1 ദിനവൃത്താന്തം 29:1-20

1 ദിനവൃത്താന്തം 29:1-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പിന്നെ ദാവീദുരാജാവ് സർവസഭയോടും പറഞ്ഞത്: ദൈവംതന്നെ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രേ. എന്നാൽ ഞാൻ എന്റെ സർവബലത്തോടുംകൂടെ എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി പൊന്നുകൊണ്ടുള്ളവയ്ക്കു പൊന്നും വെള്ളികൊണ്ടുള്ളവയ്ക്കു വെള്ളിയും താമ്രംകൊണ്ടുള്ളവയ്ക്കു താമ്രവും ഇരുമ്പുകൊണ്ടുള്ളവയ്ക്ക് ഇരുമ്പും മരംകൊണ്ടുള്ളവയ്ക്കു മരവും, ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനാവർണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പക്ഷം നിമിത്തം വിശുദ്ധമന്ദിരത്തിനുവേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിനായി കൊടുത്തിരിക്കുന്നു. ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്ത് പൊന്നും ഏഴായിരം താലന്ത് ഊതിക്കഴിച്ച വെള്ളിയുംതന്നെ. എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്‍വാൻ മനഃപൂർവം അർപ്പിക്കുന്നവൻ ആർ? അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലയ്ക്കായിട്ട് അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവമായി കൊടുത്തതുകൊണ്ട് അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദുരാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്ത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിനും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കൈയിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്ത്വമുള്ള നാമത്തെ സ്തുതിക്കുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളൂ? സകലവും നിങ്കൽനിന്നല്ലോ വരുന്നത്; നിന്റെ കൈയിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളൂ. ഞങ്ങൾ നിന്റെ മുമ്പാകെ ഞങ്ങളുടെ സകല പിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽപോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിനായി നിനക്ക് ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കൈയിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു. എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാർഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർഥതയോടെ ഇവയെല്ലാം മനഃപൂർവമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ. എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും പണിയേണ്ടതിനായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീർപ്പാൻ ഇവയെല്ലാം നിവർത്തിക്കേണ്ടതിനും അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ. പിന്നെ ദാവീദ് സർവസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.

1 ദിനവൃത്താന്തം 29:1-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാവീദുരാജാവ് ഇസ്രായേൽസമൂഹത്തോടു പറഞ്ഞു: “എന്റെ പുത്രനായ ശലോമോനെ മാത്രമാണ് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. അവൻ ചെറുപ്പമാണ്, പരിചയസമ്പന്നനുമല്ല; ചെയ്യാനുള്ള പ്രവൃത്തിയോ, വലുത്; ആലയം മനുഷ്യനുവേണ്ടിയുള്ളതല്ല, ദൈവമായ സർവേശ്വരനു വേണ്ടിയുള്ളതാണല്ലോ. അതുകൊണ്ട് എന്റെ ദൈവത്തിന്റെ ആലയത്തിനായി എന്നാൽ കഴിയുന്നതെല്ലാം കരുതിയിട്ടുണ്ട്. അതത് ഉപകരണങ്ങൾക്കു വേണ്ട സ്വർണം, വെള്ളി, ഓട്, ഇരുമ്പ്, തടി, കൂടാതെ ധാരാളം ഗോമേദകക്കല്ലുകൾ, രത്നക്കല്ലുകൾ, അഞ്ജനക്കല്ലുകൾ, വർണക്കല്ലുകൾ, എല്ലാത്തരം അമൂല്യ രത്നങ്ങൾ, മാർബിൾ എന്നിവയും ഞാൻ ശേഖരിച്ചിട്ടുണ്ട്. വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ കരുതിയിട്ടുള്ളവയ്‍ക്കെല്ലാം പുറമേ, എന്റെ സ്വന്തമായ സ്വർണത്തിന്റെയും വെള്ളിയുടെയും ഭണ്ഡാരവും ഉണ്ട്. എന്റെ ദൈവത്തിന്റെ ഭവനത്തോട് എനിക്കുള്ള കൂറുനിമിത്തം എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി അതെല്ലാം നല്‌കിയിരിക്കുന്നു. ആലയഭിത്തികൾ വേണ്ടതുപോലെ സ്വർണംകൊണ്ടും വെള്ളികൊണ്ടും പൊതിയാനും വിദഗ്ദ്ധശില്പികളുടെ പണിത്തരങ്ങൾക്കുമായി ഓഫീറിൽനിന്നുള്ള മൂവായിരം താലന്തു സ്വർണവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും കൊടുത്തിരിക്കുന്നു. ഇനിയും ആരാണ് സർവേശ്വരനു വേണ്ടി സ്വമനസ്സാലെ കാഴ്ചയർപ്പിച്ചു സമർപ്പിതനാകുന്നത്?” തത്സമയം പിതൃഭവനത്തലവന്മാരും ഗോത്രനായകന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജകീയ പ്രവർത്തനങ്ങളുടെ മേൽനോട്ടക്കാരും സ്വമേധാദാനങ്ങൾ നല്‌കി. ദേവാലയത്തിന്റെ പണികൾക്കായി അവർ അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്ത് ഓടും ഒരു ലക്ഷം താലന്ത് ഇരുമ്പും നല്‌കി. അമൂല്യ രത്നങ്ങൾ കൈവശം ഉണ്ടായിരുന്നവർ ഗേർശോന്യനായ യെഹീയേലിന്റെ മേൽനോട്ടത്തിൽ അവ സർവേശ്വരമന്ദിരത്തിലെ ഭണ്ഡാരത്തിൽ സമർപ്പിച്ചു. അവർ പൂർണഹൃദയത്തോടെ സർവേശ്വരന് അവ സമർപ്പിച്ചതിനാൽ ദാവീദുരാജാവും ജനങ്ങളും ആഹ്ലാദിച്ചു. അപ്പോൾ സഭ മുഴുവന്റെയും മുമ്പാകെ ദാവീദ് സർവേശ്വരനെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സർവേശ്വരാ, മഹിമയും ശക്തിയും മഹത്ത്വവും വിജയവും പ്രതാപവും അങ്ങേക്കുള്ളത്; സ്വർഗത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേതാണല്ലോ. സർവേശ്വരാ, രാജത്വം അങ്ങയുടേത്. അങ്ങ് എല്ലാറ്റിനും മീതെ അധീശനായി വർത്തിക്കുന്നു. ധനവും ബഹുമതിയും അങ്ങയിൽനിന്നു വരുന്നു; അങ്ങ് എല്ലാറ്റിനും മീതെ വാഴുന്നു. ശക്തിയും പ്രതാപവും അങ്ങയുടെ കൈകളിൽ ആകുന്നു; മാഹാത്മ്യം വരുത്തുന്നതും എല്ലാറ്റിനും ശക്തി പകരുന്നതും അങ്ങാണ്. അതിനാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങളിതാ, അവിടുത്തേക്കു സ്തോത്രം അർപ്പിക്കുന്നു, അവിടുത്തെ മഹത്ത്വപൂർണമായ നാമത്തെ സ്തുതിക്കുന്നു. സ്വമനസ്സാലെ ഈ തിരുമുൽക്കാഴ്ച അർപ്പിക്കാൻ ഞാൻ ആര്? എന്റെ ജനം ആര്? സമസ്തവും അങ്ങയിൽ നിന്നുള്ളതാണല്ലോ. അങ്ങയിൽനിന്നു ലഭിച്ചത് ഞങ്ങൾ അങ്ങേക്കു നല്‌കിയിരിക്കുന്നു. ഞങ്ങളുടെ എല്ലാ പിതാക്കന്മാരെയുംപോലെ ഞങ്ങളും അങ്ങയുടെ മുമ്പിൽ പരദേശികളും തൽക്കാലവാസികളുമാണ്; ഭൂമിയിലെ ഞങ്ങളുടെ ദിവസങ്ങൾ നിഴൽപോലെ മാത്രം; ഒരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അങ്ങയുടെ വിശുദ്ധനാമത്തിൽ അങ്ങേക്ക് ഒരു ആലയം പണിയാൻ സമൃദ്ധമായി ഞങ്ങൾ ശേഖരിച്ചിട്ടുള്ളതെല്ലാം അങ്ങയുടെ കൈകളിൽനിന്നു ലഭിച്ചിട്ടുള്ളവയാണ്. എല്ലാം അങ്ങയുടേതുമാത്രം. “എന്റെ ദൈവമേ, അങ്ങ് ഹൃദയം പരിശോധിച്ച് പരമാർഥതയിൽ പ്രസാദിക്കുന്നതായി ഞാൻ അറിയുന്നു. ഹൃദയപരമാർഥതയാൽ ഇതെല്ലാം ഞാൻ മനസ്സോടെ അർപ്പിച്ചിരിക്കുന്നുവല്ലോ; ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ജനവും മനസ്സോടും ആനന്ദത്തോടും അവിടുത്തേക്കു കാഴ്ചകൾ അർപ്പിക്കുന്നതു ഞാൻ കണ്ടിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിന്റെയും ഇസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ സർവേശ്വരാ, അവിടുത്തെ ജനത്തിന്റെ ഹൃദയങ്ങളിൽ ഇത്തരം ലക്ഷ്യങ്ങളും ചിന്തകളും എന്നേക്കും നിലനിറുത്തുകയും അവരുടെ ഹൃദയങ്ങളെ അങ്ങയിലേക്കു തിരിക്കുകയും ചെയ്യണമേ. എന്റെ പുത്രനായ ശലോമോൻ അങ്ങയുടെ കല്പനകളും സാക്ഷ്യങ്ങളും അനുശാസനങ്ങളും എല്ലാം പൂർണഹൃദയത്തോടെ പാലിക്കാനും അങ്ങേക്കുള്ള മന്ദിരം ഞാൻ കരുതിയിട്ടുള്ള വിഭവങ്ങൾകൊണ്ടു പണിയാനും അവിടുത്തെ കടാക്ഷം അവനിൽ ഉണ്ടാകണമേ.” പിന്നീടു ദാവീദു സഭ മുഴുവനോടുമായി കല്പിച്ചു: “നിങ്ങളുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുവിൻ.” സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സർവേശ്വരനെ വാഴ്ത്തുകയും ആരാധിക്കുകയും രാജാവിനെ വണങ്ങുകയും ചെയ്തു.

1 ദിനവൃത്താന്തം 29:1-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം (IRVMAL)

പിന്നെ ദാവീദ്‌ രാജാവ് സർവ്വസഭയോടും പറഞ്ഞത്: “ദൈവം തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രെ. എന്നാൽ ഞാൻ എന്‍റെ സർവ്വബലത്തോടും കൂടെ എന്‍റെ ദൈവത്തിന്‍റെ ആലയത്തിനു വേണ്ടി പൊന്നു കൊണ്ടുള്ളവയ്ക്കു പൊന്നും, വെള്ളി കൊണ്ടുള്ളവയ്ക്കു വെള്ളിയും, താമ്രം കൊണ്ടുള്ളവയ്ക്കു താമ്രവും, ഇരിമ്പു കൊണ്ടുള്ളവയ്ക്കു ഇരിമ്പും, മരം കൊണ്ടുള്ളവയ്ക്കു മരവും, ഗോമേദകക്കല്ലും, പതിക്കുവാനുള്ള കല്ലും അലങ്കരിക്കുന്നതിനുള്ള കല്ലും, നാനാവർണ്ണമുള്ള കല്ലും, വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വച്ചിരിക്കുന്നു. “എന്‍റെ ദൈവത്തിന്‍റെ ആലയത്തോട് എനിക്കുള്ള താത്പര്യം നിമിത്തം വിശുദ്ധമന്ദിരത്തിനു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ, എന്‍റെ കൈവശമുള്ള പൊന്നും വെള്ളിയും ഞാൻ എന്‍റെ ദൈവത്തിന്‍റെ ആലയത്തിനായി കൊടുത്തിരിക്കുന്നു. ആലയഭിത്തികളെ, പൊന്നുകൊണ്ടു വേണ്ടത് പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടത് വെള്ളികൊണ്ടും പൊതിയുവാനും, അങ്ങനെ കരകൗശലപ്പണിക്കാരുടെ എല്ലാ പണിയ്ക്കുവേണ്ടിയും ഓഫീർപൊന്നായി മൂവായിരം (3,000) താലന്തു പൊന്നും ഏഴായിരം (7,000) താലന്തു ശുദ്ധീകരിച്ച വെള്ളിയും കൊടുത്തു. എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്യുവാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ?“ അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്‍റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്‍റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവർ അയ്യായിരം (5,000) താലന്തു പൊന്നും, പതിനായിരം (10,000) തങ്കക്കാശും, പതിനായിരം (10,000) താലന്തു വെള്ളിയും, പതിനെണ്ണായിരം (18,000) താലന്തു താമ്രവും, ഒരു ലക്ഷം (10,0000) താലന്തു ഇരുമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവയ്ക്കു കൊടുത്തത്. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയത്: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, അങ്ങ് എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും അങ്ങേക്കുള്ളത്; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും അങ്ങേയ്ക്കുള്ളതല്ലോ. യഹോവേ, രാജത്വം അങ്ങേക്കുള്ളതാകുന്നു; അങ്ങ് സകലത്തിനും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; അങ്ങ് സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും അങ്ങേയുടെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വിപുലീകരിക്കുന്നതും ശക്തീകരിക്കുന്നതും അങ്ങേയുടെ പ്രവൃത്തിയാകുന്നു. ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേയ്ക്കു സ്തോത്രം ചെയ്തു അങ്ങേയുടെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന് പ്രാപ്തരാകുവാൻ ഞാൻ ആർ? എന്‍റെ ജനവും എന്തുള്ളു? സകലവും അങ്ങിൽനിന്നല്ലോ വരുന്നത്; അങ്ങേയുടെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേയ്ക്കു തന്നതേയുള്ളു. ഞങ്ങൾ അങ്ങേയ്ക്കു മുമ്പാകെ ഞങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ വിശുദ്ധനാമത്തിനായി അങ്ങേയ്ക്ക് ഒരു ആലയം പണിയുവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം അവിടുത്തെ കയ്യിൽനിന്നുള്ളത്; സകലവും അങ്ങേക്കുള്ളതാകുന്നു. എന്‍റെ ദൈവമേ; അങ്ങ് ഹൃദയത്തെ ശോധനചെയ്ത് പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്‍റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന അങ്ങേയുടെ ജനം അങ്ങേയ്ക്ക് മനഃപൂർവ്വമായി തന്നിരിക്കുന്നത് ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, അങ്ങേയുടെ ജനത്തിന്‍റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ അങ്ങയിലേക്ക് തിരിക്കേണമേ. എന്‍റെ മകനായ ശലോമോൻ, അങ്ങേയുടെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും ഞാൻ കരുതിയിട്ടുള്ള മന്ദിരം തീർക്കുവാനും, അങ്ങനെ ഇവയെല്ലാം നിവർത്തിക്കേണ്ടതിന് അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.” പിന്നെ ദാവീദ് സർവ്വസഭയോടും: “ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ” എന്നു പറഞ്ഞു. അങ്ങനെ സഭമുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.

1 ദിനവൃത്താന്തം 29:1-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പിന്നെ ദാവീദ്‌ രാജാവു സർവ്വസഭയോടും പറഞ്ഞതു: ദൈവം തന്നേ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ മകൻ ശലോമോൻ ചെറുപ്പവും ഇളംപ്രായവും ഉള്ളവൻ; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യന്നല്ല, യഹോവയായ ദൈവത്തിന്നത്രെ. എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവെക്കു പൊന്നും വെള്ളികൊണ്ടുള്ളവെക്കു വെള്ളിയും താമ്രംകൊണ്ടുള്ളവെക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവെക്കു ഇരിമ്പും മരംകൊണ്ടുള്ളവെക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവർണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു. എന്റെ ദൈവത്തിന്റെ ആലയത്തോടു എനിക്കുള്ള പക്ഷംനിമിത്തം വിശുദ്ധമന്ദിരത്തിന്നു വേണ്ടി ഞാൻ ശേഖരിച്ചതൊക്കെയും കൂടാതെ എന്റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിന്നായി കൊടുത്തിരിക്കുന്നു. ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീർപൊന്നായി മൂവായിരം താലന്തു പൊന്നും ഏഴായിരം താലന്തു ഊതിക്കഴിച്ച വെള്ളിയും തന്നേ. എന്നാൽ ഇന്നു യഹോവെക്കു കരപൂരണം ചെയ്‌വാൻ മനഃപൂർവ്വം അർപ്പിക്കുന്നവൻ ആർ? അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂർവ്വദാനങ്ങളെ കൊണ്ടുവന്നു. ദൈവാലയത്തിന്റെ വേലെക്കായിട്ടു അവർ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരിമ്പും കൊടുത്തു. രത്നങ്ങൾ കൈവശമുള്ളവർ അവയെ ഗേർശോന്യനായ യെഹീയേൽമുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു. അങ്ങനെ ജനം മനഃപൂർവ്വമായി കൊടുത്തതുകൊണ്ടു അവർ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂർവ്വമായിട്ടായിരുന്നു അവർ യഹോവെക്കു കൊടുത്തതു. ദാവീദ്‌ രാജാവും അത്യന്തം സന്തോഷിച്ചു. പിന്നെ ദാവീദ് സർവ്വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നുംമീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു. എന്നാൽ ഞങ്ങൾ ഇങ്ങനെ ഇത്ര മനഃപൂർവ്വമായി ദാനം ചെയ്യേണ്ടതിന്നു പ്രാപ്തരാകുവാൻ ഞാൻ ആർ? എന്റെ ജനവും എന്തുള്ളു? സകലവും നിങ്കൽനിന്നല്ലോ വരുന്നതു; നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു. ഞങ്ങൾ നിന്റെ മുമ്പാകെ അങ്ങളുടെ സകലപിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽ പോലെയത്രേ; യാതൊരു സ്ഥിരതയുമില്ല. ഞങ്ങളുടെ ദൈവമായ യഹോവേ, നിന്റെ വിശുദ്ധനാമത്തിന്നായി നിനക്കു ഒരു ആലയം പണിവാൻ ഞങ്ങൾ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്റെ കയ്യിൽനിന്നുള്ളതു; സകലവും നിനക്കുള്ളതാകുന്നു. എന്റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാർത്ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാൻ അറിയുന്നു; ഞാനോ എന്റെ ഹൃദയപരമാർത്ഥതയോടെ ഇവയെല്ലാം മനഃപൂർവ്വമായി തന്നിരിക്കുന്നു; ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിന്റെ ജനം നിനക്കു മനഃപൂർവ്വമായി തന്നിരിക്കുന്നതു ഞാൻ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യിസ്രായേലിന്റെയും ദൈവമായ യഹോവേ, നിന്റെ ജനത്തിന്റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്തു അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ. എന്റെ മകനായ ശലോമോൻ നിന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിന്നു പണിയേണ്ടതിന്നായി ഞാൻ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീർപ്പാൻ ഇവയെല്ലാം നിവർത്തിക്കേണ്ടതിന്നും അവന്നു ഒരു ഏകാഗ്രഹൃദയം നല്കേണമേ. പിന്നെ ദാവീദ് സർവ്വസഭയോടും: ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിൻ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.

1 ദിനവൃത്താന്തം 29:1-20 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം ദാവീദുരാജാവ് സർവസഭയോടുമായി പറഞ്ഞു: “ദൈവം തെരഞ്ഞെടുത്ത എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; അനുഭവസമ്പത്തില്ലാത്തവനുമാണ്; ജോലിയോ വളരെ ഭാരിച്ചതും. ഈ മന്ദിരം മനുഷ്യനുവേണ്ടിയല്ല; മറിച്ച് ദൈവമായ യഹോവയ്ക്കുവേണ്ടിയുള്ളതാണ്. എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ഞാൻ എന്റെ സർവവിഭവശേഷികളും ഉപയോഗിച്ച് സാധനങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്—സ്വർണപ്പണികൾക്കു സ്വർണവും വെള്ളിക്കു വെള്ളിയും വെങ്കലത്തിനു വെങ്കലവും ഇരുമ്പിന് ഇരുമ്പും മരത്തിനു മരവും അതുപോലെതന്നെ അലങ്കാരപ്പണികൾക്കുവേണ്ടി ഗോമേദകക്കല്ല്, വൈഡൂര്യം, വിവിധ വർണങ്ങളിലുള്ള കല്ലുകൾ, എല്ലാ ഇനത്തിലുമുള്ള മേൽത്തരം കല്ലുകൾ, മാർബിൾ—ഇവയെല്ലാം വളരെ വിപുലമായ അളവിൽ ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്നു. കൂടാതെ, വിശുദ്ധ ആലയത്തിനുവേണ്ടി ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്ന എല്ലാറ്റിനും ഉപരിയായി എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പ്രതിപത്തിമൂലം ഞാൻ എന്റെ പൊൻവെള്ളിഭണ്ഡാരങ്ങളും ഇതാ തരുന്നു: മൂവായിരം താലന്ത് ഓഫീർതങ്കവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും ഞാൻ തരുന്നു. ആലയഭിത്തികൾ പൊതിയുന്നതിനും സ്വർണവും വെള്ളിയുംകൊണ്ടുള്ള പണികൾ ചെയ്യിക്കുന്നതിനും, കരകൗശലവേലക്കാരുടെ എല്ലാ പണികളും നിർവഹിക്കുന്നതിനുംവേണ്ടിയാണിവ. എന്നാലിപ്പോൾ യഹോവയ്ക്കുവേണ്ടി സ്വയം സമർപ്പിക്കാൻ താത്പര്യമുള്ളവർ ആരുണ്ട്?” അപ്പോൾ കുടുംബത്തലവന്മാരും ഇസ്രായേലിലെ ഗോത്രാധിപന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവനത്തിനു ചുമതലപ്പെട്ട അധികാരികളും താത്പര്യപൂർവം ദാനങ്ങൾ ചെയ്തു. ദൈവത്തിന്റെ ആലയത്തിന്റെ പണികൾക്കായി അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്തു വെങ്കലവും ഒരുലക്ഷം താലന്ത് ഇരുമ്പും അവർ കൊടുത്തു. വിലയേറിയ രത്നക്കല്ലുകളുണ്ടായിരുന്നവർ, യഹോവയുടെ ആലയത്തിന്റെ ഭണ്ഡാരത്തിൽ ചേർക്കാൻ അവ ഗെർശോന്യനായ യെഹീയേലിന്റെ കൈവശം ഏൽപ്പിച്ചുകൊടുത്തു. നേതാക്കന്മാർ ഈ വിധം സ്വമനസ്സാലെ ദാനം ചെയ്തപ്പോൾ ജനം സന്തോഷിച്ചു. കാരണം അവർ യഹോവയ്ക്കു ദാനംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നു. ദാവീദുരാജാവും ഇതിൽ ഏറ്റവും സന്തോഷിച്ചു. അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ! മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും യഹോവേ, അങ്ങേക്കുള്ളതാണ്. ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു. യഹോവേ, രാജ്യം അങ്ങേക്കുള്ളത്. അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു. ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ. എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ. ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു; അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു. “ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ. യഹോവേ, ഞങ്ങൾ അവിടത്തെ കണ്മുമ്പിൽ—ഞങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ—വിദേശികളും പ്രവാസികളുംമാത്രം. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ആശയറ്റ ഒരു നിഴൽപോലെമാത്രം. ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിന് ഒരു ആലയം പണിയുന്നതിനായി ഞങ്ങൾ ഇത്രമാത്രം സമൃദ്ധിയോടെ ശേഖരിച്ചിരിക്കുന്ന ഈ വകകളെല്ലാം തൃക്കരങ്ങളിൽനിന്ന് വരുന്നു, എല്ലാം അങ്ങേക്കുള്ളതുതന്നെ. എന്റെ ദൈവമേ, അങ്ങ് ഹൃദയങ്ങളെ പരിശോധിച്ചറിയുന്നു എന്നും പരമാർഥതയിൽ പ്രസാദിക്കുന്നു എന്നും ഞാനറിയുന്നു. ഇവയെല്ലാം ഞാൻ സ്വമനസ്സാ, ഹൃദയപരമാർഥതയോടെ തന്നിരിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ഈ ജനം എത്ര സന്തോഷപൂർവം അങ്ങേക്കുവേണ്ടി തന്നിരിക്കുന്നു എന്നുകണ്ടു ഞാൻ സന്തോഷിച്ചുമിരിക്കുന്നു. ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയങ്ങളിലെ ഈ വാഞ്ഛയെ എന്നെന്നേക്കും നിലനിർത്തണമേ! അവരുടെ ഹൃദയങ്ങൾ അങ്ങയോടു കൂറു പുലർത്താൻ ഇടയാക്കണമേ! ഈ ഞാൻ ആ ഗംഭീര സൗധത്തിന് ആവശ്യമായ സാമഗ്രികൾ സംഭരിച്ചിട്ടുണ്ടല്ലോ; അതു പണിയുന്നതിനും അങ്ങയുടെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുന്നതിനുംവേണ്ടി ഏകാഗ്രമായ ഒരു ഹൃദയം എന്റെ മകനായ ശലോമോനു നൽകണമേ!” അതിനുശേഷം ദാവീദ് സർവസഭയോടുമായി, “നിങ്ങളുടെ ദൈവമായ യഹോവയെ സ്തുതിക്കുവിൻ!” എന്നു പറഞ്ഞു. ജനങ്ങളെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തുകയും താണുവണങ്ങുകയും ചെയ്തു. അവർ യഹോവയുടെയും രാജാവിന്റെയും മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു.