1 യോഹന്നാൻ 2:18-27

1 യോഹന്നാൻ 2:18-27 MCV

ശിശുക്കളേ, ഇത് അന്തിമസമയമാണ്, എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; ഇപ്പോൾത്തന്നെ പല എതിർക്രിസ്തുക്കളും വന്നിരിക്കുന്നു. തന്മൂലം ഇത് അന്തിമസമയമാണെന്ന് നാം അറിയുന്നു. അവർ നമ്മുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവരെങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല. നമുക്കുള്ളവർ ആയിരുന്നെങ്കിൽ അവർ നമ്മോടൊപ്പം നിൽക്കുമായിരുന്നു. എന്നാൽ അവർ നമ്മുടെ കൂട്ടം വിട്ടു പോയതിനാൽ അവരിലാരും നമുക്കുള്ളവരല്ല എന്ന് സുവ്യക്തമാണ്. എന്നാൽ, പരിശുദ്ധനിൽനിന്ന് നിങ്ങൾക്കു നിയോഗം ലഭിച്ചിരിക്കുകകൊണ്ട് നിങ്ങൾക്കു സത്യം അറിയാം. നിങ്ങൾക്കു സത്യം അറിയാത്തതുകൊണ്ടല്ല, അറിയുന്നതിനാലാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; യാതൊരു വ്യാജവും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല. ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു. പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്. നിങ്ങൾ ആരംഭംമുതൽ കേട്ടത് നിങ്ങളിൽ നിലനിൽക്കട്ടെ. അങ്ങനെയെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും ഉള്ള കൂട്ടായ്മയിൽ നിലനിൽക്കും. ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ. നിങ്ങളെ വഴിതെറ്റിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ച നിയോഗം നിങ്ങളിൽ വസിക്കുന്നു. ആയതിനാൽ ആരും നിങ്ങളെ ഉപദേശിക്കേണ്ടതില്ല. അവിടത്തെ നിയോഗം എല്ലാ വസ്തുതകളും നിങ്ങളെ ഉപദേശിക്കും. ആ നിയോഗം സത്യമാണ്, വ്യാജമല്ല. നിങ്ങളെ ഉപദേശിച്ചതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വസിക്കുക.