1 കൊരിന്ത്യർ 15:35-49
1 കൊരിന്ത്യർ 15:35-49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതയ്ക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറേ, കന്നുകാലികളുടെ മാംസം വേറേ; പക്ഷികളുടെ മാംസം വേറേ, മത്സ്യങ്ങളുടെ മാംസവും വേറേ. സ്വർഗീയശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; സ്വർഗീയശരീരങ്ങളുടെ തേജസ്സു വേറേ, ഭൗമശരീരങ്ങളുടെ തേജസ്സു വേറേ. സൂര്യന്റെ തേജസ്സു വേറേ, ചന്ദ്രന്റെ തേജസ്സു വേറേ, നക്ഷത്രങ്ങളുടെ തേജസ്സു വേറേ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തിൽ വിതയ്ക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗീയനെപ്പോലെ സ്വർഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗീയന്റെ പ്രതിമയും ധരിക്കും.
1 കൊരിന്ത്യർ 15:35-49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടും?” എന്നും “അവരുടെ ശരീരം എങ്ങനെയുള്ളതായിരിക്കും?” എന്നും ചിലർ ചോദിച്ചേക്കാം. ഭോഷാ, നീ വിതയ്‍ക്കുന്ന വിത്ത് നശിക്കുന്നില്ലെങ്കിൽ വീണ്ടും ജീവൻ പ്രാപിച്ചു മുളച്ചു വളരുകയില്ല. കോതമ്പിന്റെയോ മറ്റേതെങ്കിലും ധാന്യത്തിന്റെയോ ഒരു മണി മാത്രമായിരിക്കും നിങ്ങൾ വിതയ്‍ക്കുന്നത്; അല്ലാതെ വളർച്ചയെത്തിയ ചെടിയല്ല നടുന്നത്. തനിക്കിഷ്ടമുള്ള ശരീരം ദൈവം ആ വിത്തിനു നല്‌കുന്നു; ഓരോ വിത്തിനും അതതിൻറേതായ ശരീരം നല്‌കപ്പെടുന്നു. എല്ലാ ജീവികളുടെയും മാംസം ഒരേ തരത്തിലുള്ളതല്ലല്ലോ; മനുഷ്യരുടെ മാംസം ഒരു തരത്തിലുള്ളതാണെങ്കിൽ മൃഗങ്ങളുടെ മാംസം വേറൊരു തരത്തിലുള്ളതാണ്. പക്ഷികളുടെ മാംസം വേറെ, മത്സ്യമാംസവും വേറെ. സ്വർഗീയ ശരീരങ്ങളുണ്ട്, ഭൗതികശരീരങ്ങളുമുണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഭൗതികശരീരങ്ങളുടെ തേജസ്സിൽനിന്നു വിഭിന്നമാണ്. സൂര്യന് അതിൻറേതായ തേജസ്സുണ്ട്. ചന്ദ്രന്റെ തേജസ്സ് മറ്റൊന്നാണ്. നക്ഷത്രങ്ങളുടെ തേജസ്സ് വേറൊന്ന്; തേജസ്സിന്റെ കാര്യത്തിൽ ഒരു നക്ഷത്രം മറ്റൊന്നിൽനിന്നു വ്യത്യസ്തമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തിലുള്ള സ്ഥിതിവിശേഷവും ഇതുപോലെയായിരിക്കും. സംസ്കരിക്കുന്ന ശരീരം നശ്വരം; ഉയിർത്തെഴുന്നേല്‌ക്കുന്ന ശരീരം അനശ്വരം. സംസ്കരിക്കുമ്പോൾ ഹീനവും ദുർബലവുമായിരിക്കും. ഉയിർത്തെഴുന്നേല്‌ക്കുമ്പോൾ തേജോമയവും ശക്തവുമായിരിക്കും. ഭൗതികശരീരമാണു സംസ്കരിക്കുന്നത്; ഉയിർത്തെഴുന്നേല്‌ക്കുന്നത് ആത്മീയശരീരവും. ഭൗതികശരീരം ഉള്ളതുപോലെ ആത്മീയശരീരവുമുണ്ട്. ആദിമനുഷ്യനായ ആദാം ജീവനുള്ള വ്യക്തിയായി സൃഷ്‍ടിക്കപ്പെട്ടു എന്നു വേദഗ്രന്ഥത്തിൽ പറയുന്നുണ്ട്; എന്നാൽ ഒടുവിലത്തെ ആദാം ജീവദായകനായ ആത്മാവാകുന്നു. ആത്മീയമായതല്ല ആദ്യമുണ്ടായത്. പ്രത്യുത ആദ്യം ഭൗതികമായതും പിന്നീട് ആത്മീയമായതും ഉണ്ടായി. ആദ്യത്തെ മനുഷ്യൻ ഭൂമിയിലെ മണ്ണിൽ നിന്നുള്ളവനാണ്. രണ്ടാമത്തെ മനുഷ്യൻ സ്വർഗത്തിൽനിന്നുള്ളവനത്രേ. മണ്ണിൽനിന്ന് ഉണ്ടായവനെപ്പോലെയാണ്, മൺമയരായ എല്ലാവരും; സ്വർഗത്തിൽനിന്നുള്ളവനെപ്പോലെയാണ് സ്വർഗീയരായ എല്ലാവരും. മണ്ണുകൊണ്ട് ഉണ്ടാക്കപ്പെട്ടവന്റെ രൂപസാദൃശ്യം നാം ധരിച്ചതുപോലെ തന്നെ, സ്വർഗത്തിൽനിന്നു വന്ന മനുഷ്യന്റെ രൂപസാദൃശ്യവും ധരിക്കും.
1 കൊരിന്ത്യർ 15:35-49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പക്ഷേ ചിലർ ചോദിച്ചേക്കാം; “മരിച്ചവർ എങ്ങനെ ഉയിർക്കുന്നു?” “ഏതുവിധം ശരീരത്തോടെ അവർ വരും?” മൂഢാ, നീ വിതയ്ക്കുന്നത് ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, ഗോതമ്പിൻ്റെയോ മറ്റു വല്ലതിൻ്റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും, ഓരോ വിത്തിന് അതതിന്റെ ശരീരവും കൊടുക്കുന്നു. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, മൃഗങ്ങളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; എന്നാൽ, സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സ് വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സ് വേറെ. സൂര്യന്‍റെ തേജസ്സ് വേറെ, ചന്ദ്രന്‍റെ തേജസ്സ് വേറെ, നക്ഷത്രങ്ങളുടെ തേജസ്സ് വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ട് വ്യത്യാസം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അപ്രകാരം തന്നെ. നശ്വരമായതിൽ വിതയ്ക്കപ്പെടുന്നു, അനശ്വരമായതിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; ഭൗമികശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; ഭൗമികശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ട്. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുവിലത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്ന് മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവൻ്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയൻ്റെ പ്രതിമയും ധരിക്കും.
1 കൊരിന്ത്യർ 15:35-49 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിർക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു; ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ. സ്വർഗ്ഗീയ ശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ടു; സ്വർഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൗമ ശരീരങ്ങളുടെ തേജസ്സു വേറെ. സൂര്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിർക്കുന്നു; അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിർക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിർക്കുന്നു; പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിർക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു. ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വർഗ്ഗത്തിൽനിന്നുള്ളവൻ. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വർഗ്ഗീയനെപ്പോലെ സ്വർഗ്ഗീയന്മാരും ആകുന്നു; നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വർഗ്ഗീയന്റെ പ്രതിമയും ധരിക്കും.
1 കൊരിന്ത്യർ 15:35-49 സമകാലിക മലയാളവിവർത്തനം (MCV)
“മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു? ഏതുതരം ശരീരത്തോടെ അവർ വരുന്നു?” എന്നിങ്ങനെ ചിലർ ചോദിച്ചേക്കാം. ബുദ്ധികെട്ട മനുഷ്യാ, നീ വിതയ്ക്കുന്ന വിത്തു ചാകുന്നില്ലെങ്കിൽ ജീവിപ്പിക്കപ്പെടുകയില്ല. ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തുമാത്രമാണു വിതയ്ക്കുന്നത്. എന്നാൽ ദൈവം അവിടത്തെ ഹിതപ്രകാരം, ഗോതമ്പിന് ഒരുതരം ശരീരവും, ഓരോതരം വിത്തിനും അതതിന്റെ തരം ശരീരവും നൽകുന്നു. എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ. സ്വർഗീയശരീരങ്ങളും ലൗകികശരീരങ്ങളും ഉണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഒരു വിധത്തിലുള്ളത്; ലൗകികശരീരങ്ങളുടെ തേജസ്സു മറ്റൊരു വിധത്തിലുള്ളത്. സൂര്യന്റെ തേജസ്സ് ഒരുവിധം, ചന്ദ്രന്റേതു മറ്റൊരുവിധം, നക്ഷത്രങ്ങളുടെ തേജസ്സു വേറൊരുവിധം. നക്ഷത്രവും നക്ഷത്രവുംതമ്മിൽ തേജസ്സിൽ വ്യത്യാസമുണ്ട്. മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെയാണ്. നശ്വരമായ ശരീരം വിതയ്ക്കപ്പെടുന്നു, അനശ്വരമായ ശരീരം ഉയിർപ്പിക്കപ്പെടുന്നു. അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു. വിതയ്ക്കപ്പെടുന്നത് ഭൗതികശരീരം, ഉയിർപ്പിക്കപ്പെടുന്നതോ ആത്മികശരീരം. ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്. “ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി. ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം. ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ. ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു. നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും.