1 കൊരിന്ത്യർ 1:25-31

1 കൊരിന്ത്യർ 1:25-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽനിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു. “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്ന് എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിനുതന്നെ.

1 കൊരിന്ത്യർ 1:25-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിന്റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാൾ മികച്ചതും, ദൈവത്തിന്റെ ദൗർബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാൾ ബലമേറിയതുമാണ്. എന്റെ സഹോദരരേ, നിങ്ങളെ ദൈവം വിളിക്കുന്നതിനു മുമ്പ് നിങ്ങൾ എങ്ങനെയുള്ളവരായിരുന്നു എന്ന് ഓർത്തുനോക്കൂ. മാനുഷികമായി നോക്കിയാൻ നിങ്ങളുടെ ഇടയിൽ ജ്ഞാനികളോ, ശക്തന്മാരോ, കൂലീനന്മാരോ അധികമില്ലായിരുന്നു. ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ, ഭോഷത്തമെന്നു ലോകം കരുതുന്നത് ദൈവം തിരഞ്ഞെടുത്തു. ശക്തന്മാരെ ലജ്ജിപ്പിക്കുവാൻ അശക്തമെന്നു ലോകം കരുതുന്നതാണു ദൈവം തിരഞ്ഞെടുത്തത്; നിസ്സാരമെന്നും, നികൃഷ്ടമെന്നും, ഏതുമില്ലാത്തതെന്നും ലോകം പരിഗണിക്കുന്നവയെ ദൈവം തിരഞ്ഞെടുത്തു. ലോകം സുപ്രധാനമെന്നു കരുതുന്നവയെ തകർക്കുന്നതിനുവേണ്ടിയാണ് അപ്രകാരം ചെയ്തത്. അതുകൊണ്ട് ദൈവമുമ്പാകെ ആർക്കുംതന്നെ അഹങ്കരിക്കുവാനാവില്ല. എന്നാൽ ദൈവം നിങ്ങളെ ക്രിസ്തുയേശുവിനോടുള്ള ഐക്യതയിലേക്കു കൊണ്ടുവന്നിരിക്കുന്നു. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനമായിത്തീരുകയും ചെയ്തിരിക്കുന്നു. ക്രിസ്തുമൂലം നാം ദൈവമുമ്പാകെ നിഷ്കളങ്കരും ദൈവത്തിന്റെ വിശുദ്ധജനവും ആയിത്തീരും. അവിടുന്നു നമ്മെ സ്വതന്ത്രരാക്കുകയും ചെയ്യുന്നു. അതുകൊണ്ട്, വേദഗ്രന്ഥത്തിൽ പറയുന്നതുപോലെ ‘അഭിമാനിക്കണമെന്നുള്ളവൻ കർത്താവു ചെയ്തിരിക്കുന്നതിൽ അഭിമാനം കൊള്ളട്ടെ.’

1 കൊരിന്ത്യർ 1:25-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

എന്തെന്നാൽ, ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു. സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകത്തിന്‍റെ മാനദണ്ഡപ്രകാരം നിങ്ങളിൽ ജ്ഞാനികൾ ഏറെയില്ല; ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്‍റെ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാൻ ദൈവം ലോകത്തിന്‍റെ ബലഹീനമായത് തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലാതാക്കുവാൻ ദൈവം ലോകത്തിൽ നികൃഷ്ടവും നിസ്സാരവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കുവാൻ തന്നെ. നിങ്ങൾ ഇപ്പോൾ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്ക് ദൈവത്തിങ്കൽ നിന്ന് ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു. “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ.

1 കൊരിന്ത്യർ 1:25-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു. സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല. ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ഭോഷത്വമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു. ഉള്ളതിനെ ഇല്ലായ്മയാക്കുവാൻ ദൈവം ലോകത്തിൽ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു; ദൈവസന്നിധിയിൽ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിന്നു തന്നേ. നിങ്ങളോ അവനാൽ ക്രിസ്തുയേശുവിൽ ഇരിക്കുന്നു. അവൻ നമുക്കു ദൈവത്തിങ്കൽ നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീർന്നു. “പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ” എന്നു എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിന്നു തന്നേ.

1 കൊരിന്ത്യർ 1:25-31 സമകാലിക മലയാളവിവർത്തനം (MCV)

ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്. സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു. അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”