1 കൊരിന്ത്യർ 1
1
1ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായി ദൈവം തിരുഹിതപ്രകാരം വിളിച്ച പൗലോസും നമ്മുടെ സഹോദരനായ സോസ്തനേസും ചേർന്ന്,
2ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും#1:2 അഥവാ, വേർതിരിക്കപ്പെട്ടവർ വിശുദ്ധജനം ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരുമായ, കൊരിന്തിലുള്ള ദൈവസഭയ്ക്കും എല്ലാ സ്ഥലങ്ങളിലുമായി നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച#1:2 മൂ.ഭാ. നാമം വിളിച്ചപേക്ഷിക്കുന്ന സകലർക്കുമായി എഴുതുന്നത്:
3നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
സ്തോത്രാർപ്പണം
4ക്രിസ്തുയേശുവിൽ ദൈവം നിങ്ങൾക്കു നൽകിയ കൃപ ഓർത്ത് നിങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. 5കാരണം, ക്രിസ്തുയേശുവിൽ വചനത്തിലും ജ്ഞാനത്തിലും സർവസമൃദ്ധിയും നിങ്ങൾക്കു ലഭിച്ചിരിക്കുന്നല്ലോ; 6ക്രിസ്തുവിനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പറഞ്ഞ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഇതു സ്ഥിരീകരിക്കുന്നു. 7ഇങ്ങനെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന നിങ്ങൾ കൃപാദാനങ്ങളിൽ യാതൊന്നിൽപോലും കുറവുള്ളവരായിരിക്കുന്നില്ല. 8നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ#1:8 അതായത്, പുനരാഗമനത്തിൽ നിങ്ങൾ നിരപവാദ്യർ ആയിരിക്കേണ്ടതിന് അവിടന്ന് നിങ്ങളെ അന്ത്യംവരെ ശക്തിപ്പെടുത്തും. 9അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തനാണല്ലോ.
സഭയിലെ ഭിന്നത
10സഹോദരങ്ങളേ, നിങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുമില്ലാതെ, തികഞ്ഞ ഐകമത്യം പാലിച്ചുകൊണ്ട് നിങ്ങൾ ഒരേ മനസ്സും ഒരേ ചിന്തയും ഉള്ളവരായിരിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു. 11എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേ തർക്കവിതർക്കങ്ങൾ ഉണ്ടെന്നു ക്ലോവയുടെ ബന്ധുക്കളിൽ ചിലർ എന്നെ അറിയിച്ചു. 12അതായത്, നിങ്ങളിൽ ചിലർ “ഞാൻ പൗലോസിന്റെ ആൾ” എന്നും മറ്റുചിലർ “ഞാൻ അപ്പൊല്ലോസിന്റെ ആൾ” എന്നും വേറെചിലർ “ഞാൻ പത്രോസിന്റെ#1:12 മൂ.ഭാ. കേഫാവിന്റെ ആൾ” എന്നും ഇനിയും ചിലർ “ഞാൻ ക്രിസ്തുവിന്റെ ആൾ” എന്നും പറയുന്നു.
13ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നോ? പൗലോസാണോ നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്? പൗലോസിന്റെ നാമത്തിലോ നിങ്ങൾ സ്നാനം സ്വീകരിച്ചത്? 14ക്രിസ്പൊസിനും ഗായൊസിനും ഒഴികെ നിങ്ങളിൽ മറ്റാർക്കും ഞാൻ സ്നാനം നൽകിയിട്ടില്ലാത്തതിനാൽ ദൈവത്തിന് സ്തോത്രംചെയ്യുന്നു. 15അതുകൊണ്ട് എന്റെ നാമത്തിൽ സ്നാനം സ്വീകരിച്ചു എന്ന് നിങ്ങളിൽ ആർക്കും പറയാൻ കഴിയുകയില്ല. 16അല്ല, സ്തെഫാനൊസിന്റെ വീട്ടുകാരെയുംകൂടി ഞാൻ സ്നാനം കഴിപ്പിച്ചിട്ടുണ്ട്; മറ്റാർക്കെങ്കിലും സ്നാനം ഞാൻ നൽകിയിട്ടുള്ളതായി ഓർക്കുന്നില്ല. 17ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്.
ക്രിസ്തു—ദൈവികജ്ഞാനവും ദൈവികശക്തിയും
18ക്രൂശിന്റെ വചനം നാശത്തിലേക്കു പോകുന്നവർക്ക് ഭോഷത്തമായി തോന്നാം, എന്നാൽ, രക്ഷിക്കപ്പെടുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തി ആണ്.
19“ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും;
ബുദ്ധിമാന്മാരുടെ ബുദ്ധിയും ഞാൻ നിഷ്ഫലമാക്കും,”#1:19 യെശ. 29:14
എന്ന് എഴുതിയിരിക്കുന്നല്ലോ.#1:19 ഈ പ്രയോഗം പഴയനിയമഗ്രന്ഥത്തിൽനിന്നുള്ള ഉദ്ധരണിയെ സൂചിപ്പിക്കുന്നു.
20ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ? 21ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി. 22ഇത് അത്ഭുതചിഹ്നങ്ങൾ ആവശ്യപ്പെടുന്ന യെഹൂദർക്കും ജ്ഞാനം അന്വേഷിക്കുന്ന ഗ്രീക്കുകാർക്കും ഭോഷത്തമായി തോന്നുന്നു. 23എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ്; അത് യെഹൂദർക്ക് ഇടർച്ചയും യെഹൂദേതരർക്കു ഭോഷത്തവും ആയി തോന്നുന്നു. 24അങ്ങനെ, രക്ഷിക്കാനായി ദൈവം വിളിച്ച എല്ലാവർക്കും—യെഹൂദർക്കും യെഹൂദേതരർക്കും#1:24 മൂ.ഭാ. ഗ്രീക്കുകാർ —ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആകുന്നു. 25ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്.
26സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല. 27എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു. 28മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു; 29അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ. 30അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു. 31അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”#1:31 യിര. 9:24
നിലവിൽ തിരഞ്ഞെടുത്തിരിക്കുന്നു:
1 കൊരിന്ത്യർ 1: MCV
ഹൈലൈറ്റ് ചെയ്യുക
പങ്ക് വെക്കു
പകർത്തുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും ഹൈലൈറ്റുകൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? സൈൻ അപ്പ് ചെയ്യുക അല്ലെങ്കിൽ സൈൻ ഇൻ ചെയ്യുക
വിശുദ്ധ ബൈബിൾ, സമകാലിക മലയാളവിവർത്തനം™
പകർപ്പവകാശം © 1997, 2017, 2020 Biblica, Inc.
അനുമതിയോടുകൂടി ഉപയോഗിച്ചിരിക്കുന്നു. എല്ലാ പകർപ്പവകാശങ്ങളും ആഗോളവ്യാപകമായി സംരക്ഷിതമാണ്.
Holy Bible, Malayalam Contemporary Version™
Copyright © 1997, 2017, 2020 by Biblica, Inc.
Used with permission. All rights reserved worldwide.