 18:30-38 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

അപ്പോൾ ഏലീയാവ്: “എന്‍റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും” പറഞ്ഞു. സർവ്വജനവും അവന്‍റെ അടുക്കൽ വന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; “നിനക്കു യിസ്രായേൽ എന്നു പേരാകും“ എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് എടുത്തു; കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്‍റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി. പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; “നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ“ എന്നു പറഞ്ഞു. “രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്‍റെശേഷം: “മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ“ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്‍റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറച്ചു. വൈകുന്നേരത്തെ യാഗം കഴിക്കുന്ന നേരത്തു, ഏലീയാപ്രവാചകൻ അടുത്തുചെന്ന്: “അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അവിടുന്നു യിസ്രായേലിൽ ദൈവമെന്നും ഞാൻ അങ്ങേയുടെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ അങ്ങേയുടെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെടുമാറാകട്ടെ. യഹോവേ, എനിക്ക് ഉത്തരമരുളേണമേ; അവിടുന്നു തന്നെ ദൈവം എന്നും അവിടുന്നു തങ്ങളുടെ ഹൃദയങ്ങളെ വീണ്ടും അങ്ങയിലേക്കു തിരിക്കുന്നു എന്നും ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരമരുളേണമേ” എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

1 രാജാക്കന്മാർ 18:30-38 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ ഏലീയാവു: എന്റെ അടുക്കൽ വരുവിൻ എന്നു സർവ്വജനത്തോടും പറഞ്ഞു. സർവ്വജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി; നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്റെ പുത്രന്മാരുടെ ഗോത്രസംഖ്യെക്കു ഒത്തവണ്ണം പന്ത്രണ്ടു കല്ലു എടുത്തു, കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്റെ ചുറ്റും രണ്ടു സെയാ വിത്തു വിതെപ്പാൻ മതിയായ വിസ്താരത്തിൽ ഒരു തോടു ഉണ്ടാക്കി. പിന്നെ അവൻ വിറകു അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിൻമീതെ വെച്ചു; നാലു തൊട്ടിയിൽ വെള്ളം നിറെച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിൻ എന്നു പറഞ്ഞു. രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്റെ ശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‌വിൻ എന്നു അവൻ പറഞ്ഞു. അവർ മൂന്നാം പ്രാവശ്യവും ചെയ്തു. വെള്ളം യാഗപീഠത്തിന്റെ ചുറ്റം ഒഴുകി; അവൻ തോട്ടിലും വെള്ളം നിറെച്ചു. ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ ഏലീയാപ്രവാചകൻ അടുത്തുചെന്നു: അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, യിസ്രയേലിൽ നീ ദൈവമെന്നും ഞാൻ നിന്റെ ദാസൻ എന്നും ഈ കാര്യങ്ങളൊക്കെയും ഞാൻ നിന്റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ. യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവം തന്നേ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്നു ഈ ജനം അറിയേണ്ടതിന്നു എനിക്കു ഉത്തരമരുളേണമേ എന്നു പറഞ്ഞു. ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.

1 രാജാക്കന്മാർ 18:30-38 സമകാലിക മലയാളവിവർത്തനം (MCV)

പിന്നെ, ഏലിയാവ്: “ഇവിടെ, എന്റെ അടുത്തുവരിക” എന്നു ജനത്തോടു പറഞ്ഞു. അവർ അദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങി. ഇതിനിടയിൽ, തകർക്കപ്പെട്ടുകിടന്നിരുന്ന യഹോവയുടെ യാഗപീഠം അദ്ദേഹം പുനർനിർമിച്ചു. “നിന്റെ നാമം ഇസ്രായേൽ എന്നായിരിക്കും” എന്ന് യഹോവയുടെ വാഗ്ദാനം ലഭിച്ച യാക്കോബിന്റെ പിൻഗാമികളായ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച ഓരോ ഗോത്രത്തിനും ഓരോ കല്ല് എന്ന പ്രകാരം ഏലിയാവ് പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അദ്ദേഹം യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം നിർമിച്ചു. അതിനുചുറ്റും രണ്ടുസേയാ വിത്ത് ഉൾക്കൊള്ളുന്ന വിസ്തൃതിയിൽ ഒരു കിടങ്ങും നിർമിച്ചു. അദ്ദേഹം യാഗപീഠത്തിൽ വിറകു നിരത്തി; കാളയെ കഷണങ്ങളാക്കി വിറകിനുമീതേ വെച്ചു. പിന്നെ, അദ്ദേഹം അവരോട്: “നാലു വലിയ തൊട്ടി നിറയെ വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കുക” എന്നു പറഞ്ഞു. “വീണ്ടും അങ്ങനെ ചെയ്യുക,” എന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു; അവർ വീണ്ടും അപ്രകാരംതന്നെ ചെയ്തു. “മൂന്നാമതും അങ്ങനെതന്നെ ചെയ്യുക,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ മൂന്നാമതും അപ്രകാരംചെയ്തു. വെള്ളം യാഗപീഠത്തിനുചുറ്റും ഒഴുകി കിടങ്ങിൽ നിറഞ്ഞുനിന്നു. യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു. അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.