1 യോഹന്നാൻ 2:18-27

1 യോഹന്നാൻ 2:18-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം. അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ. നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു. നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അത് അറികയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്. നിങ്ങൾ ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും. ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ. നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നെ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യംതന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.

1 യോഹന്നാൻ 2:18-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴികയാണ്. ക്രിസ്തുവൈരി വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ പല ക്രിസ്തുവൈരികൾ വന്നുകഴിഞ്ഞു; അതുകൊണ്ട് ഇത് അന്ത്യനാഴികയാണെന്നു നാം അറിയുന്നു. അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടവരാണെങ്കിലും നമുക്കുള്ളവരായിരുന്നില്ല. അവർ നമുക്കുള്ളവർ ആയിരുന്നെങ്കിൽ നമ്മോടുകൂടി നില്‌ക്കുമായിരുന്നു. അവർ നമ്മെ വിട്ടുപോയി. അതിൽനിന്ന് അവർ നമുക്കുള്ളവരല്ലെന്നു സ്പഷ്ടമാണല്ലോ. നിങ്ങൾ പരിശുദ്ധനാൽ അഭിഷിക്തരായിരിക്കുന്നു. അതുകൊണ്ട് സത്യം എന്തെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. സത്യം നിങ്ങൾ അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുന്നതുകൊണ്ടും, യാതൊരു വ്യാജവും സത്യത്തിൽനിന്നു വരുന്നില്ല എന്ന് അറിയുന്നതുകൊണ്ടും അത്രേ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. യേശു, ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവനല്ലാതെ വ്യാജം പറയുന്നവൻ മറ്റാരാണ്? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണ് ക്രിസ്തുവൈരി. പുത്രനെ നിഷേധിക്കുന്നവൻ പിതാവിനെയും നിഷേധിക്കുന്നു. പുത്രനെ സ്വീകരിക്കുന്നവന് പിതാവുമുണ്ട്. ആദിമുതൽ നിങ്ങൾ കേട്ടത് നിങ്ങളിൽ നിവസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ നിവസിക്കുന്നെങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും നിവസിക്കും. ഇതാകുന്നു അവിടുന്നു നമുക്കു നല്‌കിയിരിക്കുന്ന വാഗ്ദാനം- അനശ്വരജീവൻ തന്നെ. നിങ്ങളെ വഴിതെറ്റിക്കുന്നവരെപ്പറ്റിയാണ് ഇതു ഞാൻ എഴുതുന്നത്. എന്നാൽ ക്രിസ്തുവിൽനിന്നു നിങ്ങൾക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളിൽ വസിക്കുന്നതിനാൽ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങൾക്ക് ഉപദേശിച്ചു തരുന്നു. അവിടുന്ന് ഉപദേശിക്കുന്നത് വ്യാജമല്ല, സത്യമാകുന്നു. ആത്മാവിന്റെ ഉപദേശമനുസരിച്ച് ക്രിസ്തുവിനോട് ഏകീഭവിച്ചു ജീവിക്കുക.

1 യോഹന്നാൻ 2:18-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

കുഞ്ഞുങ്ങളേ, ഇത് അന്ത്യകാലമാകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ വന്നിരിക്കുകയാൽ അന്ത്യകാലമാകുന്നു എന്നു നമുക്ക് അറിയാം. അവർ നമ്മുടെ ഇടയിൽനിന്ന് പുറത്തുപോയി; എന്നാൽ അവർ നമുക്കുള്ളവർ അല്ലായിരുന്നു; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ അവർ നമ്മോടുകൂടെ ഉണ്ടാകുമായിരുന്നു; എന്നാൽ അവർ പുറത്തുപോയതുകൊണ്ട് അവരാരും നമുക്കുള്ളവർ അല്ലെന്ന് കാണിക്കുന്നു. എന്നാൽ നിങ്ങൾ പരിശുദ്ധനിൽ നിന്നുള്ള അഭിഷേകം പ്രാപിക്കുകയും എല്ലാം അറിയുകയും ചെയ്യുന്നു. നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല, നിങ്ങൾ അത് അറിയുകയാലും ഭോഷ്ക് ഒന്നും സത്യത്തിൽനിന്ന് വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നെ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവനൊന്നും പിതാവില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്. നിങ്ങൾ ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടത് നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും. ഇതാകുന്നു അവൻ നമുക്ക് തന്ന വാഗ്ദത്തം: നിത്യജീവൻ തന്നെ. നിങ്ങളെ വഞ്ചിക്കുന്നവർ നിമിത്തം ഞാൻ ഇത് നിങ്ങൾക്ക് എഴുതിയിരിക്കുന്നു. അവനിൽനിന്ന് സ്വീകരിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിക്കുവാൻ ആവശ്യമില്ല; എന്നാൽ അവന്‍റെ അഭിഷേകം തന്നെ നിങ്ങൾക്ക് സകലത്തെക്കുറിച്ചും ഉപദേശിച്ചുതരികയാലും അത് ഭോഷ്കല്ല സത്യം തന്നെ ആയിരിക്കുകയാലും അത് നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിക്കുവിൻ.

1 യോഹന്നാൻ 2:18-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം. അവർ നമ്മുടെ ഇടയിൽനിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല; അവർ നമുക്കുള്ളവർ ആയിരുന്നു എങ്കിൽ നമ്മോടുകൂടെ പാർക്കുമായിരുന്നു; എന്നാൽ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ. നിങ്ങളോ പരിശുദ്ധനാൽ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു. നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങൾ അതു അറികയാലും ഭോഷ്കു ഒന്നും സത്യത്തിൽനിന്നു വരായ്കയാലുമത്രേ ഞാൻ നിങ്ങൾക്കു എഴുതിയിരിക്കുന്നതു. യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന്നു പിതാവും ഉണ്ടു. നിങ്ങൾ ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കട്ടെ. ആദിമുതൽ കേട്ടതു നിങ്ങളിൽ വസിക്കുന്നു എങ്കിൽ നിങ്ങൾ പുത്രനിലും പിതാവിലും വസിക്കും. ഇതാകുന്നു അവൻ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവൻ തന്നേ. നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു. അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ.

1 യോഹന്നാൻ 2:18-27 സമകാലിക മലയാളവിവർത്തനം (MCV)

ശിശുക്കളേ, ഇത് അന്തിമസമയമാണ്, എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; ഇപ്പോൾത്തന്നെ പല എതിർക്രിസ്തുക്കളും വന്നിരിക്കുന്നു. തന്മൂലം ഇത് അന്തിമസമയമാണെന്ന് നാം അറിയുന്നു. അവർ നമ്മുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവരെങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല. നമുക്കുള്ളവർ ആയിരുന്നെങ്കിൽ അവർ നമ്മോടൊപ്പം നിൽക്കുമായിരുന്നു. എന്നാൽ അവർ നമ്മുടെ കൂട്ടം വിട്ടു പോയതിനാൽ അവരിലാരും നമുക്കുള്ളവരല്ല എന്ന് സുവ്യക്തമാണ്. എന്നാൽ, പരിശുദ്ധനിൽനിന്ന് നിങ്ങൾക്കു നിയോഗം ലഭിച്ചിരിക്കുകകൊണ്ട് നിങ്ങൾക്കു സത്യം അറിയാം. നിങ്ങൾക്കു സത്യം അറിയാത്തതുകൊണ്ടല്ല, അറിയുന്നതിനാലാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; യാതൊരു വ്യാജവും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല. ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു. പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്. നിങ്ങൾ ആരംഭംമുതൽ കേട്ടത് നിങ്ങളിൽ നിലനിൽക്കട്ടെ. അങ്ങനെയെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും ഉള്ള കൂട്ടായ്മയിൽ നിലനിൽക്കും. ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ. നിങ്ങളെ വഴിതെറ്റിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ച നിയോഗം നിങ്ങളിൽ വസിക്കുന്നു. ആയതിനാൽ ആരും നിങ്ങളെ ഉപദേശിക്കേണ്ടതില്ല. അവിടത്തെ നിയോഗം എല്ലാ വസ്തുതകളും നിങ്ങളെ ഉപദേശിക്കും. ആ നിയോഗം സത്യമാണ്, വ്യാജമല്ല. നിങ്ങളെ ഉപദേശിച്ചതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വസിക്കുക.