1 യോഹന്നാൻ 2:3-10
1 യോഹന്നാൻ 2:3-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാൽ അറിയുന്നു. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു. പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനംതന്നെ. പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം. അത് അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു. വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകയ്ക്കയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചയ്ക്ക് അവനിൽ കാരണമില്ല.
1 യോഹന്നാൻ 2:3-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാം ദൈവത്തിന്റെ കല്പനകൾ അനുസരിക്കുന്നുവെങ്കിൽ നാം അവിടുത്തെ അറിയുന്നു എന്നു തീർച്ചയാക്കാം. “ഞാൻ അവിടുത്തെ അറിയുന്നു” എന്നു പറയുകയും അവിടുത്തെ കല്പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവൻ അസത്യവാദി ആകുന്നു. സത്യം അവനിൽ ഇല്ല. എന്നാൽ അവിടുത്തെ വചനം അനുസരിക്കുന്ന ഏതൊരുവനിലും വാസ്തവത്തിൽ ദൈവസ്നേഹം നിറഞ്ഞുകവിയുന്നു. അവിടുത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എന്ന് ഇതിനാൽ നമുക്ക് അറിയാം. ദൈവത്തിൽ നിവസിക്കുന്നു എന്നു പറയുന്നവൻ യേശുക്രിസ്തു ജീവിച്ചതുപോലെ ജീവിക്കേണ്ടതാകുന്നു. പ്രിയപ്പെട്ടവരേ, പുതിയ കല്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്, പിന്നെയോ ആദിമുതൽ നിങ്ങൾക്കുണ്ടായിരുന്ന പഴയ കല്പനയാണ്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനമാകുന്നു. എന്നിരുന്നാലും ഞാൻ നിങ്ങൾക്ക് എഴുതുന്നത് ഒരു പുതിയ കല്പനയാണെന്നും വേണമെങ്കിൽ പറയാം. അത് ക്രിസ്തുവിലും നിങ്ങളിലും യഥാർഥമായിരിക്കുന്നു. എന്തെന്നാൽ അന്ധകാരം അകലുന്നു; സത്യവെളിച്ചം പ്രകാശിച്ചു തുടങ്ങി. താൻ പ്രകാശത്തിൽ ജീവിക്കുന്നു എന്നു പറയുകയും സഹോദരനെ വെറുക്കുകയും ചെയ്യുന്നവൻ ഇപ്പോഴും ഇരുട്ടിലാണു കഴിയുന്നത്. സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ നിവസിക്കുന്നു. അതുകൊണ്ട് അവൻ തട്ടിവീഴാനിടയാകുന്നില്ല.
1 യോഹന്നാൻ 2:3-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ അവനെ നാം അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു. ‘ഞാൻ ദൈവത്തെ അറിയുന്നു’ എന്നു പറയുകയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നവൻ നുണയൻ ആകുന്നു; സത്യം അവനിൽ ഇല്ല. എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ സത്യമായി ദൈവസ്നേഹം അവനിൽ തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്ക് അറിയാം. ‘ദൈവത്തിൽ വസിക്കുന്നു’ എന്നു പറയുന്നവൻ യേശുക്രിസ്തു നടന്നതുപോലെ നടക്കുവാൻ കടപ്പെട്ടവനാണ്. പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നെ. ക്രിസ്തുവിലും നിങ്ങളിലും സത്യമായിരിക്കുന്ന പുതിയൊരു കല്പന ഞാൻ നിങ്ങൾക്ക് എഴുതുന്നു എന്നും പറയാം; കാരണം, ഇരുട്ട് നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇപ്പോൾതന്നെ പ്രകാശിക്കുന്നു. വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറയുകയും സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവൻ ഇന്നയോളം ഇരുട്ടിൽ ഇരിക്കുന്നു. തന്‍റെ സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചയ്ക്കു അവനിൽ കാരണമില്ല.
1 യോഹന്നാൻ 2:3-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു. അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല. എന്നാൽ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കിൽ അവനിൽ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനിൽ ഇരിക്കുന്നു എന്നു ഇതിനാൽ നമുക്കു അറിയാം. അവനിൽ വസിക്കുന്നു എന്നു പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ടതാകുന്നു. പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതൽ നിങ്ങൾക്കുള്ള പഴയ കല്പനയത്രേ ഞാൻ നിങ്ങൾക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങൾ കേട്ട വചനം തന്നേ. പുതിയോരു കല്പന ഞാൻ നിങ്ങൾക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു. വെളിച്ചത്തിൽ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവൻ ഇന്നെയോളം ഇരുട്ടിൽ ഇരിക്കുന്നു. സഹോദരനെ സ്നേഹിക്കുന്നവൻ വെളിച്ചത്തിൽ വസിക്കുന്നു; ഇടർച്ചെക്കു അവനിൽ കാരണമില്ല.
1 യോഹന്നാൻ 2:3-10 സമകാലിക മലയാളവിവർത്തനം (MCV)
ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നപക്ഷം നാം അവിടത്തെ അറിയുന്നു എന്നത് നമുക്കു വ്യക്തമാണ്. ഒരാൾ “അവിടത്തെ അറിയുന്നു,” എന്നു പറയുകയും അവിടത്തെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അയാൾ കള്ളനാണ്; അയാളിൽ സത്യമില്ല. എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്. എങ്കിലും, യേശുവിലും അതുപോലെതന്നെ നിങ്ങളിലും യാഥാർഥ്യമായിത്തീർന്ന പുതിയ ഒരു കൽപ്പനയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അന്ധകാരം നീങ്ങിപ്പോകുന്നു; സത്യപ്രകാശം ഇപ്പോൾത്തന്നെ ജ്വലിച്ചുകൊണ്ടുമിരിക്കുന്നു. ഒരാൾ പ്രകാശത്തിൽ ഇരിക്കുന്നെന്ന് അവകാശപ്പെടുന്നു എങ്കിലും തന്റെ സഹോദരങ്ങളെ വെറുക്കുന്നെങ്കിൽ അയാൾ ഇപ്പോഴും അന്ധകാരത്തിൽത്തന്നെയാണ് ജീവിക്കുന്നത്. സഹോദരങ്ങളെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ വസിക്കുന്നു; വഴിതെറ്റിപ്പോകാൻ അവരിൽ ഒരു കാരണവും ഇല്ല.