1 രാജാക്കന്മാർ 18:30-38

1 രാജാക്കന്മാർ 18:30-38 MCV

പിന്നെ, ഏലിയാവ്: “ഇവിടെ, എന്റെ അടുത്തുവരിക” എന്നു ജനത്തോടു പറഞ്ഞു. അവർ അദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങി. ഇതിനിടയിൽ, തകർക്കപ്പെട്ടുകിടന്നിരുന്ന യഹോവയുടെ യാഗപീഠം അദ്ദേഹം പുനർനിർമിച്ചു. “നിന്റെ നാമം ഇസ്രായേൽ എന്നായിരിക്കും” എന്ന് യഹോവയുടെ വാഗ്ദാനം ലഭിച്ച യാക്കോബിന്റെ പിൻഗാമികളായ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച ഓരോ ഗോത്രത്തിനും ഓരോ കല്ല് എന്ന പ്രകാരം ഏലിയാവ് പന്ത്രണ്ടു കല്ലെടുത്തു. ആ കല്ലുകൾകൊണ്ട് അദ്ദേഹം യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം നിർമിച്ചു. അതിനുചുറ്റും രണ്ടുസേയാ വിത്ത് ഉൾക്കൊള്ളുന്ന വിസ്തൃതിയിൽ ഒരു കിടങ്ങും നിർമിച്ചു. അദ്ദേഹം യാഗപീഠത്തിൽ വിറകു നിരത്തി; കാളയെ കഷണങ്ങളാക്കി വിറകിനുമീതേ വെച്ചു. പിന്നെ, അദ്ദേഹം അവരോട്: “നാലു വലിയ തൊട്ടി നിറയെ വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കുക” എന്നു പറഞ്ഞു. “വീണ്ടും അങ്ങനെ ചെയ്യുക,” എന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു; അവർ വീണ്ടും അപ്രകാരംതന്നെ ചെയ്തു. “മൂന്നാമതും അങ്ങനെതന്നെ ചെയ്യുക,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ മൂന്നാമതും അപ്രകാരംചെയ്തു. വെള്ളം യാഗപീഠത്തിനുചുറ്റും ഒഴുകി കിടങ്ങിൽ നിറഞ്ഞുനിന്നു. യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ! യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു. അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.