1 യോഹന്നാൻ 2:3-10

1 യോഹന്നാൻ 2:3-10 MCV

ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നപക്ഷം നാം അവിടത്തെ അറിയുന്നു എന്നത് നമുക്കു വ്യക്തമാണ്. ഒരാൾ “അവിടത്തെ അറിയുന്നു,” എന്നു പറയുകയും അവിടത്തെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അയാൾ കള്ളനാണ്; അയാളിൽ സത്യമില്ല. എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്. പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്. എങ്കിലും, യേശുവിലും അതുപോലെതന്നെ നിങ്ങളിലും യാഥാർഥ്യമായിത്തീർന്ന പുതിയ ഒരു കൽപ്പനയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അന്ധകാരം നീങ്ങിപ്പോകുന്നു; സത്യപ്രകാശം ഇപ്പോൾത്തന്നെ ജ്വലിച്ചുകൊണ്ടുമിരിക്കുന്നു. ഒരാൾ പ്രകാശത്തിൽ ഇരിക്കുന്നെന്ന് അവകാശപ്പെടുന്നു എങ്കിലും തന്റെ സഹോദരങ്ങളെ വെറുക്കുന്നെങ്കിൽ അയാൾ ഇപ്പോഴും അന്ധകാരത്തിൽത്തന്നെയാണ് ജീവിക്കുന്നത്. സഹോദരങ്ങളെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ വസിക്കുന്നു; വഴിതെറ്റിപ്പോകാൻ അവരിൽ ഒരു കാരണവും ഇല്ല.