1 ദിനവൃത്താന്തം 29:1-9
1 ദിനവൃത്താന്തം 29:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ ദാവീദുരാജാവ് സർവസഭയോടും പറഞ്ഞത്: ദൈവംതന്നെ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രേ. എന്നാൽ ഞാൻ എന്റെ സർവബലത്തോടുംകൂടെ എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി പൊന്നുകൊണ്ടുള്ളവയ്ക്കു പൊന്നും വെള്ളികൊണ്ടുള്ളവയ്ക്കു വെള്ളിയും താമ്രംകൊണ്ടുള്ളവയ്ക്കു താമ്രവും ഇരുമ്പുകൊണ്ടുള്ളവയ്ക്ക് ഇരുമ്പും മരംകൊണ്ടുള്ളവയ്ക്കു മരവും, ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനാവർണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പക്ഷം നിമിത്തം വിശുദ്ധമന്ദിരത്തിനുവേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനായി കൊടുത്തിരിക്കുന്നു. ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്ത് പൊന്നും ഏഴായിരം താലന്ത് ഊതിക്കഴിച്ച വെള്ളിയുംതന്നെ. എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്‍വാൻ മനഃപൂർവം അർപ്പിക്കുന്നവൻ ആർ? അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവമായി കൊടുത്തതുകൊണ്ട് അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദുരാജാവും അത്യന്തം സന്തോഷിച്ചു.
1 ദിനവൃത്താന്തം 29:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദാവീദുരാജാവ് ഇസ്രായേൽസമൂഹത്തോടു പറഞ്ഞു: “എന്റെ പുത്രനായ ശലോമോനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അവൻ ചെറുപ്പമാണ്, പരിചയസമ്പന്നനുമല്ല; ചെയ്യാനുള്ള പ്രവൃത്തിയോ, വലുത്; ആലയം മനുഷ്യനുവേണ്ടിയുള്ളതല്ല, ദൈവമായ സർവേശ്വരനു വേണ്ടിയുള്ളതാണല്ലോ. അതുകൊണ്ട് എന്റെ ദൈവത്തിന്റെ ആലയത്തിനായി എന്നാൽ കഴിയുന്നതെല്ലാം കരുതിയിട്ടുണ്ട്. അതത് ഉപകരണങ്ങൾക്കു വേണ്ട സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കൂടാതെ ധാരാളം ഗോമേദകക്കല്ലുകൾ, രത്നക്കല്ലുകൾ, അഞ്ജനക്കല്ലുകൾ, വർണക്കല്ലുകൾ, എല്ലാത്തരം അമൂല്യ രത്നങ്ങൾ, മാർബിൾ എന്നിവയും ഞാൻ ശേഖരിച്ചിട്ടുണ്ട്. വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ കരുതിയിട്ടുള്ളവയ്‍ക്കെല്ലാം പുറമേ, എന്റെ സ്വന്തമായ സ്വർണത്തിന്റെയും വെള്ളിയുടെയും ഭണ്ഡാരവും ഉണ്ട്. എന്റെ ദൈവത്തിന്റെ ഭവനത്തോട് എനിക്കുള്ള കൂറുനിമിത്തം എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി അതെല്ലാം നല്‌കിയിരിക്കുന്നു. ആലയഭിത്തികൾ വേണ്ടതുപോലെ സ്വർണംകൊണ്ടും വെള്ളികൊണ്ടും പൊതിയാനും വിദഗ്ദ്ധശില്പികളുടെ പണിത്തരങ്ങൾക്കുമായി ഓഫീറിൽനിന്നുള്ള മൂവായിരം താലന്തു സ്വർണവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും കൊടുത്തിരിക്കുന്നു. ഇനിയും ആരാണ് സർവേശ്വരനു വേണ്ടി സ്വമനസ്സാലെ കാഴ്ചയർപ്പിച്ചു സമർപ്പിതനാകുന്നത്?” തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവർത്തനങ്ങളുടെ മേൽനോട്ടക്കാരും സ്വമേധാദാനങ്ങൾ നല്‌കി. ദേവാലയത്തിന്റെ പണികൾക്കായി അവർ അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്‌കി. അമൂല്യ രത്നങ്ങൾ കൈവശം ഉണ്ടായിരുന്നവർ ഗേർശോന്യനായ യെഹീയേലിന്റെ മേൽനോട്ടത്തിൽ അവ സർവേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ചു. അവർ പൂർണഹൃദയത്തോടെ സർവേശ്വരന് അവ സമർപ്പിച്ചതിനാൽ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു.
1 ദിനവൃത്താന്തം 29:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)
പിന്നെ ദാവീദ് രാജാവ് സർവ്വസഭയോടും പറഞ്ഞത്: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രെ. എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്‍റെ ആലയത്തിനു വേണ്ടി പൊന്നു കൊണ്ടുള്ളവയ്ക്കു പൊന്നും, വെള്ളി കൊണ്ടുള്ളവയ്ക്കു വെള്ളിയും, താമ്രം കൊണ്ടുള്ളവയ്ക്കു താമ്രവും, ഇരിമ്പു കൊണ്ടുള്ളവയ്ക്കു ഇരിമ്പും, മരം കൊണ്ടുള്ളവയ്ക്കു മരവും, ഗോമേദകക്കല്ലും, പതിക്കുവാനുള്ള കല്ലും അലങ്കരിക്കുന്നതിനുള്ള കല്ലും, നാനാവർണ്ണമുള്ള കല്ലും, വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വച്ചിരിക്കുന്നു. “എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള താത്പര്യം നിമിത്തം വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ, എന്‍റെ കൈവശമുള്ള പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനായി കൊടുത്തിരിക്കുന്നു. ആലയഭിത്തികളെ, പൊന്നുകൊണ്ടു വേണ്ടത് പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടത് വെള്ളികൊണ്ടും പൊതിയുവാനും, അങ്ങനെ കരകൗശലപ്പണിക്കാരുടെ എല്ലാ പണിയ്ക്കുവേണ്ടിയും ഓഫീർപൊന്നായി മൂവായിരം (3,000) താലന്തു പൊന്നും ഏഴായിരം (7,000) താലന്തു ശുദ്ധീകരിച്ച വെള്ളിയും കൊടുത്തു. എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്യുവാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?“ അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു പൊന്നും, പതിനായിരം (10,000) തങ്കക്കാശും, പതിനായിരം (10,000) താലന്തു വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.
1 ദിനവൃത്താന്തം 29:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ ദാവീദ് രാജാവു സർവ്വസഭയോടും പറഞ്ഞതു: ദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ. എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവെക്കു പൊന്നും വെള്ളികൊണ്ടുള്ളവെക്കു വെള്ളിയും താമ്രംകൊണ്ടുള്ളവെക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവെക്കു ഇരിമ്പും മരംകൊണ്ടുള്ളവെക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവർണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു. ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ. എന്നാൽ ഇന്നു യഹോവെക്കു കരപൂരണം ചെയ്‌വാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ? അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ് രാജാവും അത്യന്തം സന്തോഷിച്ചു.
1 ദിനവൃത്താന്തം 29:1-9 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം ദാവീദുരാജാവ് സർവസഭയോടുമായി പറഞ്ഞു: “ദൈവം തെരഞ്ഞെടുത്ത എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; അനുഭവസമ്പത്തില്ലാത്തവനുമാണ്; ജോലിയോ വളരെ ഭാരിച്ചതും. ഈ മന്ദിരം മനുഷ്യനുവേണ്ടിയല്ല; മറിച്ച് ദൈവമായ യഹോവയ്ക്കുവേണ്ടിയുള്ളതാണ്. എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ഞാൻ എന്റെ സർവവിഭവശേഷികളും ഉപയോഗിച്ച് സാധനങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്—സ്വർണപ്പണികൾക്കു സ്വർണവും വെള്ളിക്കു വെള്ളിയും വെങ്കലത്തിനു വെങ്കലവും ഇരുമ്പിന് ഇരുമ്പും മരത്തിനു മരവും അതുപോലെതന്നെ അലങ്കാരപ്പണികൾക്കുവേണ്ടി ഗോമേദകക്കല്ല്, വൈഡൂര്യം, വിവിധ വർണങ്ങളിലുള്ള കല്ലുകൾ, എല്ലാ ഇനത്തിലുമുള്ള മേൽത്തരം കല്ലുകൾ, മാർബിൾ—ഇവയെല്ലാം വളരെ വിപുലമായ അളവിൽ ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്നു. കൂടാതെ, വിശുദ്ധ ആലയത്തിനുവേണ്ടി ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്ന എല്ലാറ്റിനും ഉപരിയായി എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പ്രതിപത്തിമൂലം ഞാൻ എന്റെ പൊൻവെള്ളിഭണ്ഡാരങ്ങളും ഇതാ തരുന്നു: മൂവായിരം താലന്ത് ഓഫീർതങ്കവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും ഞാൻ തരുന്നു. ആലയഭിത്തികൾ പൊതിയുന്നതിനും സ്വർണവും വെള്ളിയുംകൊണ്ടുള്ള പണികൾ ചെയ്യിക്കുന്നതിനും, കരകൗശലവേലക്കാരുടെ എല്ലാ പണികളും നിർവഹിക്കുന്നതിനുംവേണ്ടിയാണിവ. എന്നാലിപ്പോൾ യഹോവയ്ക്കുവേണ്ടി സ്വയം സമർപ്പിക്കാൻ താത്പര്യമുള്ളവർ ആരുണ്ട്?” അപ്പോൾ കുടുംബത്തലവന്മാരും ഇസ്രായേലിലെ ഗോത്രാധിപന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവനത്തിനു ചുമതലപ്പെട്ട അധികാരികളും താത്പര്യപൂർവം ദാനങ്ങൾ ചെയ്തു. ദൈവത്തിന്റെ ആലയത്തിന്റെ പണികൾക്കായി അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്തു വെങ്കലവും ഒരുലക്ഷം താലന്ത് ഇരുമ്പും അവർ കൊടുത്തു. വിലയേറിയ രത്നക്കല്ലുകളുണ്ടായിരുന്നവർ, യഹോവയുടെ ആലയത്തിന്റെ ഭണ്ഡാരത്തിൽ ചേർക്കാൻ അവ ഗെർശോന്യനായ യെഹീയേലിന്റെ കൈവശം ഏൽപ്പിച്ചുകൊടുത്തു. നേതാക്കന്മാർ ഈ വിധം സ്വമനസ്സാലെ ദാനം ചെയ്തപ്പോൾ ജനം സന്തോഷിച്ചു. കാരണം അവർ യഹോവയ്ക്കു ദാനംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നു. ദാവീദുരാജാവും ഇതിൽ ഏറ്റവും സന്തോഷിച്ചു.