1 കൊരിന്ത്യർ 1:17-25
1 കൊരിന്ത്യർ 1:17-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്റെ ക്രൂശ് വ്യർഥമാകാതിരിക്കേണ്ടതിനു വാക്ചാതുര്യത്തോടെ അല്ലതാനും. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബലമാക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്തമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തത്താൽ രക്ഷിപ്പാൻ ദൈവത്തിനു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും ജാതികൾക്കു ഭോഷത്തവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെത്തന്നെ. ദൈവത്തിന്റെ ഭോഷത്തം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
1 കൊരിന്ത്യർ 1:17-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ക്രിസ്തു എന്നെ അയച്ചത് സ്നാപനം ചെയ്യുവാനല്ല, പ്രത്യുത, സുവിശേഷം അറിയിക്കുന്നതിനാകുന്നു. ക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ മാഹാത്മ്യത്തിനു കുറവു വരാതിരിക്കുവാൻ, പാണ്ഡിത്യത്തിന്റെ ഭാഷ ഉപയോഗിക്കാതെയാണു ഞാൻ അറിയിക്കുന്നത്. ക്രിസ്തുവിന്റെ ക്രൂശുമരണത്തെക്കുറിച്ചുള്ള സന്ദേശം നശിച്ചുപോകുന്നവർക്ക് ഭോഷത്തമാകുന്നു; എന്നാൽ രക്ഷിക്കപ്പെടുന്നവരായ നമുക്ക് അതു ദൈവത്തിന്റെ ശക്തിയത്രേ. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും; പണ്ഡിതന്മാരുടെ പാണ്ഡിത്യം ദുർബലമാക്കുകയും ചെയ്യും. അപ്പോൾ ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലൗകികജ്ഞാനം ഭോഷത്തമാണെന്നു ദൈവം വ്യക്തമാക്കിയിരിക്കുന്നു. തങ്ങളുടെ സ്വന്തം ജ്ഞാനം മുഖേന മനുഷ്യർക്കു ദൈവത്തെ അറിയുവാൻ സാധ്യമല്ല. ദൈവമാണ് തന്റെ ജ്ഞാനത്താൽ മനുഷ്യന് അത് അസാധ്യമാക്കിത്തീർത്തത്. മറിച്ച്, ഭോഷത്തമെന്നു പറയപ്പെടുന്നതും ഞങ്ങൾ പ്രസംഗിക്കുന്നതുമായ സുവിശേഷംമുഖേന, വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിനു തിരുമനസ്സായി. തെളിവിന് അടയാളങ്ങൾ വേണമെന്നു യെഹൂദന്മാർ ആവശ്യപ്പെടുന്നു. ഗ്രീക്കുകാർക്കു വേണ്ടത് ജ്ഞാനമാണ്. ഞങ്ങളാകട്ടെ, വിളംബരം ചെയ്യുന്നത് ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാകുന്നു; അത് യെഹൂദന്മാർക്ക് ഇടർച്ചയും വിജാതീയർക്കു ഭോഷത്തവുമത്രേ; എന്നാൽ യെഹൂദന്മാർക്കാകട്ടെ, വിജാതീയർക്കാകട്ടെ, ദൈവം വിളിച്ച ഏവർക്കും ഈ സുവിശേഷം, ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാകുന്ന ക്രിസ്തു ആകുന്നു. ദൈവത്തിന്റെ ഭോഷത്തം എന്നു നമുക്കു തോന്നുന്നത് മനുഷ്യരുടെ ജ്ഞാനത്തെക്കാൾ മികച്ചതും, ദൈവത്തിന്റെ ദൗർബല്യം എന്നു തോന്നുന്നത് മനുഷ്യരുടെ ശക്തിയെക്കാൾ ബലമേറിയതുമാണ്.
1 കൊരിന്ത്യർ 1:17-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
എന്തെന്നാൽ, സ്നാനം കഴിപ്പിക്കുവാൻ അല്ല, സുവിശേഷം അറിയിക്കുവാനത്രേ ക്രിസ്തു എന്നെ അയച്ചത്; എന്നാൽ, ക്രിസ്തുവിന്‍റെ ക്രൂശ് നിഷ്ഫലമാകാതിരിക്കേണ്ടതിന് ജ്ഞാനത്തിന്‍റെ വാക്കുകളോടെ അല്ലതാനും. എന്തെന്നാൽ, ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്ക് ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കുകയും ബുദ്ധിമാന്മാരുടെ ബുദ്ധി വിഫലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്വം ആക്കിയില്ലയോ? ദൈവത്തിന്‍റെ ജ്ഞാനത്തിൽ, ലോകം അതിന്‍റെ ജ്ഞാനത്താൽ, ദൈവത്തെ അറിയായ്കകൊണ്ട് ഞങ്ങളുടെ പ്രസംഗത്തിൻ്റെ ഭോഷത്വത്താൽ വിശ്വസിക്കുന്നവരെ രക്ഷിക്കുവാൻ ദൈവത്തിന് പ്രസാദം തോന്നി. എന്തെന്നാൽ, യെഹൂദന്മാർ അടയാളം ചോദിക്കുകയും യവനന്മാർ ജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്ക് ഇടർച്ചയും, ജനതകൾക്ക് ഭോഷത്വവുമെങ്കിലും, യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും തന്നെ. എന്തെന്നാൽ, ദൈവത്തിന്‍റെ ഭോഷത്വം മനുഷ്യരേക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരേക്കാൾ ബലമേറിയതും ആകുന്നു.
1 കൊരിന്ത്യർ 1:17-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സ്നാനം കഴിപ്പിപ്പാൻ അല്ല സുവിശേഷം അറിയിപ്പാനത്രെ ക്രിസ്തു എന്നെ അയച്ചതു; ക്രിസ്തുവിന്റെ ക്രൂശു വ്യർത്ഥമാകാതിരിക്കേണ്ടതിന്നു വാക്ചാതുര്യത്തോടെ അല്ലതാനും. ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ. ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താർക്കികൻ എവിടെ? ലോകത്തിന്റെ ജ്ഞാനം ദൈവം ഭോഷത്വമാക്കിയില്ലയോ? ദൈവത്തിന്റെ ജ്ഞാനത്തിൽ ലോകം ജ്ഞാനത്താൽ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്വത്താൽ രക്ഷിപ്പാൻ ദൈവത്തിന്നു പ്രസാദം തോന്നി. യെഹൂദന്മാർ അടയാളം ചോദിക്കയും യവനന്മാർ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു; ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു; യെഹൂദന്മാർക്കു ഇടർച്ചയും ജാതികൾക്കു ഭോഷത്വവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവർക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെ തന്നേ. ദൈവത്തിന്റെ ഭോഷത്വം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു.
1 കൊരിന്ത്യർ 1:17-25 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്. ക്രൂശിന്റെ വചനം നാശത്തിലേക്കു പോകുന്നവർക്ക് ഭോഷത്തമായി തോന്നാം, എന്നാൽ, രക്ഷിക്കപ്പെടുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തി ആണ്. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും; ബുദ്ധിമാന്മാരുടെ ബുദ്ധിയും ഞാൻ നിഷ്ഫലമാക്കും,” എന്ന് എഴുതിയിരിക്കുന്നല്ലോ. ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ? ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി. ഇത് അത്ഭുതചിഹ്നങ്ങൾ ആവശ്യപ്പെടുന്ന യെഹൂദർക്കും ജ്ഞാനം അന്വേഷിക്കുന്ന ഗ്രീക്കുകാർക്കും ഭോഷത്തമായി തോന്നുന്നു. എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ്; അത് യെഹൂദർക്ക് ഇടർച്ചയും യെഹൂദേതരർക്കു ഭോഷത്തവും ആയി തോന്നുന്നു. അങ്ങനെ, രക്ഷിക്കാനായി ദൈവം വിളിച്ച എല്ലാവർക്കും—യെഹൂദർക്കും യെഹൂദേതരർക്കും —ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആകുന്നു. ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്.