1 കൊരിന്ത്യർ 15:1-19

1 കൊരിന്ത്യർ 15:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരുവെഴുത്തുകളിൻപ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു കേഫാവിനും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതുതന്നെ നിങ്ങൾക്ക് ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി; ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു. ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥയ്ക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം; നിങ്ങളുടെ വിശ്വാസവും വ്യർഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിനു കള്ളസ്സാക്ഷികൾ എന്നുവരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

1 കൊരിന്ത്യർ 15:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സഹോദരരേ, ഞാൻ നിങ്ങളോടു പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതുമായ സദ്‍വാർത്ത നിങ്ങളെ അനുസ്മരിപ്പിക്കുന്നു. അതിലാണല്ലോ നിങ്ങളുടെ വിശ്വാസം ഉറച്ചു നില്‌ക്കുന്നത്. ഞാൻ നിങ്ങളോടു പ്രസംഗിച്ച ആ സുവിശേഷം നിങ്ങൾ മുറുകെപ്പിടിക്കുന്നെങ്കിൽ അതിലൂടെ നിങ്ങൾ രക്ഷിക്കപ്പെടുന്നു. അല്ലാത്തപക്ഷം നിങ്ങൾ വിശ്വസിച്ചതു വെറുതെ ആയി എന്നു വരും. എന്നെ ഭരമേല്പിച്ച പരമപ്രധാനമായ കാര്യം ഞാൻ നിങ്ങളെ ഏല്പിച്ചു. ആ സന്ദേശം ഇതാണ്: തിരുവെഴുത്തുകളിൽ കാണുന്നതുപോലെ ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്തു; തിരുവെഴുത്തുകളിൽ കാണുന്നതുപോലെതന്നെ മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌ക്കുകയും ചെയ്തു. പത്രോസിനും പിന്നീടു പന്ത്രണ്ട് അപ്പോസ്തോലന്മാർക്കും പ്രത്യക്ഷനായി; അനന്തരം അവിടുത്തെ അനുയായികളായ അഞ്ഞൂറിൽപരം ആളുകൾ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ അവർക്കും പ്രത്യക്ഷനായി. അവരിൽ ചിലരെല്ലാം അന്തരിച്ചെങ്കിലും, മിക്കപേരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. അനന്തരം യാക്കോബിനും പിന്നീട് അപ്പോസ്തോലന്മാർക്കും ദർശനം നല്‌കി. ഏറ്റവും ഒടുവിൽ അകാലജാതനെപ്പോലെയുള്ള എനിക്കും അവിടുന്നു പ്രത്യക്ഷപ്പെട്ടു. ഞാൻ അപ്പോസ്തോലന്മാരിൽ ഏറ്റവും എളിയവനാണല്ലോ. ഞാൻ ദൈവത്തിന്റെ സഭയെ ദ്രോഹിച്ചിരുന്നവനാണ്. അതുകൊണ്ട് അപ്പോസ്തോലൻ എന്ന പേരിന് അർഹനല്ല. ദൈവകൃപമൂലം മാത്രമാണു ഞാൻ അപ്പോസ്തോലൻ ആയിരിക്കുന്നത്. ദൈവം എനിക്കു നല്‌കിയ കൃപ നിഷ്ഫലമായില്ല. മറ്റുള്ള എല്ലാ അപ്പോസ്തോലന്മാരെയുംകാൾ അധികം ഞാൻ അധ്വാനിച്ചു. ഞാൻ തനിയെ എന്തെങ്കിലും ചെയ്തു എന്നല്ല, ദൈവത്തിന്റെ കൃപ എന്നോടുകൂടി പ്രവർത്തിച്ചു എന്നതാണു വാസ്തവം. ഞാനാകട്ടെ, അവരാകട്ടെ, ആരുതന്നെ ആയാലും, ഞങ്ങൾ എല്ലാവരും പ്രസംഗിക്കുന്നത് ഇതാണ്; നിങ്ങൾ വിശ്വസിച്ചതും ഇതുതന്നെ. ക്രിസ്തു മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്യപ്പെട്ടിരിക്കുന്നു എന്ന സന്ദേശം പ്രഘോഷിക്കപ്പെടുമ്പോൾ മരിച്ചവർ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുകയില്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ സാധൂകരിക്കും? മരിച്ചവരുടെ പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ലാ എന്നുവരും. ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ, പിന്നെ ഞങ്ങൾക്ക് പ്രസംഗിക്കുവാൻ ഒന്നുമില്ല; നിങ്ങൾക്കു വിശ്വസിക്കുവാനും ഒന്നുമില്ല. മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ക്രിസ്തുവും ഉത്ഥാനം ചെയ്യപ്പെട്ടിട്ടില്ല. പുനരുദ്ധാനം ഇല്ലെങ്കിൽ ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചിട്ടില്ല. അങ്ങനെയെങ്കിൽ ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്ന സാക്ഷ്യം ഞങ്ങൾ ദൈവത്തിനെതിരെ പറയുന്ന കള്ളസാക്ഷ്യം ആയിരിക്കും. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം. നിങ്ങൾ ഇന്നും നിങ്ങളുടെ പാപത്തിൽ തന്നെ കഴിയുന്നു. മരണമടഞ്ഞ ക്രിസ്തുവിശ്വാസികൾ നശിച്ചുപോയി എന്നു വരും. നാം ഈ ആയുസ്സിൽ മാത്രമാണ് ക്രിസ്തുവിൽ പ്രത്യാശവച്ചിരിക്കുന്നത് എങ്കിൽ നാം മറ്റുള്ള എല്ലാവരെയുംകാൾ ദയനീയരാണ്.

1 കൊരിന്ത്യർ 15:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോട് പ്രസംഗിച്ചതും നിങ്ങൾ സ്വീകരിച്ചതും, നിങ്ങൾ നിലനില്ക്കുന്നതും നിങ്ങൾ രക്ഷിക്കപ്പെട്ടതുമായ സുവിശേഷം നിങ്ങൾ മുറുകെപ്പിടിക്കുക. അല്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചത് വെറുതെ ആയിപ്പോകും എന്നു ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ടു. തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംദിവസം ഉയിർത്തെഴുന്നേറ്റു. കേഫാവിനും പിന്നെ പന്ത്രണ്ടു പേർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഏറ്റവും പ്രധാനമായി ഞാൻ മനസ്സിലാക്കിയതുതന്നെ നിങ്ങൾക്ക് ഏല്പിച്ചുതന്നുവല്ലോ. അതിന് ശേഷം അവൻ അഞ്ഞൂറിൽ അധികം സഹോദരന്മാർക്ക് ഒരുമിച്ച് പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. പിന്നീട് അവൻ യാക്കോബിനും ശേഷം, അപ്പൊസ്തലന്മാർ എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ, സമയം തെറ്റി ജനിച്ച എനിക്കും പ്രത്യക്ഷനായി; എന്തെന്നാൽ ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല. എങ്കിലും ഞാൻ ആകുന്നത് ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ കൂടുതൽ അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. ഞാനാകട്ടെ അവരാകട്ടെ ഇപ്രകാരം ഞങ്ങൾ പ്രസംഗിക്കുന്നു; അത് നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു. ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിക്കപ്പെടുന്നു എങ്കിൽ, മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നത് എങ്ങനെ? എന്നാൽ മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്; നിങ്ങളുടെ വിശ്വാസവും വ്യർത്ഥമാണ്. മരിച്ചവർ ഉയിർക്കപ്പെടുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന് വിരോധമായി സാക്ഷ്യം പറയുകയാൽ ഞങ്ങൾ ദൈവത്തിന് കള്ളസാക്ഷികൾ എന്നറിയപ്പെടും. എന്തെന്നാൽ മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. അപ്പോൾ ക്രിസ്തുവിൽ മരിച്ചവരും നശിച്ചുപോയി. ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വച്ചിരിക്കുന്നു എങ്കിൽ നാം സകലമനുഷ്യരിലും ദയനീയരത്രേ.

1 കൊരിന്ത്യർ 15:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു. ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി; ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ. ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു. ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർത്തെഴുന്നേറ്റിട്ടില്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം, നിങ്ങളുടെ വിശ്വാസവും വ്യർത്ഥം. മരിച്ചവർ ഉയിർക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിർപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിർപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും. മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിർത്തിട്ടില്ല. ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു. ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി. നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

1 കൊരിന്ത്യർ 15:1-19 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അറിയിച്ചതും നിങ്ങൾ സ്വീകരിച്ചതും നിങ്ങൾ സുസ്ഥിരരായി നിൽക്കുന്നതുമായ സുവിശേഷത്തെപ്പറ്റി നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളോട് അറിയിച്ച സുവിശേഷത്തിന്റെ വചനത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു; അതു മുറുകെപ്പിടിച്ചു കൊള്ളുന്നില്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചതു വ്യർഥമായിത്തീരും. ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ടശേഷം മൂന്നാംദിവസം തിരുവെഴുത്തുകളിൻപ്രകാരം ഉയിർപ്പിക്കപ്പെട്ടു എന്നിങ്ങനെ എനിക്കു നൽകപ്പെട്ട പരമപ്രധാനമായ വചനം ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നല്ലോ. അവിടന്ന് പത്രോസിനും തുടർന്ന് പന്ത്രണ്ട് ശിഷ്യന്മാർക്കും പ്രത്യക്ഷനായി. അതിനുശേഷം അവിടന്ന് അഞ്ഞൂറിലധികം സഹോദരങ്ങൾക്ക് ഒരേസമയം പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ നിദ്രപ്രാപിച്ചെങ്കിലും അധികംപേരും ഇപ്പോഴും ജീവനോടെയിരിക്കുന്നു. പിന്നീട് അവിടന്ന് യാക്കോബിനും അതിനുശേഷം സകല അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു; ഏറ്റവുമൊടുവിൽ, അകാലജാതനെപ്പോലെയുള്ള എനിക്കും പ്രത്യക്ഷനായി. ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവസഭയെ പീഡിപ്പിച്ചതുകൊണ്ട് അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല. എന്നാൽ ഞാൻ ആയിരിക്കുന്നതു ദൈവകൃപയാൽ ആകുന്നു. എന്നോടുള്ള അവിടത്തെ കൃപ നിഷ്ഫലമായില്ല. ഞാൻ ആ അപ്പൊസ്തലന്മാരെക്കാളെല്ലാം അധികം അധ്വാനിച്ചു. എങ്കിലും അധ്വാനിച്ചതു ഞാനല്ല, എന്നോടുകൂടെയുള്ള ദൈവകൃപയാണ്. അതുകൊണ്ടു പ്രസംഗിക്കുന്നത് ഞാനായാലും, അവരായാലും, ഒരേ സന്ദേശമാണ്; ആ സന്ദേശം തന്നെയാണ് നിങ്ങൾ വിശ്വസിച്ചതും. ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നാണ് പ്രസംഗിക്കപ്പെടുന്നത്. അപ്പോൾ മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ? മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം. തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു എന്നു ദൈവത്തെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്ന ഞങ്ങൾ ദൈവത്തിനെതിരേ വ്യാജ സാക്ഷികൾ എന്നും വരും. കാരണം, മരിച്ചവർ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല. മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിനും പുനരുത്ഥാനം ഉണ്ടായിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം; നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിൽ തന്നെ സ്ഥിതിചെയ്യുന്നു. ക്രിസ്തുവിൽ വിശ്വസിച്ച ശേഷം നിദ്രപ്രാപിച്ചവരും നശിച്ചുപോയിരിക്കുന്നു. നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചുമാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്.