1 കൊരിന്ത്യർ 15:12-19

1 കൊരിന്ത്യർ 15:12-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥയ്ക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം; നിങ്ങളുടെ വിശ്വാസവും വ്യർഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിനു കള്ളസ്സാക്ഷികൾ എന്നുവരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

1 കൊരിന്ത്യർ 15:12-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്രിസ്തു മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം പ്രഘോഷിക്കപ്പെടുമ്പോൾ മരിച്ചവർ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയില്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ സാധൂകരിക്കും? മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ലാ എന്നുവരും. ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, പിന്നെ ഞങ്ങൾക്ക് പ്രസംഗിക്കുവാൻ ഒന്നുമില്ല; നിങ്ങൾക്കു വിശ്വസിക്കുവാനും ഒന്നുമില്ല. മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ല. പുനരുദ്ധാനം ഇല്ലെങ്കിൽ ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന സാക്ഷ്യം ഞങ്ങൾ ദൈവത്തിനെതിരെ പറയുന്ന കള്ളസാക്ഷ്യം ആയിരിക്കും. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം. നിങ്ങൾ ഇന്നും നിങ്ങളുടെ പാപത്തിൽ തന്നെ കഴിയുന്നു. മരണമടഞ്ഞ ക്രിസ്തുവിശ്വാസികൾ നശിച്ചുപോയി എന്നു വരും. നാം ഈ ആയുസ്സിൽ മാത്രമാണ് ക്രിസ്തുവിൽ പ്രത്യാശവച്ചിരിക്കുന്നത് എങ്കിൽ നാം മറ്റുള്ള എല്ലാവരെയുംകാൾ ദയനീയരാണ്.

1 കൊരിന്ത്യർ 15:12-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിക്കപ്പെടുന്നു എങ്കിൽ, മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? എന്നാൽ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്. മരിച്ചവർ ഉയിർക്കപ്പെടുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന് വിരോധമായി സാക്ഷ്യം പറയുകയാൽ ഞങ്ങൾ ദൈവത്തിന് കള്ളസാക്ഷികൾ എന്നറിയപ്പെടും. എന്തെന്നാൽ മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. അപ്പോൾ ക്രിസ്തുവിൽ മരിച്ചവരും നശിച്ചുപോയി. ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ നാം സകലമനുഷ്യരിലും ദയനീയരത്രേ.

1 കൊരിന്ത്യർ 15:12-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

1 കൊരിന്ത്യർ 15:12-19 സമകാലിക മലയാളവിവർത്തനം (MCV)

ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നാണ് പ്രസംഗിക്കപ്പെടുന്നത്. അപ്പോൾ മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം. തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു എന്നു ദൈവത്തെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്ന ഞങ്ങൾ ദൈവത്തിനെതിരേ വ്യാജ സാക്ഷികൾ എന്നും വരും. കാരണം, മരിച്ചവർ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല. മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിനും പുനരുത്ഥാനം ഉണ്ടായിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം; നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിൽ തന്നെ സ്ഥിതിചെയ്യുന്നു. ക്രിസ്തുവിൽ വിശ്വസിച്ച ശേഷം നിദ്രപ്രാപിച്ചവരും നശിച്ചുപോയിരിക്കുന്നു. നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചുമാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്.